9
ശൗലിന്റെ പരിവർത്തനം
1-2 ഈ കാലഘട്ടത്തിൽ ശൗൽ കർത്താവിന്റെ ശിഷ്യന്മാർക്കെതിരേ നിരന്തരം വധഭീഷണി മുഴക്കിക്കൊണ്ടിരുന്നു. ക്രിസ്തു “മാർഗക്കാരായ” സ്ത്രീകളെയോ പുരുഷന്മാരെയോ അവിടെക്കണ്ടാൽ അവരെ ബന്ധിച്ച് ജെറുശലേമിലേക്കു കൊണ്ടുവരാൻ ദമസ്കോസിലെ യെഹൂദപ്പള്ളികൾക്ക് അധികാരപത്രം നൽകണമെന്ന് അയാൾ മഹാപുരോഹിതന്റെ അടുക്കൽച്ചെന്ന് അഭ്യർഥിച്ചു. അങ്ങനെ അയാൾ യാത്രപുറപ്പെട്ടു ദമസ്കോസിനടുത്തെത്തിയപ്പോൾ പെട്ടെന്ന് ആകാശത്തുനിന്ന് ഒരു പ്രകാശം അയാൾക്കുചുറ്റും മിന്നി. അയാൾ നിലത്തുവീണു; “ശൗലേ, ശൗലേ, നീ എന്നെ പീഡിപ്പിക്കുന്നതെന്ത്?” എന്നു തന്നോടു ചോദിക്കുന്ന ഒരു അശരീരി കേട്ടു.
“അങ്ങ് ആരാകുന്നു കർത്താവേ?” ശൗൽ ചോദിച്ചു.
“നീ പീഡിപ്പിക്കുന്ന യേശുവാണു ഞാൻ,” അവിടന്ന് ഉത്തരം പറഞ്ഞു, “നീ എഴുന്നേറ്റു പട്ടണത്തിൽ ചെല്ലുക. എന്തു ചെയ്യണമെന്ന് അവിടെവെച്ച് ഞാൻ നിനക്കു പറഞ്ഞുതരും.”
ശൗലിനോടൊപ്പം യാത്രചെയ്തിരുന്നവർ സ്തബ്ധരായി നിന്നു. അവർ ശബ്ദം കേട്ടെങ്കിലും ആരെയും കണ്ടില്ല. ശൗൽ നിലത്തുനിന്ന് എഴുന്നേറ്റു. എന്നാൽ, കണ്ണു തുറന്നപ്പോൾ അവന് കാഴ്ച നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് കൂടെയുള്ളവർ അയാളെ കൈക്കുപിടിച്ചു ദമസ്കോസിലേക്കു നടത്തിക്കൊണ്ടുപോയി. മൂന്നുദിവസം അയാൾ അന്ധനായിരുന്നു, ആ ദിവസങ്ങളിൽ അയാൾ ഭക്ഷണപാനീയങ്ങൾ കഴിച്ചില്ല.
10 ദമസ്കോസിൽ അനന്യാസ് എന്നു പേരുള്ള ഒരു ക്രിസ്തുശിഷ്യൻ ഉണ്ടായിരുന്നു. ഒരു ദർശനത്തിൽ കർത്താവ് പ്രത്യക്ഷനായി അയാളെ വിളിച്ചു, “അനന്യാസേ.”
“അടിയൻ ഇതാ, കർത്താവേ,” അയാൾ വിളികേട്ടു.
11 കർത്താവ് അയാളോട്, “നീ എഴുന്നേറ്റ് നേർവീഥി എന്ന തെരുവിൽ യൂദായുടെ ഭവനത്തിൽചെന്ന് തർസൊസുകാരനായ ശൗലിനെ അന്വേഷിക്കുക. അയാൾ പ്രാർഥിച്ചുകൊണ്ടിരിക്കുന്നു. 12 അനന്യാസ് എന്നൊരാൾ വന്ന് തനിക്കു വീണ്ടും കാഴ്ച ലഭിക്കാൻ തന്റെമേൽ കൈകൾ വെക്കുന്നതായി അയാൾ ദർശനത്തിൽ കണ്ടിരിക്കുന്നു” എന്നു പറഞ്ഞു.
13 അതിനു മറുപടിയായി അനന്യാസ്, “കർത്താവേ, ഈ മനുഷ്യൻ ജെറുശലേമിലുള്ള അങ്ങയുടെ വിശുദ്ധർക്ക് എത്രവളരെ ദ്രോഹം ചെയ്തുവെന്നു ഞാൻ പലരിൽനിന്നും കേട്ടിരിക്കുന്നു. 14 അവിടത്തെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവരെയും പിടികൂടാൻ പുരോഹിതമുഖ്യന്മാരിൽനിന്നുള്ള അധികാരവുമായിട്ടാണ് അയാൾ ഇവിടെ എത്തിയിരിക്കുന്നത്” എന്നു പറഞ്ഞു.
15 എന്നാൽ “നീ പോകുക; ഇസ്രായേല്യരല്ലാത്തവരുടെയും അവരുടെ രാജാക്കന്മാരുടെയും ഇസ്രായേൽജനത്തിന്റെയും മുമ്പാകെ എന്റെ നാമം ഘോഷിക്കാനായി ഞാൻ തെരഞ്ഞെടുത്തിരിക്കുന്ന എന്റെ ഉപകരണമാണയാൾ. 16 എന്റെ നാമത്തിനുവേണ്ടി അയാൾ എത്രയധികം കഷ്ടം സഹിക്കാനിരിക്കയാണെന്ന് ഞാൻ അയാൾക്കു കാണിച്ചുകൊടുക്കും,” എന്ന് കർത്താവ് അനന്യാസിനോട് അരുളിച്ചെയ്തു.
17 അപ്പോൾ അനന്യാസ് ആ വീട്ടിലേക്കു പോയി. അദ്ദേഹം ശൗലിന്റെമേൽ കൈകൾ വെച്ചുകൊണ്ട്, “ശൗലേ, സഹോദരാ, നീ ഇവിടേക്കു വരുമ്പോൾ, വഴിയിൽവെച്ചു നിനക്കു പ്രത്യക്ഷനായ കർത്താവായ യേശു, നിനക്കു വീണ്ടും കാഴ്ച ലഭിക്കാനും നീ പരിശുദ്ധാത്മാവിനാൽ നിറയാനുമായി എന്നെ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു. 18 ഉടൻതന്നെ ചെതുമ്പൽപോലുള്ള ഏതോ ഒന്ന് ശൗലിന്റെ കണ്ണുകളിൽനിന്നു വീണു; അയാൾക്കു വീണ്ടും കാഴ്ചശക്തി ലഭിച്ചു. അയാൾ എഴുന്നേറ്റു സ്നാനമേൽക്കുകയും 19 ഭക്ഷണം കഴിച്ചു ക്ഷീണമകറ്റുകയും ചെയ്തു.
ശൗൽ ദമസ്കോസിലും ജെറുശലേമിലും
ശൗൽ ദമസ്കോസിലെ ശിഷ്യന്മാരോടൊപ്പം കുറെ ദിവസങ്ങൾ ചെലവഴിച്ചു. 20 ഏറെ താമസിക്കാതെ യേശു ദൈവപുത്രൻതന്നെ എന്ന് അദ്ദേഹം യെഹൂദപ്പള്ളികളിൽ പ്രസംഗിച്ചുതുടങ്ങി. 21 അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടവരെല്ലാം അത്ഭുതപ്പെട്ട്, “ജെറുശലേമിൽ ഈ നാമം വിളിച്ചപേക്ഷിക്കുന്നവർക്ക് നാശം വിതച്ച മനുഷ്യൻ ഇയാളല്ലേ? ഇയാൾ ഇവിടെ വന്നിരിക്കുന്നതുപോലും അവരെ ബന്ധിച്ചു പുരോഹിതമുഖ്യന്മാരുടെ അടുക്കൽ കൊണ്ടുപോകുന്നതിനുവേണ്ടിയല്ലേ?” എന്നു ചോദിച്ചു. 22 എന്നാൽ ശൗൽ അധികമധികം ശക്തനായി, യേശുതന്നെ ക്രിസ്തു എന്നു തെളിയിച്ചുകൊണ്ട് ദമസ്കോസിൽ താമസിക്കുന്ന യെഹൂദന്മാരെ പ്രതിവാദമില്ലാത്തവരാക്കി.
23 കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ യെഹൂദന്മാർ ശൗലിനെ വധിക്കാൻ ഗൂഢാലോചന നടത്തി. 24 അദ്ദേഹത്തെ വധിക്കാൻ അവർ രാവും പകലും നഗരകവാടങ്ങളിൽ കാവൽനിർത്തി; ശൗലിന് അവരുടെ പദ്ധതി മനസ്സിലായി. 25 എന്നാൽ, രാത്രിയിൽ ശൗലിന്റെ ശിഷ്യന്മാർ അദ്ദേഹത്തെ ഒരു കുട്ടയിലാക്കി മതിലിനു മുകളിലൂടെ പട്ടണത്തിനു പുറത്തേക്ക് ഇറക്കിവിട്ടു.
26 ജെറുശലേമിൽ എത്തിയ ശൗൽ ക്രിസ്തുശിഷ്യന്മാരോടു ചേരാൻ ശ്രമിച്ചു. എന്നാൽ, ശൗൽ ഒരു യഥാർഥ ശിഷ്യനാണെന്ന് വിശ്വസിക്കാനാകാതെ അവർ അദ്ദേഹത്തെ ഭയപ്പെട്ടു. 27 ബർന്നബാസോ അദ്ദേഹത്തെ കൂട്ടിക്കൊണ്ട് അപ്പൊസ്തലന്മാരുടെ അടുത്തെത്തി. യാത്രയ്ക്കിടയിൽ ശൗൽ കർത്താവിനെ കണ്ടതും കർത്താവ് അദ്ദേഹത്തോടു സംസാരിച്ചതും അദ്ദേഹം ദമസ്കോസിൽ യേശുവിന്റെ നാമത്തിൽ നിർഭയം പ്രസംഗിച്ചതുമെല്ലാം ബർന്നബാസ് അവരോടു വിവരിച്ചു. 28 അങ്ങനെ, ശൗൽ അവരോടുകൂടെ ചേർന്ന് കർത്താവിന്റെ നാമത്തിൽ ധൈര്യപൂർവം സംസാരിച്ചുകൊണ്ട് ജെറുശലേമിൽ യഥേഷ്ടം സഞ്ചരിച്ചു. 29 ഗ്രീക്കുഭാഷികളായ യെഹൂദരോട്* അതായത്, ഗ്രീക്കു ഭാഷയും സംസ്കാരവും സ്വീകരിച്ച യെഹൂദർ. അദ്ദേഹം സംസാരിക്കുകയും വാദപ്രതിവാദം നടത്തുകയും ചെയ്തു. എന്നാൽ അവർ, അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. 30 സഹോദരന്മാർ ഇതേപ്പറ്റി അറിഞ്ഞപ്പോൾ അദ്ദേഹത്തെ കൈസര്യവരെ കൊണ്ടുപോയി അവിടെനിന്ന് തർസൊസിലേക്ക് യാത്രയാക്കുകയും ചെയ്തു.
31 കർത്തൃഭയത്തിൽ നിലകൊണ്ട സഭ യെഹൂദ്യാ, ഗലീല, ശമര്യ എന്നിവിടങ്ങളിൽ സമാധാനം അനുഭവിച്ച് അഭിവൃദ്ധിനേടിക്കൊണ്ടിരുന്നു എന്നുമാത്രമല്ല, പരിശുദ്ധാത്മാവിന്റെ പ്രോത്സാഹനത്താൽ എണ്ണത്തിലും വർധിച്ചുകൊണ്ടിരുന്നു.
ഐനെയാസും തബീഥയും
32 പത്രോസ് ദേശത്തെല്ലായിടത്തും സഞ്ചരിക്കുമ്പോൾ, ലുദ്ദയിൽ താമസിച്ചിരുന്ന വിശുദ്ധരെയും സന്ദർശിക്കാൻപോയി. 33 അവിടെ എട്ടു വർഷമായി പക്ഷാഘാതംപിടിച്ചു കിടന്നിരുന്ന ഐനെയാസ് എന്നൊരാളെ അദ്ദേഹം കണ്ടു. 34 പത്രോസ് അയാളോട്, “ഐനെയാസേ, യേശുക്രിസ്തു നിന്നെ സൗഖ്യമാക്കുന്നു. എഴുന്നേൽക്കുക; നിന്റെ കിടക്ക ഇനി നീ തന്നെ വിരിക്കുക” എന്നു പറഞ്ഞു. ഉടൻതന്നെ ഐനെയാസ് എഴുന്നേറ്റു. 35 ലുദ്ദയിലും ശാരോനിലും താമസിച്ചിരുന്ന എല്ലാവരും അയാളെ കണ്ട് കർത്താവിലേക്കു തിരിഞ്ഞു.
36 യോപ്പയിൽ തബീഥാ എന്നു പേരുള്ള ഒരു ശിഷ്യ ഉണ്ടായിരുന്നു. ഈ പേര് ഗ്രീക്കിൽ ഡോർക്കസ് എന്നാണ്. അർഥം പേടമാൻ. അവൾ വളരെ നന്മ ചെയ്യുന്നവളും ദരിദ്രരെ സഹായിക്കുന്നവളും ആയിരുന്നു. 37 ആയിടയ്ക്ക് അവൾ രോഗബാധിതയായി മരിച്ചു; സ്നേഹിതമാർ മൃതദേഹം കുളിപ്പിച്ചു മുകൾനിലയിലെ മുറിയിൽ കിടത്തി. 38 ലുദ്ദ യോപ്പയ്ക്കു സമീപമായിരുന്നു. പത്രോസ് ലുദ്ദയിലുണ്ടെന്നു കേട്ട ശിഷ്യന്മാർ അദ്ദേഹത്തിന്റെ അടുത്തേക്ക് രണ്ടുപേരെ അയച്ചു. “എത്രയും പെട്ടെന്ന് യോപ്പവരെ വരണം!” അവർ പത്രോസിനോട് അപേക്ഷിച്ചു.
39 പത്രോസ് എഴുന്നേറ്റ് അവരോടുകൂടെ പോയി. അവിടെ എത്തിയപ്പോൾ അദ്ദേഹത്തെ അവർ മുകൾനിലയിലെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. തബീഥാ തങ്ങളോടുകൂടെ ഉണ്ടായിരുന്നപ്പോൾ തയ്ച്ച കുപ്പായങ്ങളും മറ്റു വസ്ത്രങ്ങളും പത്രോസിനെ കാണിച്ചുകൊണ്ട് വിധവകൾ അദ്ദേഹത്തിന്റെ ചുറ്റും നിന്നു വിലപിച്ചു.
40 പത്രോസ് അവരെയെല്ലാം മുറിക്കു പുറത്താക്കിയശേഷം മുട്ടിന്മേൽനിന്നു പ്രാർഥിച്ചശേഷം മരിച്ചവളുടെനേരേ തിരിഞ്ഞ്, “തബീഥേ, എഴുന്നേൽക്കുക” എന്നു പറഞ്ഞു. ഉടനെ അവൾ കണ്ണുതുറന്നു; പത്രോസിനെ കണ്ടിട്ട് എഴുന്നേറ്റിരുന്നു. 41 അദ്ദേഹം അവളെ കൈക്കുപിടിച്ച് എഴുന്നേൽപ്പിച്ചു. അതിനുശേഷം വിശ്വാസികളെ വിശേഷാൽ വിധവകളെ വിളിച്ച് അവളെ ജീവനുള്ളവളായി ഏൽപ്പിച്ചു. 42 യോപ്പയിലെല്ലായിടത്തും ഇതു പ്രസിദ്ധമായി; വളരെപ്പേർ കർത്താവിൽ വിശ്വസിച്ചു. 43 യോപ്പയിൽ ശിമോൻ എന്നു പേരുള്ള ഒരു തുകൽപ്പണിക്കാരനോടുകൂടെ പത്രോസ് കുറെനാൾ താമസിച്ചു.

*9:29 അതായത്, ഗ്രീക്കു ഭാഷയും സംസ്കാരവും സ്വീകരിച്ച യെഹൂദർ.