സങ്കീർത്തനം 7
ബെന്യാമീന്യനായ കൂശിന്റെ വാക്കുകൾനിമിത്തം ദാവീദ് യഹോവയ്ക്കു പാടിയ വിഭ്രമഗീതം.
1 എന്റെ ദൈവമായ യഹോവേ, അങ്ങയിൽ ഞാൻ അഭയംതേടുന്നു;
എന്നെ വേട്ടയാടുന്ന എല്ലാവരിൽനിന്നും എന്നെ രക്ഷിച്ച് മോചിപ്പിക്കണമേ,
2 അല്ലായ്കിൽ ഒരു സിംഹം കടിച്ചുകീറുന്നതുപോലെ അവരെന്നെ കീറിക്കളയുകയും
ആർക്കും മോചിപ്പിക്കാൻ കഴിയാത്തവിധം എന്നെ കഷണംകഷണമായി ചീന്തിക്കളയുകയും ചെയ്യും.
3 എന്റെ ദൈവമായ യഹോവേ, ഞാൻ ഇതു ചെയ്തിട്ടുണ്ടെങ്കിൽ
എന്റെ കൈയിൽ അതിക്രമമുണ്ടെങ്കിൽ—
4 എന്നോടു സഖ്യത്തിലിരുന്നവരോടു ഞാൻ തിന്മ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ
അകാരണമായി എന്റെ ശത്രുവിനെ കൊള്ളയിട്ടിട്ടുണ്ടെങ്കിൽ—
5 എന്റെ ശത്രു എന്നെ പിൻതുടർന്നു കീഴ്പ്പെടുത്തട്ടെ;
അവരെന്റെ ജീവൻ നിലത്തിട്ടു ചവിട്ടിമെതിക്കുകയും
എന്റെ അഭിമാനത്തെ പൂഴിയിലമർത്തുകയും ചെയ്യട്ടെ.
സേലാ.
6 യഹോവേ, കോപത്തോടെ എഴുന്നേൽക്കണമേ;
എന്റെ എതിരാളികളുടെ കോപത്തിനെതിരായി ഉണരണമേ.
എന്റെ ദൈവമേ, ഉണർന്നാലും, അവിടത്തെ വിധിനിർണയം നടപ്പാക്കിയാലും.
7 ജനതകൾ അങ്ങേക്കുചുറ്റും വന്നുചേരട്ടെ,
ഉത്തുംഗസ്ഥാനത്ത് അങ്ങ് അവർക്കുമീതേ സിംഹാസനസ്ഥൻ ആയിരിക്കുമ്പോൾത്തന്നെ.
8 യഹോവ ജനതകളെ ന്യായംവിധിക്കട്ടെ.
അത്യുന്നതനായ യഹോവേ, എന്റെ നീതിനിഷ്ഠയ്ക്കും സത്യസന്ധതയ്ക്കും
അനുസൃതമായി എന്നെ കുറ്റവിമുക്തനാക്കണമേ.
9 ദുഷ്ടരുടെ അതിക്രമങ്ങൾക്ക് അറുതിവരുത്തുകയും
നീതിനിഷ്ഠരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമേ—
നീതിമാനായ ദൈവമേ,
അങ്ങ് ഹൃദയവും മനസ്സും പരിശോധിക്കുന്നല്ലോ.
10 അത്യുന്നതനായ ദൈവം എന്റെ പരിച* അഥവാ, കർത്താവ് ആകുന്നു,
അവിടന്ന് ഹൃദയപരമാർഥികളെ രക്ഷിക്കുന്നു.
11 ദൈവം നീതിയുള്ള ന്യായാധിപതി ആകുന്നു,
അവിടന്ന് ദുഷ്ടരോട് അനുദിനം രോഷംകൊള്ളുന്നു.
12 മനുഷ്യർ പശ്ചാത്തപിക്കുന്നില്ലെങ്കിൽ,
ദൈവം† മൂ.ഭാ. അദ്ദേഹം തന്റെ വാളിനു മൂർച്ചകൂട്ടും;
അവിടന്ന് തന്റെ വില്ലുകുലച്ച് ഒരുക്കിവെക്കും.
13 അവിടന്ന് തന്റെ മാരകായുധങ്ങൾ അവർക്കെതിരേ ഒരുക്കുന്നു;
അവിടന്ന് തന്റെ തീയമ്പുകൾ സജ്ജമാക്കുന്നു.
14 ദുഷ്ടർ തിന്മ ഗർഭംധരിക്കുന്നു;
അനർഥം ഉദരത്തിൽ വഹിച്ച് വ്യാജം പ്രസവിക്കുന്നു.
15 അവർ ഒരു കുഴികുഴിച്ചുണ്ടാക്കുന്നു
അവർ കുഴിച്ച കുഴിയിൽത്തന്നെ അവർ വീഴുന്നു.
16 അവരുടെ ദ്രോഹം അവരെത്തന്നെ ചുറ്റിവരിയുന്നു;
അവരുടെ അതിക്രമം അവരുടെ തലയിൽത്തന്നെ പതിക്കുന്നു.
17 ഞാൻ യഹോവയ്ക്കു സ്തോത്രംചെയ്യും, കാരണം അവിടന്നു നീതിമാനാണ്;
അത്യുന്നതനായ യഹോവയുടെ നാമത്തിനു ഞാൻ സ്തുതിപാടും.
സംഗീതസംവിധായകന്. ഗഥ്യരാഗത്തിൽ.‡ സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
*സങ്കീർത്തനം 7:10 അഥവാ, കർത്താവ്
†സങ്കീർത്തനം 7:12 മൂ.ഭാ. അദ്ദേഹം
‡സങ്കീർത്തനം 7:17 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.