22
1 “സഹോദരന്മാരേ, പിതാക്കന്മാരേ, എന്റെ പ്രതിവാദം കേൾക്കുക.”
2 പൗലോസ് എബ്രായരുടെ ഭാഷയിൽ അവരെ അഭിസംബോധന ചെയ്തതു കേട്ടപ്പോൾ ജനം വളരെ ശാന്തരായി.
അദ്ദേഹം ഇങ്ങനെ തുടർന്നു: 3 “കിലിക്യാപ്രവിശ്യയിൽ തർസൊസിൽ ജനിച്ച ഒരു യെഹൂദനാണു ഞാൻ. എന്നാൽ, വളർന്നത് ഈ നഗരത്തിലാണ്. ഗമാലിയേലിന്റെ കീഴിൽ നമ്മുടെ പിതാക്കന്മാരുടെ ന്യായപ്രമാണം സംബന്ധിച്ച് എനിക്ക് സമഗ്രമായ ശിക്ഷണം ലഭിച്ചു. ഇന്നു നിങ്ങളിൽ ഏതൊരാളും ആയിരിക്കുന്നതുപോലെതന്നെ ഞാനും ദൈവത്തിനുവേണ്ടി വളരെ തീക്ഷ്ണതയുള്ളവനായിരുന്നു. 4 ക്രിസ്തുമാർഗത്തെ നശിപ്പിച്ച് ഇല്ലാതെയാക്കാനായി ഞാൻ സ്ത്രീപുരുഷവ്യത്യാസംകൂടാതെ എല്ലാവരെയും പിടികൂടി കാരാഗൃഹത്തിലടയ്ക്കുകയും അവർ മരിച്ചാലും സാരമില്ല എന്ന മനോഭാവത്തോടെ പീഡിപ്പിക്കുകയും ചെയ്തു. 5 ഇതിനെല്ലാം മഹാപുരോഹിതനും ന്യായാധിപസമിതിയിലെ എല്ലാവരും സാക്ഷികളാണ്. ദമസ്കോസിലുള്ള അവരുടെ സഹോദരന്മാരുടെപേർക്ക് അവരിൽനിന്ന് അധികാരപത്രങ്ങളും വാങ്ങി, അവിടെനിന്ന് ഈ മാർഗക്കാരെ തടവുകാരാക്കി ജെറുശലേമിൽ കൊണ്ടുവന്ന് ശിക്ഷിക്കാനായി ഞാൻ അവിടേക്കുപോയി.
6 “അങ്ങനെ യാത്രചെയ്തു ദമസ്കോസ് പട്ടണത്തിനടുത്തെത്തിയപ്പോൾ, ഏകദേശം നട്ടുച്ചനേരത്ത് ആകാശത്തുനിന്ന് അത്യുജ്ജ്വലമായ ഒരു പ്രകാശം പെട്ടെന്ന് എന്റെ ചുറ്റും മിന്നി. 7 ഞാൻ നിലത്തുവീണു. ‘ശൗലേ, ശൗലേ, നീ എന്നെ പീഡിപ്പിക്കുന്നതെന്തിന്?’ എന്ന് എന്നോടു ചോദിക്കുന്ന ഒരു അശരീരി ഞാൻ കേട്ടു.
8 “ ‘അങ്ങ് ആരാകുന്നു കർത്താവേ?’ എന്നു ഞാൻ ചോദിച്ചു.
“ ‘നീ ഉപദ്രവിക്കുന്ന നസറായനായ യേശുവാണു ഞാൻ’ അവിടന്ന് ഉത്തരം പറഞ്ഞു. 9 എന്റെ കൂടെയുള്ളവർ പ്രകാശം കണ്ടുവെങ്കിലും എന്നോടു സംസാരിച്ചയാളിന്റെ ശബ്ദം കേട്ടില്ല.
10 “ ‘കർത്താവേ, ഞാൻ എന്തു ചെയ്യണം’ എന്നു ചോദിച്ചു.
“അതിനു കർത്താവ് എന്നോട്, ‘എഴുന്നേറ്റു ദമസ്കോസിലേക്കു പോകുക, നീ ചെയ്യേണ്ടതെല്ലാം അവിടെവെച്ചു നിന്നോടു പറയും’ എന്നു പറഞ്ഞു. 11 ആ പ്രകാശത്തിന്റെ തേജസ്സ് എനിക്ക് അന്ധത വരുത്തിയിരുന്നതുകൊണ്ട് എന്റെ സഹയാത്രികർ എന്നെ കൈക്കുപിടിച്ചു ദമസ്കോസിലേക്കു നടത്തി.
12 “അനന്യാസ് എന്നു പേരുള്ള ഒരാൾ എന്നെ കാണാനെത്തി. അദ്ദേഹം ഭക്തിയോടെ ന്യായപ്രമാണം പാലിക്കുന്നവനും ആ സ്ഥലത്തു താമസിച്ചിരുന്ന എല്ലാ യെഹൂദരാലും ആദരിക്കപ്പെടുന്നവനുമായിരുന്നു. 13 അദ്ദേഹം എന്റെ അടുക്കൽനിന്നുകൊണ്ട്, ‘ശൗലേ, സഹോദരാ, കാഴ്ച പ്രാപിക്കുക’ എന്നു പറഞ്ഞു. ഉടൻതന്നെ എനിക്കു കാഴ്ച ലഭിച്ചു; അദ്ദേഹത്തെ കാണാൻ കഴിഞ്ഞു.
14 “പിന്നെ അദ്ദേഹം എന്നോട് ഇപ്രകാരം പറഞ്ഞു: ‘നമ്മുടെ പൂർവികരുടെ ദൈവം, അവിടത്തെ ഇഷ്ടം അറിയാനും നീതിമാനായവനെ ദർശിക്കാനും തിരുവായിൽനിന്നുള്ള വചനങ്ങൾ കേൾക്കാനും നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. 15 നീ കാണുകയും കേൾക്കുകയും ചെയ്തിരിക്കുന്നതിനെക്കുറിച്ച്, നീ സകലമനുഷ്യർക്കും മുമ്പാകെ അവിടത്തെ സാക്ഷിയായിത്തീരും. 16 ഇനി താമസിക്കുന്നതെന്തിന്? എഴുന്നേറ്റ് സ്നാനമേൽക്കുക. തിരുനാമം വിളിച്ചപേക്ഷിച്ച്, നിന്റെ പാപങ്ങൾ കഴുകിക്കളയുക.’
17 “ഞാൻ ജെറുശലേമിൽ തിരിച്ചെത്തി ദൈവാലയത്തിൽ പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ ആത്മവിവശതയിലായി; എന്നോടു സംസാരിക്കുന്ന കർത്താവിനെ ഞാൻ കണ്ടു. 18 അവിടന്ന് എന്നോട്: ‘നീ ഉടൻതന്നെ ജെറുശലേം വിട്ടുപോകുക; എന്നെക്കുറിച്ചുള്ള നിന്റെ സാക്ഷ്യം അവർ അംഗീകരിക്കുകയില്ല’ എന്നു പറഞ്ഞു.
19 “അതിനു ഞാൻ, ‘കർത്താവേ, ഞാൻ യെഹൂദപ്പള്ളികൾതോറും ചെന്ന്, അങ്ങയിൽ വിശ്വസിക്കുന്നവരെ തടവിലാക്കുകയും അടിക്കുകയും ചെയ്തുവെന്ന് ഇവർക്കു നന്നായി അറിയാം. 20 അങ്ങേക്കുവേണ്ടി രക്തസാക്ഷിയായ സ്തെഫാനൊസിന്റെ രക്തം ചൊരിയുന്ന സമയത്ത്, ഞാൻ അതിന് അനുമതി നൽകിക്കൊണ്ട് അദ്ദേഹത്തെ കല്ലെറിയുന്നവരുടെ വസ്ത്രം സൂക്ഷിച്ചുകൊണ്ട് അവിടെ നിൽക്കുകയായിരുന്നു’ എന്നു മറുപടി പറഞ്ഞു.
21 “കർത്താവ് എന്നോട്, ‘നീ പോകുക, ഞാൻ നിന്നെ ദൂരെ യെഹൂദേതരരുടെ അടുത്തേക്കയയ്ക്കും’ എന്ന് അരുളിച്ചെയ്തു.”
പൗലോസ് എന്ന റോമൻ പൗരൻ
22 ഇതു പറയുന്നതുവരെ ജനക്കൂട്ടം പൗലോസിന്റെ വാക്കുകൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു. പിന്നെ, അവർ അത്യുച്ചത്തിൽ, “ഇവനെ ഭൂമിയിൽനിന്നു നീക്കിക്കളയുക, ഇവൻ ജീവിച്ചിരിക്കാൻ യോഗ്യനല്ല” എന്നു വിളിച്ചുപറഞ്ഞു.
23 അവർ ഒച്ചപ്പാടുണ്ടാക്കുകയും പുറങ്കുപ്പായം ഊരി എറിഞ്ഞുകളയുകയും പൂഴി വാരി മേൽപ്പോട്ടെറിയുകയും ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ, 24 സൈന്യാധിപൻ പൗലോസിനെ സൈനികത്താവളത്തിലേക്കു കൊണ്ടുപോകാൻ ആജ്ഞാപിച്ചു. ജനങ്ങൾ അദ്ദേഹത്തിനെതിരേ എന്തുകൊണ്ട് ഇങ്ങനെ വിളിച്ചുകൂവുന്നു എന്നു കണ്ടുപിടിക്കുന്നതിന് അദ്ദേഹത്തെ ചമ്മട്ടികൊണ്ടടിച്ച് ചോദ്യംചെയ്യാൻ സൈന്യാധിപൻ ഉത്തരവിട്ടു. 25 സൈനികർ അദ്ദേഹത്തെ അടിക്കാൻ പിടിച്ചുകെട്ടുമ്പോൾ, പൗലോസ് അടുത്തുനിന്നിരുന്ന ശതാധിപനോട്, “ഒരു റോമൻ പൗരനെ, കുറ്റവാളിയെന്നു തെളിയിക്കാതെ, അടിക്കുന്നതു നിയമാനുസൃതമോ?” എന്നു ചോദിച്ചു.
26 ശതാധിപൻ ഇതു കേട്ടിട്ട് സൈന്യാധിപന്റെ അടുക്കൽ ചെന്നു വിവരം ധരിപ്പിച്ചു. “അങ്ങെന്താണ് ഈ ചെയ്യാൻപോകുന്നത്? ഇയാൾ ഒരു റോമൻ പൗരനാണ്,” ശതാധിപൻ സൈന്യാധിപനോടു പറഞ്ഞു.
27 സൈന്യാധിപൻ പൗലോസിന്റെ അടുത്തെത്തി ചോദിച്ചു, “പറയൂ, താങ്കൾ ഒരു റോമൻ പൗരനോ?”
“അതേ, ഞാൻ റോമൻ പൗരനാണ്,” പൗലോസ് മറുപടി പറഞ്ഞു.
28 “ഞാൻ ഈ പൗരത്വം സമ്പാദിച്ചിരിക്കുന്നത് വലിയൊരു വിലകൊടുത്തിട്ടാണ്,” സൈന്യാധിപൻ പറഞ്ഞു.
അതിനു മറുപടിയായി പൗലോസ് പറഞ്ഞു, “എന്നാൽ ഞാനോ, ഒരു റോമൻ പൗരനായി ജനിച്ചവനാണ്.”
29 അദ്ദേഹത്തെ ചോദ്യംചെയ്യാൻ ഭാവിച്ചവർ ഉടൻതന്നെ പിൻവാങ്ങി. പൗലോസ് എന്ന റോമൻ പൗരനെയാണ് താൻ ചങ്ങലകളാൽ ബന്ധിച്ചതെന്നു മനസ്സിലാക്കിയ സൈന്യാധിപൻ പരിഭ്രാന്തനായിത്തീർന്നു.
പൗലോസ് ന്യായാധിപസമിതിക്കുമുമ്പിൽ
30 യെഹൂദർ പൗലോസിന്റെമേൽ ചുമത്തുന്ന കുറ്റത്തെക്കുറിച്ചു സൂക്ഷ്മമായി മനസ്സിലാക്കാൻ ആഗ്രഹിച്ചുകൊണ്ട്, സൈന്യാധിപൻ പിറ്റേന്ന് അദ്ദേഹത്തെ സ്വതന്ത്രനാക്കിയശേഷം പുരോഹിതമുഖ്യന്മാരും ന്യായാധിപസമിതിയും കൂടിവരാൻ ആജ്ഞാപിച്ചു. പിന്നീട് അയാൾ പൗലോസിനെ കൊണ്ടുവന്ന് അവരുടെമുമ്പിൽ നിർത്തി.