എസ്രാ
ഗ്രന്ഥകര്‍ത്താവ്
എബ്രായ പാരമ്പര്യം അനുസരിച്ചു എഴുത്തുകാരന്‍ എസ്രാ ശാസ്ത്രിയാണ്. എസ്രാ മഹാപുരോഹിതനായിരുന്ന അഹരോന്റെ (7:1-5), വംശത്തില്‍ ജനിച്ചതായത്കൊണ്ട് അദ്ദേഹം ഒരു പുരോഹിതനും ശാസ്ത്രിയുമായിരുന്നു. അദ്ദേഹത്തിന്റെ തീഷ്ണമായ ദൈവഭക്തിയും ന്യായ പ്രമാണത്തോടുള്ള അഭിനിവേശവും യിസ്രായേലിന്റെ നേതാവാക്കി തീര്‍ത്തു. അര്‍ത്ഥഹ്ശഷ്ടാവ് പേര്‍ഷ്യയുടെ ചക്രവര്‍ത്തി ആയിരുന്നകാലത്ത് പ്രവാസത്തിലിരുന്ന ഒരു വലിയ സമൂഹത്തെ എസ്രാ യെരുശലേമിലേക്ക് കൊണ്ടുവന്നു.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു. 457-440.
പ്രവാസത്തില്‍ നിന്ന് യെരുശലേമിലേക്ക് മടങ്ങിയെത്തിയതിനു ശേഷമായിരിക്കാം രചന നടന്നിരിക്കുക.
സ്വീകര്‍ത്താവ്
പ്രവാസത്തില്‍ നിന്ന് യെരുശലേമിലേക്ക് മടങ്ങിയെത്തിയ യിസ്രായേല്യര്‍ മറ്റു വായനക്കാര്‍ക്കും വേണ്ടി.
ഉദ്ദേശം
ജനത്തെ സ്വന്തനാട്ടിലേക്ക് മടക്കി കൊണ്ട് വന്നു എന്ന് മാത്രമല്ല, ആദ്ധ്യാത്മിക നവീകരണത്തിലേക്ക് നയിക്കുവാനും ദൈവം എസ്രായെ ഉപയോഗിച്ചു. ദൈവിക ശുശ്രൂഷയില്‍ അവിശ്വാസികളില്‍ നിന്നുള്ള എതിര്‍പ്പുകളും ദുഷ്ട് ശക്തികളുടെ സ്വാധീനവും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. വേണ്ട തയ്യാരെടുപ്പുകളോട് കൂടി ദൈവ വേലയെ സമീപിച്ചാല്‍ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുക എളുപ്പമായിരിക്കും. വിശ്വാസത്താല്‍ പ്രതിബന്ധങ്ങളെ നീക്കുക. നിരുത്സാഹവും ഭയവുമാണ് വ്യക്തിപരമായ ദൈവിക പദ്ധതിയുടെ നിവര്‍ത്തിക്ക് തടസ്സമായി വരുന്നത്.
പ്രമേയം
പുനസ്ഥാപനം
സംക്ഷേപം
1. ആദ്യത്തെ മടങ്ങിവരവ് സെരുബ്ബാബെലിന്റെ കാലത്ത് — 1:1-6:22
2. രണ്ടാമത്തെ മടങ്ങിവരവ് എസ്രായുടെ കാലത്ത് — 7:1-10:44
1
1 യഹോവ യിരെമ്യാ പ്രവാചകനിലൂടെ അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് പാർസിരാജാവായ കോരെശിന്റെ ഒന്നാം ആണ്ടിൽ യഹോവ കോരെശിന്റെ മനസ്സ് ഉണർത്തിയിട്ട്, അവൻ തന്റെ രാജ്യത്ത് എല്ലാടവും ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി എല്ലാവരേയും അറിയിച്ചത് എന്തെന്നാൽ 2 “പാർസിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നു: സ്വർഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളും എനിക്ക് തന്നിരിക്കുന്നു; യെഹൂദയിലെ യെരൂശലേമിൽ അവന് ഒരു ആലയം പണിവാൻ എന്നോട് കല്പിച്ചുമിരിക്കുന്നു. 3 നിങ്ങളിൽ അവന്റെ ജനമായിട്ട് ആരെങ്കിലും ഉണ്ടെങ്കിൽ അവന്റെ ദൈവം അവനോട് കൂടെ ഇരിക്കുമാറാകട്ടെ; അവൻ യെഹൂദയിലെ യെരൂശലേമിലേക്ക് യാത്ര പുറപ്പെട്ട് യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ആലയം പണിയട്ടെ; അവനല്ലോ യെരൂശലേമിലെ ദൈവം. 4 ശേഷിച്ചിരിക്കുന്നവർ പാർക്കുന്ന ഇടത്തൊക്കെയും അതത് സ്ഥലത്തിലെ സ്വദേശികൾ, പൊന്ന്, വെള്ളി, മറ്റു സാധനങ്ങൾ, കന്നുകാലി എന്നിവയാലും, യെരൂശലേമിലെ ദൈവാലയം വകെക്കായി ഔദാര്യദാനങ്ങളാലും സഹായം ചെയ്യേണം. 5 അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും പിതൃഭവനത്തലവന്മാരും, പുരോഹിതന്മാരും ലേവ്യരും, ദൈവം ഉണർത്തിയ എല്ലാവരും, യെരൂശലേമിൽ യഹോവയുടെ ആലയം പണിവാൻ പോകേണ്ടതിന് യാത്ര പുറപ്പെട്ടു. 6 അവരുടെ ചുറ്റും പാർത്തവർ ഔദാര്യദാനങ്ങൾ കൊടുത്തത് കൂടാതെ, വെള്ളിയും പൊന്നും കൊണ്ടുള്ള ഉപകരണങ്ങൾ, മറ്റു സാധനങ്ങൾ, കന്നുകാലികൾ, വിലയേറിയ വസ്തുക്കൾ എന്നിവ കൊണ്ടും അവരെ പ്രോത്സാഹിപ്പിച്ചു. 7 നെബൂഖദ്നേസർ* നെബൂഖദ്നേസർ നെബുഖദ്നേസര്‍ ബി സി 605 മുതല്‍ 562 വരെ വാണിരുന്ന ഒരു ബാബിലോന്യ രാജാവായിരുന്നു. ഈ രാജാവ് ബി സി 597 ല്‍ യെരുശലേം പിടിച്ചടക്കുകയും 586 ല്‍ ആലയം നശിപ്പിക്കുകയും അനേകരെ യഹൂദയില്‍ നിന്നും 597, 586, 582 വര്‍ഷങ്ങളില്‍ പ്രവാസത്തിലേക്ക് പിടിച്ചുകൊണ്ട് പോകുകയും ചെയ്തു. 597, 586 വര്‍ഷങ്ങളില്‍ ആലയത്തിലെ വിലയേറിയ ഉപകരണങ്ങള്‍ കൊള്ളയടിക്കുകയും ദേവന്മാരെ ആരാധിക്കുവാന്‍ ഉപയോഗിക്കുകയും ചെയ്തു. ദാനിയേല്‍ 5:1-4 നോക്കുക. യെരൂശലേമിൽനിന്ന് കൊണ്ടുപോയി തന്റെ ദേവന്മാരുടെ ക്ഷേത്രത്തിൽ വെച്ചിരുന്ന യഹോവയുടെ ആലയംവക ഉപകരണങ്ങളും കോരെശ്‌രാജാവ് പുറത്തേക്ക് എടുപ്പിച്ചു. 8 പാർസിരാജാവായ കോരെശ് ഖജനാവ് സൂക്ഷിപ്പുകാരനായ മിത്രെദാത്ത് മുഖാന്തരം അവ പുറത്തേക്ക് എടുപ്പിച്ച് യെഹൂദാപ്രഭുവായ ശേശ്ബസ്സരിന് എണ്ണിക്കൊടുപ്പിച്ചു. അവയുടെ എണ്ണം ഇത്രയായിരുന്നു: 9 പൊൻതാലം മുപ്പത്, വെള്ളിത്താലം ആയിരം, കത്തി ഇരുപത്തൊമ്പത്, പൊൻപാത്രം മുപ്പത്, 10 അതേപോലെയുള്ള വെള്ളിപ്പാത്രം നാനൂറ്റിപ്പത്ത്, മറ്റുള്ള ഉപകരണങ്ങൾ ആയിരം. 11 പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങൾ ആകെ അയ്യായിരത്തിനാനൂറ് ആയിരുന്നു; പ്രവാസികളെ ബാബേലിൽനിന്ന് യെരൂശലേമിലേക്ക് കൊണ്ടുപോകുമ്പോൾ ഇവയൊക്കെയും ശേശ്ബസ്സർ കൊണ്ടുപോയി.
*1. 7 നെബൂഖദ്നേസർ നെബുഖദ്നേസര്‍ ബി സി 605 മുതല്‍ 562 വരെ വാണിരുന്ന ഒരു ബാബിലോന്യ രാജാവായിരുന്നു. ഈ രാജാവ് ബി സി 597 ല്‍ യെരുശലേം പിടിച്ചടക്കുകയും 586 ല്‍ ആലയം നശിപ്പിക്കുകയും അനേകരെ യഹൂദയില്‍ നിന്നും 597, 586, 582 വര്‍ഷങ്ങളില്‍ പ്രവാസത്തിലേക്ക് പിടിച്ചുകൊണ്ട് പോകുകയും ചെയ്തു. 597, 586 വര്‍ഷങ്ങളില്‍ ആലയത്തിലെ വിലയേറിയ ഉപകരണങ്ങള്‍ കൊള്ളയടിക്കുകയും ദേവന്മാരെ ആരാധിക്കുവാന്‍ ഉപയോഗിക്കുകയും ചെയ്തു. ദാനിയേല്‍ 5:1-4 നോക്കുക.