2
യെഹെസ്കേൽ പ്രവാചകനായി നിയോഗിക്കപ്പെടുന്നു
1 അതിനുശേഷം അവിടന്ന് എന്നോട്: “മനുഷ്യപുത്രാ,* മൂ.ഭാ. ബെൻ-ആദം എന്ന വാക്കിന് മനുഷ്യൻ എന്നർഥം. പുതിയനിയമത്തിൽ യേശുവിനു നൽകപ്പെട്ട മനുഷ്യപുത്രൻ, എന്ന പേര് ഈ വാക്യത്തെ അടിസ്ഥാനപ്പെടുത്തി ആയിരിക്കാം. അതുകൊണ്ടാണ് മനുഷ്യപുത്രൻ എന്ന പ്രയോഗം ഇവിടെ നിലനിർത്തിയിരിക്കുന്നത്. ഞാൻ നിന്നോടു സംസാരിക്കേണ്ടതിന് എഴുന്നേറ്റു നിന്റെ കാലിൽ നിവർന്നുനിൽക്കുക” എന്നു പറഞ്ഞു. 2 അവിടന്ന് എന്നോടു സംസാരിച്ചപ്പോൾ ആത്മാവ് എന്നിൽ വന്ന് എന്നെ എഴുന്നേൽപ്പിച്ചു കാലിൽ നിൽക്കുമാറാക്കി, അവിടന്ന് എന്നോടു സംസാരിക്കുന്നതും ഞാൻ കേട്ടു.
3 അവിടന്ന് ഇപ്രകാരം അരുളിച്ചെയ്തു: “മനുഷ്യപുത്രാ, എന്നോടു മത്സരിച്ച മത്സരികളായ ഇസ്രായേൽജനതയുടെ അടുക്കലേക്ക് ഞാൻ നിന്നെ അയയ്ക്കുന്നു; അവരും അവരുടെ പിതാക്കന്മാരും ഇന്നുവരെയും എന്നോട് അതിക്രമം പ്രവർത്തിച്ചിരിക്കുന്നു. 4 കഠിനഹൃദയരും ദുശ്ശാഠ്യക്കാരുമായ ആ ജനതയുടെ അടുക്കലേക്കു ഞാൻ നിന്നെ അയയ്ക്കുന്നു. ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു,’ എന്നു നീ അവരോടു പറയണം. 5 അവർ കേൾക്കുകയോ കേൾക്കാതിരിക്കുകയോ ചെയ്യട്ടെ, അവർ മത്സരികളായ ഒരു ജനതയാണല്ലോ. തങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടായിരുന്നു എന്നെങ്കിലും അവർ അറിയും. 6 നീയോ മനുഷ്യപുത്രാ, അവരെയോ അവരുടെ വാക്കുകളോ ഭയപ്പെടരുത്. മുള്ളുകളും മുൾച്ചെടികളും നിനക്കുചുറ്റും ഉണ്ടായിരുന്നാലും തേളുകളുടെ മധ്യേ നിനക്കു വസിക്കേണ്ടിവന്നാലും ഭയപ്പെടരുത്. അവർ മത്സരഗൃഹമല്ലോ; അവരുടെ വാക്കുകൾ കേട്ടു ഭ്രമിക്കുകയും ചെയ്യരുത്. 7 അവർ കേട്ടാലും ഇല്ലെങ്കിലും എന്റെ വചനങ്ങൾ നീ അവരോടു സംസാരിക്കണം, കാരണം അവർ മത്സരഗൃഹമാണല്ലോ! 8 നീയോ മനുഷ്യപുത്രാ, ഞാൻ നിന്നോടു സംസാരിക്കുന്നതു കേട്ടുകൊൾക. മത്സരമുള്ള ആ ജനത്തെപ്പോലെ നീ മത്സരിയായിരിക്കരുത്. ഞാൻ നിനക്കു തരുന്നത് നീ വായ് തുറന്നു ഭക്ഷിക്കുക.”
9 അപ്പോൾ ഞാൻ നോക്കി; ഒരു കൈ എങ്കലേക്കു നീട്ടിയിരുന്നു; അതിൽ ഒരു പുസ്തകച്ചുരുൾ ഉണ്ടായിരുന്നു. 10 അവിടന്ന് അത് എന്റെമുമ്പിൽ വിടർത്തി. അതിൽ ഇരുപുറവും വിലാപവും സങ്കടവും കഷ്ടതയും എഴുതിയിരുന്നു.
*2:1 മൂ.ഭാ. ബെൻ-ആദം എന്ന വാക്കിന് മനുഷ്യൻ എന്നർഥം. പുതിയനിയമത്തിൽ യേശുവിനു നൽകപ്പെട്ട മനുഷ്യപുത്രൻ, എന്ന പേര് ഈ വാക്യത്തെ അടിസ്ഥാനപ്പെടുത്തി ആയിരിക്കാം. അതുകൊണ്ടാണ് മനുഷ്യപുത്രൻ എന്ന പ്രയോഗം ഇവിടെ നിലനിർത്തിയിരിക്കുന്നത്.