3
ജെറുശലേമിനെതിരേ
പീഡകരുടെയും മത്സരികളുടെയും
അശുദ്ധരുടെയും പട്ടണത്തിന് ഹാ കഷ്ടം!
അവൾ ആരെയും അനുസരിക്കുന്നില്ല,
അവൾക്കു പ്രബോധനം സ്വീകാര്യമല്ല.
അവൾ യഹോവയിൽ ആശ്രയിക്കുന്നില്ല,
അവൾ തന്റെ ദൈവത്തോട് അടുത്തുവരുന്നതുമില്ല.
അവളുടെ ഉദ്യോഗസ്ഥർ
അലറുന്ന സിംഹങ്ങൾ;
അവളുടെ അധിപന്മാർ പ്രഭാതത്തിനായി ഒന്നും ശേഷിപ്പിക്കാത്ത
സന്ധ്യാസമയത്ത് അലയുന്ന ചെന്നായ്ക്കൾ.
അവളുടെ പ്രവാചകന്മാർ താന്തോന്നികൾ,
അവർ വഞ്ചകന്മാർതന്നെ.
അവളുടെ പുരോഹിതന്മാർ മന്ദിരത്തെ അശുദ്ധമാക്കുന്നു,
അവർ ന്യായപ്രമാണത്തോട് അതിക്രമംചെയ്യുന്നു.
നീതിമാനായ യഹോവ അവളിൽ വസിക്കുന്നു;
അവിടന്ന് അനീതി ചെയ്യുന്നില്ല.
പ്രഭാതംതോറും അവിടന്ന് നീതി നടപ്പാക്കുന്നു,
ഓരോ പുതിയ ദിവസവും അവിടന്ന് അതിനു മുടക്കം വരുത്തുന്നില്ല,
എങ്കിലും നീതികെട്ടവർക്കു നാണമില്ല.
ജെറുശലേം അനുതപിക്കുന്നില്ല
“ഞാൻ രാജ്യങ്ങളെ ഛേദിച്ചുകളഞ്ഞിരിക്കുന്നു;
അവരുടെ സുരക്ഷിതകേന്ദ്രങ്ങൾ തകർത്തിരിക്കുന്നു.
ഞാൻ അവരുടെ തെരുവുകൾ ശൂന്യമാക്കി,
ആരും അവിടെ വഴിനടക്കുന്നില്ല.
അവരുടെ പട്ടണങ്ങൾ നശിച്ചിരിക്കുന്നു;
ആരും, ഒരുത്തൻപോലും ശേഷിക്കുകയില്ല.
‘നിശ്ചയമായും നീ എന്നെ ഭയപ്പെട്ട്
എന്റെ പ്രബോധനം അംഗീകരിക്കും,’
എന്നു ഞാൻ അവരെക്കുറിച്ചു ചിന്തിച്ചു.
അങ്ങനെ ചെയ്തിരുന്നെങ്കിൽ അവരുടെ വാസസ്ഥലം ശൂന്യമാകുകയില്ലായിരുന്നു,
എന്റെ യാതൊരു ശിക്ഷയും അവളുടെമേൽ വരികയുമില്ലായിരുന്നു.
എന്നിട്ടും അവരുടെ സകലദുഷ്‍പ്രവൃത്തിയിലും
അവർ ജാഗ്രതയുള്ളവരായിരുന്നു.
അതിനാൽ, എനിക്കായി കാത്തിരിക്കുക,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“ഞാൻ സാക്ഷ്യത്തിന് എഴുന്നേൽക്കുന്ന ദിവസത്തിനായിത്തന്നെ.
രാഷ്ട്രങ്ങളെയും രാജ്യങ്ങളെയും കൂട്ടിവരുത്താനും
എന്റെ ക്രോധത്തെയും
എന്റെ ഭയങ്കരകോപമെല്ലാം
അവരുടെമേൽ വർഷിക്കാനും ഞാൻ തീരുമാനിച്ചിരിക്കുന്നു.
എന്റെ തീക്ഷ്ണകോപത്തിന്റെ അഗ്നിയിൽ
സർവലോകവും ദഹിച്ചുപോകും.
ഇസ്രായേലിന്റെ ശേഷിപ്പിന്റെ പുനഃസ്ഥാപനം
“അപ്പോൾ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നതിനും
ഏകമനസ്സോടെ യഹോവയെ സേവിക്കുന്നതിനും
ഞാൻ ജനതകളുടെ അധരങ്ങൾ ശുദ്ധീകരിക്കും.
10 എന്റെ ആരാധകരും ചിതറിപ്പോയ എന്റെ ജനവും
കൂശിലെ നദിക്കപ്പുറത്തുനിന്ന്
എനിക്കു നേർച്ചകൾ കൊണ്ടുവരും.
11 നിങ്ങൾ എന്നോടു ചെയ്തിട്ടുള്ള സകല അതിക്രമങ്ങളും നിമിത്തം
ആ ദിവസത്തിൽ നിങ്ങൾ ലജ്ജിക്കേണ്ടിവരികയില്ല.
തങ്ങളുടെ അഹങ്കാരത്തിൽ സന്തോഷിക്കുന്നവരെ
ഞാൻ നിങ്ങളിൽനിന്നു നീക്കിക്കളയും.
എന്റെ വിശുദ്ധപർവതത്തിൽ
നിങ്ങൾ ഇനിയൊരിക്കലും ധാർഷ്ട്യക്കാരായിരിക്കുകയില്ല.
12 താഴ്മയും സൗമ്യതയും ഉള്ളവരായി,
യഹോവയുടെ നാമത്തിൽ ആശ്രയിക്കുന്ന
ഇസ്രായേലിന്റെ ഒരു ശേഷിപ്പിനെ
ഞാൻ നിന്റെ നടുവിൽ ശേഷിപ്പിക്കും.
13 അവർ അതിക്രമം ചെയ്യുകയില്ല;
അവർ വ്യാജം പറയുകയുമില്ല.
അവരുടെ നാവുകളിൽ
വഞ്ചനയും ഉണ്ടായിരിക്കുകയില്ല.
അവർ ഭക്ഷിച്ചു കിടന്നുറങ്ങും
ആരും അവരെ ഭയപ്പെടുത്തുകയില്ല.”
 
14 സീയോൻപുത്രീ, പാടുക,
ഇസ്രായേലേ, ഉച്ചത്തിൽ ആർത്തുവിളിക്കുക!
ജെറുശലേംപുത്രീ,
പൂർണഹൃദയത്തോടെ സന്തോഷിച്ച് ആനന്ദിക്കുക!
15 യഹോവ നിന്റെ ശിക്ഷ നീക്കിക്കളഞ്ഞിരിക്കുന്നു,
അവിടന്ന് നിന്റെ ശത്രുവിനെ പിന്തിരിപ്പിച്ചിരിക്കുന്നു.
ഇസ്രായേലിന്റെ രാജാവായ യഹോവ നിന്നോടുകൂടെയുണ്ട്;
നീ ഇനി ഒരാപത്തും ഭയപ്പെടേണ്ടതില്ല.
16 ആ ദിവസത്തിൽ
അവർ ജെറുശലേമിനോടു പറയും:
“സീയോനേ, ഭയപ്പെടേണ്ട,
നിന്റെ കരങ്ങൾ നിശ്ചലമാകേണ്ടതില്ല.
17 നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെയുണ്ട്,
അവിടന്ന് രക്ഷിക്കാൻ ശക്തൻ.
അവിടന്ന് നിന്നിൽ അധികം സന്തോഷിക്കും;
യഹോവ തന്റെ സ്നേഹത്തിൽ ഇനിയൊരിക്കലും നിന്നെ ശാസിക്കുകയില്ല,
എന്നാൽ സംഗീതത്തോടെ അവിടന്ന് നിന്നിൽ ആനന്ദിക്കും.”
 
18 “നിർദിഷ്ട പെരുന്നാളുകൾ നഷ്ടമായത്
നിങ്ങൾക്കൊരു ഭാരവും ലജ്ജയും ആണല്ലോ
അതേക്കുറിച്ച് വിലപിക്കുന്നവർ ഇനി നിങ്ങളിൽ ഉണ്ടായിരിക്കുകയില്ല.
19 നിന്നെ പീഡിപ്പിച്ച സകലരോടും
ആ കാലത്ത് ഞാൻ ഇടപെടും.
ഞാൻ മുടന്തനെ വിടുവിക്കും;
ചിതറിപ്പോയവരെ കൂട്ടിച്ചേർക്കും.
അവരെ ലജ്ജിതരാക്കിയ എല്ലാ ദേശങ്ങളിലും
ഞാൻ അവർക്കു മഹത്ത്വവും പുകഴ്ചയും നൽകും.
20 ആ കാലത്ത് ഞാൻ നിങ്ങളെ ശേഖരിക്കും;
ആ കാലത്ത് ഞാൻ നിങ്ങളെ ഭവനങ്ങളിൽ കൂട്ടിച്ചേർക്കും.
നിങ്ങളുടെ സ്വന്തം ദൃഷ്ടികൾക്കുമുമ്പിൽ
ഞാൻ നിങ്ങളുടെ പ്രവാസികളെ മടക്കിവരുത്തുമ്പോൾ,
ഭൂമിയിലെ സകലജനങ്ങളുടെയും മധ്യത്തിൽ
ഞാൻ നിങ്ങൾക്കു മഹത്ത്വവും പുകഴ്ചയും നൽകും,”
ഇത് യഹോവയുടെ അരുളപ്പാട്.