സങ്കീർത്തനം 105
1 യഹോവയ്ക്കു സ്തോത്രംചെയ്യുക, അവിടത്തെ നാമം വിളിച്ചപേക്ഷിക്കുക;
അവിടത്തെ പ്രവൃത്തി ജനതകൾക്കിടയിൽ വിളംബരംചെയ്യുക.
2 അവിടത്തേക്ക് പാടുക, അവിടത്തേക്ക് സ്തോത്രഗീതങ്ങൾ ആലപിക്കുക;
അവിടത്തെ അത്ഭുതപ്രവൃത്തികൾ വർണിക്കുക.
3 അവിടത്തെ വിശുദ്ധനാമത്തിൽ അഭിമാനംകൊള്ളുക;
യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ.
4 യഹോവയെയും അവിടത്തെ ശക്തിയെയും അന്വേഷിക്കുക;
എപ്പോഴും അവിടത്തെ മുഖവും.
5-6 യഹോവയുടെ ദാസനായ അബ്രാഹാമിന്റെ സന്തതികളേ,
അവിടന്ന് തെരഞ്ഞെടുത്ത യാക്കോബിന്റെ മക്കളേ,
അവിടന്നു ചെയ്ത അത്ഭുതപ്രവൃത്തികൾ ഓർക്കുക,
അവിടത്തെ അത്ഭുതങ്ങളും ന്യായവിധികളും സ്മരിക്കുക.
7 അവിടന്ന് നമ്മുടെ ദൈവമായ യഹോവ ആകുന്നു;
അവിടത്തെ ന്യായവിധികൾ ഭൂതലത്തിലെല്ലാം ഉണ്ട്.
8 അവിടന്നു തന്റെ ഉടമ്പടി എന്നേക്കും ഓർക്കുന്നു,
അവിടത്തെ വാഗ്ദത്തം ഒരായിരം തലമുറകൾവരെയും
9 അവിടന്ന് അബ്രാഹാമിനോടു ചെയ്ത ഉടമ്പടിയും
യിസ്ഹാക്കിനോടു ചെയ്ത ശപഥവുംതന്നെ.
10 അവിടന്ന് അത് യാക്കോബിന് ഒരു പ്രമാണമായും
ഇസ്രായേലിന് ഒരു ശാശ്വത ഉടമ്പടിയായും ഉറപ്പിച്ചുനൽകി:
11 “നിങ്ങളുടെ അവകാശത്തിന്റെ ഓഹരിയായി,
ഞാൻ നിങ്ങൾക്ക് കനാൻദേശം നൽകും.”
12 അന്ന് അവർ എണ്ണത്തിൽ കുറവായിരുന്നപ്പോൾ,
ചെറിയൊരുകൂട്ടവും പ്രവാസികളും ആയിരുന്നപ്പോൾ,
13 അവർ രാഷ്ട്രങ്ങളിൽനിന്ന് രാഷ്ട്രങ്ങളിലേക്കും
ഒരു രാജ്യത്തുനിന്ന് മറ്റൊന്നിലേക്കും അലഞ്ഞുതിരിഞ്ഞു.
14 അവരെ പീഡിപ്പിക്കുന്നതിന് അവിടന്ന് ആരെയും അനുവദിച്ചില്ല;
അവർക്കുവേണ്ടി അവിടന്ന് രാജാക്കന്മാരെ ശാസിച്ചു:
15 “എന്റെ അഭിഷിക്തരെ സ്പർശിക്കരുത്;
എന്റെ പ്രവാചകർക്ക് ഒരു ദ്രോഹവും ചെയ്യരുത്.”
16 അവിടന്ന് ദേശത്ത് ക്ഷാമം വരുത്തുകയും
അവർക്ക് ഭക്ഷണം ലഭിക്കുന്നതിനുള്ള മാർഗം ഇല്ലാതാക്കുകയും ചെയ്തു;
17 അവിടന്ന് ഒരു പുരുഷനെ അവർക്കുമുമ്പായി അയച്ചു—
അടിമയായി വിൽക്കപ്പെട്ട യോസേഫിനെത്തന്നെ.
18 അവർ ചങ്ങലയാൽ അദ്ദേഹത്തിന്റെ പാദങ്ങളിൽ മുറിവേൽപ്പിച്ചു,
അദ്ദേഹത്തിന്റെ കഴുത്ത് ഇരുമ്പുപട്ടകൾക്കകത്തായിരുന്നു;
19 അദ്ദേഹത്തിന്റെ പ്രവചനം യാഥാർഥ്യമാകുന്നതുവരെ,
അതേ, യഹോവയുടെ വചനം അദ്ദേഹം സത്യവാനെന്നു തെളിയിക്കുന്നതുവരെത്തന്നെ.
20 രാജാവ് ആളയച്ച് അദ്ദേഹത്തെ മോചിപ്പിച്ചു,
ആ ജനതയുടെ ഭരണാധിപൻ അദ്ദേഹത്തെ സ്വതന്ത്രനാക്കി.
21 രാജാവ് അദ്ദേഹത്തെ തന്റെ ഭവനത്തിന്റെ അധിപതിയാക്കി,
തനിക്കുള്ള സകലസമ്പത്തിന്റെയും ഭരണാധിപനും;
22 തന്റെ പ്രഭുക്കന്മാർക്ക് യോസേഫിന്റെ ഹിതപ്രകാരം ശിക്ഷണം നൽകുന്നതിനും
തന്റെ പ്രമുഖരെ ജ്ഞാനം അഭ്യസിപ്പിക്കുന്നതിനുംതന്നെ.
23 അതിനുശേഷം ഇസ്രായേൽ ഈജിപ്റ്റിലേക്കു പ്രവേശിച്ചു;
ഹാമിന്റെ ദേശത്ത് യാക്കോബ് ഒരു പ്രവാസിയായി താമസിച്ചു.
24 യഹോവ തന്റെ ജനത്തെ അത്യധികമായി വർധിപ്പിച്ചു;
അവരെ അവരുടെ ശത്രുക്കളെക്കാളും അതിശക്തരാക്കി,
25 അവിടന്ന് അവരുടെ ഹൃദയം തന്റെ ജനത്തെ വെറുക്കുന്നതിനായി തിരിച്ചുവിട്ടു,
യഹോവയുടെ സേവകർക്കെതിരേ ഗൂഢാലോചന നടത്തുന്നതിനായിത്തന്നെ.
26 അവിടന്ന് തന്റെ ദാസനായ മോശയെ അയച്ചു,
താൻ തെരഞ്ഞെടുത്ത അഹരോനെയും.
27 അവർ ഈജിപ്റ്റുകാർക്കിടയിൽ അങ്ങയുടെ ചിഹ്നങ്ങളും
ഹാമിന്റെ ദേശത്ത് അത്ഭുതങ്ങളും പ്രവർത്തിച്ചു.
28 അവിടന്ന് ഇരുൾ അയച്ച് ദേശത്തെ അന്ധകാരമാക്കി;
അവർ അവിടത്തെ ഉത്തരവുകൾ പാലിക്കാതിരുന്നതിനാൽത്തന്നെ.
29 അവിടന്ന് അവരുടെ വെള്ളം മുഴുവനും രക്തമാക്കി;
അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു.
30 അവരുടെ ദേശത്ത് തവളകൾ തിങ്ങിനിറഞ്ഞു,
അവ ഭരണാധിപന്മാരുടെ കിടപ്പുമുറികളിൽപോലും എത്തിച്ചേർന്നു.
31 അവിടന്ന് ആജ്ഞാപിച്ചു, ഈച്ചകൾ കൂട്ടമായി വന്നണഞ്ഞു,
അവരുടെ ദേശത്തെല്ലാം പേനും പെരുകി.
32 മഴയ്ക്കുപകരമായി അവിടന്നവർക്ക് കന്മഴനൽകി,
ദേശത്തിലുടനീളം മിന്നൽപ്പിണരുകൾ വീശിയടിച്ചു;
33 അവിടന്ന് അവരുടെ മുന്തിരിവള്ളികളും അത്തിമരങ്ങളും
രാജ്യത്തുടനീളമുള്ള സകലവൃക്ഷങ്ങളും തകർത്തുകളഞ്ഞു.
34 അവിടന്ന് ഉത്തരവുനൽകി, വെട്ടുക്കിളി പറന്നുവന്നു,
പുൽച്ചാടികളുടെ എണ്ണം അസംഖ്യമായിരുന്നു;
35 അവ ദേശത്തെ പച്ചിലകൾ സകലതും തിന്നൊടുക്കി,
നിലത്തിലെ സകലവിളവും അവ തിന്നുതീർത്തു.
36 അതിനുശേഷം ദേശത്തിലെ സകല ആദ്യജാതന്മാരെയും അവിടന്ന് സംഹരിച്ചു,
അവരുടെ പൗരുഷത്തിന്റെ ആദ്യഫലങ്ങളെത്തന്നെ.
37 അവിടന്ന് ഇസ്രായേലിനെ വെള്ളിയോടും സ്വർണത്തോടുംകൂടെ പുറപ്പെടുവിച്ചു,
ഇസ്രായേൽഗോത്രങ്ങളിൽ ആരുടെയും അടിപതറിയില്ല.
38 അവർ പുറപ്പെട്ടപ്പോൾ ഈജിപ്റ്റ് ആഹ്ലാദിച്ചു;
ഇസ്രായേലിനെപ്പറ്റിയുള്ള ഭീതി അവരുടെമേൽ വീണിരുന്നതിനാൽത്തന്നെ.
39 അവർക്കുമീതേ ആവരണമായി അവിടന്ന് ഒരു മേഘത്തെ വിരിച്ചു,
രാത്രി പ്രകാശത്തിനായി അഗ്നിയും അവർക്കു നൽകി.
40 അവർ ചോദിച്ചു, അപ്പോൾ അങ്ങ് അവർക്ക് കാടപ്പക്ഷികളെ നൽകി;
ആകാശത്തുനിന്നുള്ള അപ്പംകൊണ്ട് അവരെ തൃപ്തരാക്കി.
41 അവിടന്ന് പാറയെ പിളർന്നു, വെള്ളം പൊട്ടിപ്പുറപ്പെട്ടു;
മരുഭൂമിയിലതൊരു നദിപോലെ ഒഴുകി.
42 അവിടന്ന് തന്റെ ദാസനായ അബ്രാഹാമിനു നൽകിയ
വിശുദ്ധ വാഗ്ദാനത്തെ ഓർത്തതിനാൽത്തന്നെ.
43 അവിടന്ന് തന്റെ ജനത്തെ ആനന്ദത്തോടും
തന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ ആഹ്ലാദാരവത്തോടുംകൂടെ ആനയിച്ചു.
44 അവിടന്ന് അവർക്ക് ഇതര രാഷ്ട്രങ്ങളുടെ ഭൂപ്രദേശം നൽകി,
അങ്ങനെ അന്യരുടെ അധ്വാനഫലം അവർ അവകാശമായി അനുഭവിച്ചു—
45 അവർ അവിടത്തെ പ്രമാണങ്ങൾ പാലിക്കേണ്ടതിനും
അവിടത്തെ നിയമങ്ങൾ അനുസരിക്കേണ്ടതിനുംതന്നെ.
യഹോവയെ വാഴ്ത്തുക.* മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ.