സങ്കീർത്തനം 76
ആസാഫിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം.
1 ദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു;
അവിടത്തെ നാമം ഇസ്രായേലിൽ മഹോന്നതമാണ്.
2 അവിടത്തെ കൂടാരം ശാലേമിലും
അവിടത്തെ നിവാസസ്ഥാനം സീയോനിലുമുണ്ട്.
3 അവിടെവെച്ച് അവിടന്ന് മിന്നിപ്പറക്കുന്ന അസ്ത്രങ്ങളും
യുദ്ധായുധങ്ങളായ പരിചയും വാളും തകർത്തുകളഞ്ഞു.
സേലാ.
4 അവിടന്ന് പ്രഭാപൂരിതനാണ്,
വേട്ടയാടപ്പെടുന്ന മൃഗങ്ങൾ നിറഞ്ഞ കൊടുമുടികളെക്കാൾ പ്രതാപവാൻതന്നെ.
5 പരാക്രമികൾ കൊള്ളയടിക്കപ്പെട്ടവരായി നിലംപതിച്ചിരിക്കുന്നു,
അവർ അന്തിമനിദ്രയിൽ ആണ്ടുപോയിരിക്കുന്നു;
പടയാളികളിൽ ആർക്കുംതന്നെ
തങ്ങളുടെ കൈ ഉയർത്താൻ കഴിയാതെവന്നിരിക്കുന്നു.
6 യാക്കോബിന്റെ ദൈവമേ, അവിടത്തെ ശാസനയാൽ,
കുതിരകളും രഥങ്ങളും ഗാഢനിദ്രയിലാണ്ടുപോയി.
7 ഭയപ്പെടുവാൻ യോഗ്യൻ അവിടന്നുമാത്രം.
അവിടന്ന് കോപിക്കുമ്പോൾ തിരുമുമ്പിൽ ആർ നിവർന്നുനിൽക്കും?
8 ദൈവമേ, ദേശത്തിലെ പീഡിതരെയെല്ലാം രക്ഷിക്കാൻ
സ്വർഗത്തിൽനിന്ന് വിധി പ്രസ്താവിക്കാനായി
9 അവിടന്ന് എഴുന്നേറ്റപ്പോൾത്തന്നെ
ഭൂമി ഭയന്ന് സ്തംഭിച്ചുപോയി—
സേലാ.
10 മാനവജാതിക്കെതിരേയുള്ള അവിടത്തെ ക്രോധം അങ്ങയുടെ മഹത്ത്വം വർധിപ്പിക്കുന്നു, നിശ്ചയം,
അവിടത്തെ ക്രോധം അതിജീവിക്കുന്നവർ സംയമികളായിത്തീരുന്നു.* എബ്രായഭാഷയിൽ ഈ വാക്കിന്റെ അർഥം വ്യക്തമല്ല.
11 നിന്റെ ദൈവമായ യഹോവയ്ക്ക് നേർച്ചകൾ നേരുകയും അവ നിറവേറ്റുകയും ചെയ്യുക;
അയൽദേശവാസികളായിരിക്കുന്ന എല്ലാവരും
ഭയാർഹനായ അങ്ങേക്ക് കാഴ്ചകൾ കൊണ്ടുവരട്ടെ.
12 അവിടന്ന് ഭരണാധികാരികളുടെ ആത്മാവിനെ തകർത്തുകളയുന്നു;
ഭൂമിയിലെ രാജാക്കന്മാർ അവിടത്തെ ഭയപ്പെടുന്നു.
സംഗീതസംവിധായകന്. യെദൂഥൂന്യരാഗത്തിൽ.† സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
*സങ്കീർത്തനം 76:10 എബ്രായഭാഷയിൽ ഈ വാക്കിന്റെ അർഥം വ്യക്തമല്ല.
†സങ്കീർത്തനം 76:12 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.