23
1 പൗലോസ് ന്യായാധിപസമിതിയെ ഉറ്റുനോക്കിക്കൊണ്ട്, “സഹോദരന്മാരേ, ഇന്നുവരെ ഞാൻ നല്ല മനസ്സാക്ഷിയോടുകൂടെ ദൈവത്തിനുമുമ്പാകെ ജീവിച്ചു.” 2 അപ്പോൾ മഹാപുരോഹിതനായ അനന്യാസ് പൗലോസിന്റെ അടുത്തുനിൽക്കുന്നവരോട്, അദ്ദേഹത്തിന്റെ മുഖത്തടിക്കാൻ ആജ്ഞാപിച്ചു. 3 അതിന് പൗലോസ്, “വെള്ളപൂശിയ ചുമരേ, ദൈവം നിന്നെ അടിക്കും. ന്യായപ്രമാണമനുസരിച്ച് എന്നെ വിസ്തരിക്കാൻ നീ അവിടെ ഇരിക്കുന്നു; എന്നാൽ, എന്നെ അടിക്കാൻ കൽപ്പിക്കുന്നതിലൂടെ നീ ന്യായപ്രമാണം ലംഘിക്കുന്നു” എന്നു പറഞ്ഞു.
4 പൗലോസിന്റെ അടുത്തുനിന്നവർ അദ്ദേഹത്തോട്, “നീ ദൈവത്തിന്റെ മഹാപുരോഹിതനെ അധിക്ഷേപിക്കുന്നോ?” എന്നു ചോദിച്ചു.
5 “സഹോദരന്മാരേ, മഹാപുരോഹിതനാണ് ഇദ്ദേഹം എന്നു ഞാൻ അറിഞ്ഞില്ല; ‘നിന്റെ ജനത്തിന്റെ ഭരണകർത്താവിനെ നീ ദുഷിക്കരുത്’ എന്നെഴുതിയിട്ടുണ്ടല്ലോ,”* പുറ. 22:28 എന്നു പൗലോസ് മറുപടി പറഞ്ഞു.
6 ന്യായാധിപസമിതിയിൽ, ചിലർ സദൂക്യരും മറ്റുള്ളവർ പരീശന്മാരും ആണെന്ന് മനസ്സിലാക്കിയിട്ട് പൗലോസ്, “എന്റെ സഹോദരന്മാരേ, ഞാനൊരു പരീശനും പരീശന്റെ മകനുമാണ്. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചുള്ള എന്റെ പ്രത്യാശനിമിത്തമാണ് ഞാനിപ്പോൾ വിസ്തരിക്കപ്പെടുന്നത്” എന്നു വിളിച്ചുപറഞ്ഞു. 7 അദ്ദേഹം ഇതു പറഞ്ഞപ്പോൾ പരീശന്മാരും സദൂക്യരും† യെഹൂദർക്കിടയിൽ നിലനിന്നിരുന്ന രണ്ട് പ്രത്യയശാസ്ത്രങ്ങൾ. പരീശന്മാർ: ന്യായപ്രമാണത്തിലെ നിയമങ്ങൾ കർശനമായി പാലിക്കുന്നതിന് ഊന്നൽ കൊടുക്കുന്നവർ. സദൂക്യർ: ദൃശ്യമായതിൽ അപ്പുറമുള്ളവ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നവർ. ഉദാ. മരണാനന്തരജീവിതം, ദൈവദൂതന്മാർ എന്നിവ നിരാകരിക്കുന്നവർ. തമ്മിൽ അഭിപ്രായഭിന്നതയുണ്ടായി. ജനക്കൂട്ടം ചേരിതിരിഞ്ഞു. 8 പുനരുത്ഥാനം ഇല്ല, ദൈവദൂതരും ആത്മാക്കളും ഇല്ലെന്നു സദൂക്യർ പറയുന്നു, എന്നാൽ പരീശർ ഇവയിലെല്ലാം വിശ്വസിക്കുന്നു.
9 അപ്പോൾ വലിയ കോലാഹലമായി. പരീശന്മാരുടെ കൂട്ടത്തിലെ ചില വേദജ്ഞർ എഴുന്നേറ്റുനിന്നു വാദിച്ചുകൊണ്ട്, “ഞങ്ങൾ ഈ മനുഷ്യനിൽ ഒരു കുറ്റവും കാണുന്നില്ല. ഒരു ആത്മാവോ ഒരു ദൂതനോ അയാളോടു സംസാരിച്ചെന്നു വരാമല്ലോ!” അവർ പറഞ്ഞു. 10 അവരുടെ തർക്കം അക്രമാസക്തമായപ്പോൾ പൗലോസിനെ അവർ പിച്ചിച്ചീന്തിക്കളഞ്ഞേക്കുമെന്നു സൈന്യാധിപൻ ഭയപ്പെട്ടു. അയാൾ സൈന്യത്തോട് ജനക്കൂട്ടത്തിന്റെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു ബലം പ്രയോഗിച്ച് അദ്ദേഹത്തെപ്പിടിച്ചു സൈനികത്താവളത്തിലെത്തിക്കാൻ ആജ്ഞാപിച്ചു.
11 ആ രാത്രിയിൽ കർത്താവ് പൗലോസിന്റെ അടുക്കൽനിന്നുകൊണ്ട്, “ധൈര്യമായിരിക്ക, ജെറുശലേമിൽ നീ എന്നെക്കുറിച്ചു സാക്ഷ്യംവഹിച്ചതുപോലെതന്നെ റോമിലും എന്റെ സാക്ഷിയാകേണ്ടതാണ്” എന്ന് അരുളിച്ചെയ്തു.
പൗലോസിനെ വധിക്കാൻ ഗൂഢാലോചന
12 പിറ്റേന്നു പ്രഭാതമായപ്പോൾ യെഹൂദന്മാർ ഒരുമിച്ചുകൂടി ഒരു ഗൂഢാലോചന നടത്തി. പൗലോസിനെ കൊന്നുകഴിഞ്ഞിട്ടല്ലാതെ തിന്നുകയോ കുടിക്കുകയോ ഇല്ലെന്ന് അവർ ശപഥംചെയ്തു. 13 ഈ ഗൂഢാലോചനയിൽ നാൽപ്പതിലധികംപേർ പങ്കെടുത്തിരുന്നു. 14 അവർ പുരോഹിതമുഖ്യന്മാരുടെയും സമുദായനേതാക്കന്മാരുടെയും അടുക്കൽച്ചെന്ന്, “പൗലോസിനെ വധിച്ചിട്ടല്ലാതെ ഞങ്ങൾ ആഹാരം കഴിക്കുകയില്ല എന്നു ദൃഢപ്രതിജ്ഞ എടുത്തിരിക്കുകയാണ്. 15 അതുകൊണ്ട് ‘അയാളെ സംബന്ധിച്ചുള്ള വിവരങ്ങൾ കൂടുതൽ സൂക്ഷ്മമായി അന്വേഷിക്കേണ്ടതുണ്ട്’ എന്നുള്ള ഭാവത്തിൽ അയാളെ നിങ്ങളുടെമുമ്പാകെ കൊണ്ടുവരുന്നതിന് നിങ്ങളും ന്യായാധിപസമിതിയും സൈന്യാധിപനോട് അപേക്ഷിക്കണം. പൗലോസ് ഇവിടെയെത്തുന്നതിനുമുമ്പുതന്നെ അയാളെ കൊല്ലാൻ ഞങ്ങൾ ഒരുങ്ങിയിരിക്കുകയാണ്” എന്നു പറഞ്ഞു.
16 എന്നാൽ, പൗലോസിന്റെ പെങ്ങളുടെ മകൻ ഈ പതിയിരിപ്പിനെപ്പറ്റി കേട്ട്, സൈനികത്താവളത്തിൽ എത്തി ഉള്ളിൽക്കടന്ന് പൗലോസിനെ വിവരം ധരിപ്പിച്ചു.
17 അപ്പോൾ പൗലോസ് ശതാധിപന്മാരിൽ ഒരാളെ വിളിച്ച്, “ഈ യുവാവിനെ സൈന്യാധിപന്റെ അടുക്കലെത്തിക്കണം. ഇയാൾക്ക് അദ്ദേഹത്തോട് ചിലതു പറയാനുണ്ട്” എന്നു പറഞ്ഞു.
18 ശതാധിപൻ അയാളെ സൈന്യാധിപന്റെ അടുത്തു കൊണ്ടുപോയി, “തടവുകാരനായ പൗലോസ് എന്നെ വിളിപ്പിച്ച് ഈ യുവാവിനെ താങ്കളുടെ അടുത്തെത്തിക്കാൻ ആവശ്യപ്പെട്ടു. ഇയാൾക്ക് താങ്കളോട് എന്തോ പറയാനുണ്ട്” എന്നു പറഞ്ഞു.
19 സൈന്യാധിപൻ ആ യുവാവിന്റെ കൈക്കുപിടിച്ചു മാറ്റിനിർത്തി, “എന്താണ് നിനക്കു പറയാനുള്ളത്?” എന്നു രഹസ്യമായി ചോദിച്ചു.
20 “പൗലോസിനെപ്പറ്റി കൂടുതൽ സൂക്ഷ്മവിവരങ്ങൾ അന്വേഷിക്കുന്നതിനുള്ള ഭാവത്തിൽ അദ്ദേഹത്തെ നാളെ ന്യായാധിപസമിതിക്കുമുമ്പിൽ കൊണ്ടുവരണമെന്ന് അങ്ങയോടപേക്ഷിക്കാൻ യെഹൂദന്മാർതമ്മിൽ പറഞ്ഞൊത്തിരിക്കുകയാണ്. 21 അങ്ങ് അവർക്കു വഴങ്ങിക്കൊടുക്കരുത്. അവരിൽ നാൽപ്പതിലധികംപേർ അദ്ദേഹത്തിനായി പതിയിരിക്കുന്നുണ്ട്. അദ്ദേഹത്തെ കൊന്നതിനുശേഷംമാത്രമേ തിന്നുകയോ കുടിക്കുകയോ ചെയ്യുകയുള്ളൂ എന്ന് അവർ ഉഗ്രശപഥംചെയ്തിരിക്കുകയാണ്. അവരുടെ അപേക്ഷയ്ക്ക് അനുകൂലമായ മറുപടി അങ്ങയിൽനിന്നു ലഭിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് അവർ ഒരുങ്ങിയിരിക്കുന്നു” എന്ന് അയാൾ പറഞ്ഞു.
22 “നീ ഈ വിവരം എന്നെ ധരിപ്പിച്ചെന്ന് ആരോടും പറയരുത്,” എന്നു താക്കീതു കൊടുത്തിട്ട് സൈന്യാധിപൻ ആ യുവാവിനെ പറഞ്ഞയച്ചു.
പൗലോസിനെ കൈസര്യയിലേക്കു മാറ്റുന്നു
23 അതിനുശേഷം അയാൾ തന്റെ ശതാധിപന്മാരിൽ രണ്ടുപേരെ വിളിച്ച് അവരോട് ഇങ്ങനെ ആജ്ഞാപിച്ചു: “ഇന്നു രാത്രി ഒൻപതുമണിക്ക് കൈസര്യയിലേക്കു പോകാൻ ഇരുനൂറ് കാലാൾസൈനികരെയും എഴുപത് കുതിരപ്പട്ടാളത്തെയും കുന്തമേന്തുന്ന‡ ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. ഇരുനൂറ് സൈനികരെയും തയ്യാറാക്കി നിർത്തുക. 24 പൗലോസിനെ ഭരണാധികാരിയായ ഫേലിക്സിന്റെ അടുക്കൽ സുരക്ഷിതമായി എത്തിക്കാൻ അദ്ദേഹത്തിനു യാത്രചെയ്യുന്നതിനുള്ള വാഹനമൃഗങ്ങളെയും കരുതണം.”
25 അദ്ദേഹം ഭരണാധികാരിക്ക് ഇപ്രകാരം ഒരു കത്തെഴുതി:
26 അഭിവന്ദ്യനായ ഭരണാധികാരി ഫേലിക്സിന്,
ക്ലൗദ്യൊസ് ലുസിയാസിന്റെ
അഭിവാദനങ്ങൾ.
27 ഈ മനുഷ്യനെ യെഹൂദർ പിടിച്ചു വധിക്കാൻ ഭാവിക്കുകയായിരുന്നു. എന്നാൽ, അയാൾ റോമൻ പൗരൻ എന്നു മനസ്സിലാക്കിയപ്പോൾ ഞാൻ എന്റെ സൈന്യവുമായി ചെന്ന് അയാളെ രക്ഷപ്പെടുത്തി. 28 അവർ അയാളുടെമേൽ ആരോപിക്കുന്ന കുറ്റമെന്തെന്നറിയാൻ ഞാനാഗ്രഹിച്ചു; അയാളെ അവരുടെ ന്യായാധിപസമിതിക്കുമുമ്പാകെ ഞാൻ കൊണ്ടുവന്നു. 29 അവരുടെ ആരോപണങ്ങൾ, തങ്ങളുടെ ന്യായപ്രമാണസംബന്ധമായ പ്രശ്നങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളവ ആയിരുന്നു എന്നും മരണശിക്ഷയ്ക്കോ തടവിനോ അർഹമായ കുറ്റങ്ങൾ ഒന്നുമില്ല എന്നും ഞങ്ങൾ മനസ്സിലാക്കി. 30 അയാൾക്കെതിരായി ഒരു ഗൂഢാലോചന നടക്കുന്നെന്ന് എനിക്ക് അറിവു ലഭിച്ച ഉടൻതന്നെ ഞാൻ അയാളെ അങ്ങയുടെ അടുത്തേക്കയയ്ക്കുകയാണ്. അവരുടെ പരാതി അങ്ങയോടു ബോധിപ്പിക്കാൻ ഞാൻ വാദികൾക്ക് ഉത്തരവിടുകയും ചെയ്തു.
31 തങ്ങൾക്കു ലഭിച്ച കൽപ്പനയനുസരിച്ചു പടയാളികൾ പൗലോസിനെ രാത്രിയിൽ കൂട്ടിക്കൊണ്ട് അന്തിപത്രിസുവരെ എത്തിച്ചു. 32 പിറ്റേന്നു കുതിരപ്പട്ടാളത്തെ അദ്ദേഹത്തോടൊപ്പം അയച്ചിട്ട് ബാക്കി സൈനികർ അവരുടെ താവളത്തിലേക്കു മടങ്ങി. 33 കുതിരപ്പട്ടാളം കൈസര്യയിൽ എത്തി; അവർ കത്ത് ഭരണാധികാരിക്കു കൊടുത്തു; പൗലോസിനെ അദ്ദേഹത്തിന്റെമുമ്പിൽ ഹാജരാക്കി. 34 ഭരണാധികാരി എഴുത്തു വായിച്ചിട്ട്, അദ്ദേഹം ഏതു പ്രവിശ്യയിൽനിന്നുള്ളവനാണ് എന്നു ചോദിച്ചു. കിലിക്യക്കാരനാണെന്നു മനസ്സിലാക്കിയിട്ട്, 35 “വാദികളുംകൂടെ വന്നതിനുശേഷം ഞാൻ നിന്നെ വിസ്തരിക്കാം” എന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് പൗലോസിനെ ഹെരോദാവിന്റെ കൊട്ടാരത്തിൽ കാവലിൽ സൂക്ഷിക്കാൻ അദ്ദേഹം ഉത്തരവിട്ടു.
*23:5 പുറ. 22:28
†23:7 യെഹൂദർക്കിടയിൽ നിലനിന്നിരുന്ന രണ്ട് പ്രത്യയശാസ്ത്രങ്ങൾ. പരീശന്മാർ: ന്യായപ്രമാണത്തിലെ നിയമങ്ങൾ കർശനമായി പാലിക്കുന്നതിന് ഊന്നൽ കൊടുക്കുന്നവർ. സദൂക്യർ: ദൃശ്യമായതിൽ അപ്പുറമുള്ളവ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നവർ. ഉദാ. മരണാനന്തരജീവിതം, ദൈവദൂതന്മാർ എന്നിവ നിരാകരിക്കുന്നവർ.
‡23:23 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല.