4
ഇസ്രായേൽജനത മുഴുവനും യോർദാൻ കടന്നശേഷം യഹോവ യോശുവയോടു കൽപ്പിച്ചു: “ഓരോ ഗോത്രത്തിൽനിന്നും ഓരോ ആൾവീതം പന്ത്രണ്ടു പുരുഷന്മാരെ തെരഞ്ഞെടുക്കുക. യോർദാന്റെ മധ്യത്തിൽ, പുരോഹിതന്മാരുടെ കാൽ ഉറച്ചുനിന്ന സ്ഥാനത്തുനിന്നും പന്ത്രണ്ടു കല്ലുകൾ എടുത്ത് ഇന്നു രാത്രി നിങ്ങൾ പാർക്കുന്ന സ്ഥലത്ത് കൊണ്ടുവന്നുവെക്കാൻ അവരോടു പറയുക.”
അങ്ങനെ യോശുവ ഇസ്രായേൽമക്കളുടെ ഓരോ ഗോത്രത്തിൽനിന്നും ഓരോ ആൾവീതം നിയമിച്ചിരുന്ന പന്ത്രണ്ടു പുരുഷന്മാരെ വിളിച്ച് അവരോടു പറഞ്ഞു: “യോർദാന്റെ നടുവിൽ നിങ്ങളുടെ ദൈവമായ യഹോവയുടെ പേടകത്തിന്റെ മുമ്പിലേക്കു പോകുക. ഓരോരുത്തനും ഇസ്രായേൽമക്കളുടെ ഗോത്രസംഖ്യയ്ക്കൊത്തവണ്ണം ഓരോ കല്ല് ചുമലിൽ എടുക്കണം. ഇതു നിങ്ങളുടെ ഇടയിൽ ഒരു ചിഹ്നമായിരിക്കട്ടെ. ‘ഈ കല്ലുകൾ അർഥമാക്കുന്നതെന്ത്?’ എന്നു ഭാവിയിൽ നിങ്ങളുടെ മക്കൾ ചോദിക്കുമ്പോൾ, യോർദാനിൽക്കൂടി ഒഴുകുന്ന വെള്ളം യഹോവയുടെ ഉടമ്പടിയുടെ പേടകത്തിനുമുമ്പിൽ തടയപ്പെട്ട് ഒരു ചിറപോലെനിന്ന കാര്യം അവരോടു പറയണം. അതു യോർദാൻ കടന്നപ്പോൾ, യോർദാനിലെ വെള്ളത്തിന്റെ ഒഴുക്ക് നിന്നല്ലോ. ഈ കല്ല് ഇസ്രായേൽമക്കൾക്ക് എന്നേക്കും ഒരു സ്മാരകമായിരിക്കണം.”
യോശുവ കൽപ്പിച്ചതുപോലെതന്നെ ആ പുരുഷന്മാർ ചെയ്തു. യഹോവ യോശുവയോടു കൽപ്പിച്ചതുപോലെ ഇസ്രായേൽമക്കളുടെ ഗോത്രസംഖ്യയ്ക്കൊത്തവണ്ണം പന്ത്രണ്ടു കല്ല് യോർദാന്റെ നടുവിൽനിന്ന് എടുത്ത് തങ്ങൾ താമസിച്ച സ്ഥലത്തു കൊണ്ടുപോയി വെച്ചു. യോർദാന്റെ നടുവിൽ ഉടമ്പടിയുടെ പേടകം ചുമന്ന പുരോഹിതന്മാരുടെ കാൽ നിന്ന സ്ഥലത്തും യോശുവ പന്ത്രണ്ടു കല്ലു നാട്ടി. ഇന്നുവരെയും അവ അവിടെയുണ്ട്.
10 മോശ യോശുവയോടു നിർദേശിച്ചിരുന്നതുപോലെ, യോശുവയോട് യഹോവ കൽപ്പിച്ചതൊക്കെയും ജനം ചെയ്തുതീരുന്നതുവരെ പേടകം വഹിച്ച പുരോഹിതന്മാർ യോർദാന്റെ നടുവിൽനിന്നു; ജനം വേഗത്തിൽ മറുകര കടന്നു. 11 ജനമെല്ലാം കടന്നുകഴിഞ്ഞപ്പോൾ, അവർ നോക്കിനിൽക്കെ, യഹോവയുടെ പേടകവും പുരോഹിതന്മാരും മറുകര കടന്നു. 12 മോശ നിർദേശിച്ചിരുന്നതുപോലെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പകുതിഗോത്രവും ആയുധധാരികളായി ഇസ്രായേൽമക്കൾക്കു മുമ്പായി അക്കരെ കടന്നു. 13 ആയുധധാരികളായ നാൽപ്പതിനായിരത്തോളംപേർ യഹോവയുടെമുമ്പാകെ യുദ്ധത്തിനു തയ്യാറായി യെരീഹോസമഭൂമിയിലേക്കു കടന്നു.
14 അന്ന് യഹോവ യോശുവയ്ക്ക് എല്ലാ ഇസ്രായേല്യരുടെയും ദൃഷ്ടിയിൽ ഉന്നതപദവിനൽകി; അദ്ദേഹത്തിന്റെ ആയുഷ്കാലമൊക്കെയും അവർ അദ്ദേഹത്തെ മോശയെ ബഹുമാനിച്ചതുപോലെതന്നെ ബഹുമാനിച്ചു.
15 പിന്നെ യഹോവ യോശുവയോട്, 16 “ഉടമ്പടിയുടെ പേടകം വഹിക്കുന്ന പുരോഹിതന്മാർ യോർദാനിൽനിന്ന് കയറിവരാൻ കൽപ്പിക്കുക” എന്ന് അരുളിച്ചെയ്തു.
17 “യോർദാനിൽനിന്ന് കയറിവരിക,” എന്ന് യോശുവ പുരോഹിതന്മാരോടു കൽപ്പിച്ചു.
18 അങ്ങനെ പുരോഹിതന്മാർ യഹോവയുടെ ഉടമ്പടിയുടെ പേടകവും വഹിച്ചുകൊണ്ട് നദിയിൽനിന്ന് കയറിവന്നു; അവരുടെ പാദം ഉണങ്ങിയ നിലത്തു സ്പർശിച്ചയുടൻ യോർദാനിലെ വെള്ളം പൂർവസ്ഥാനത്തേക്കു മടങ്ങി, മുമ്പിലത്തെപ്പോലെ തീരം കവിഞ്ഞൊഴുകി.
19 ഒന്നാംമാസം പത്താംതീയതി ജനം യോർദാനിൽനിന്ന് പുറപ്പെട്ട് യെരീഹോവിന്റെ കിഴക്കേ അതിരിലുള്ള ഗിൽഗാലിൽ പാളയമടിച്ചു. 20 യോർദാനിൽനിന്ന് എടുത്തുകൊണ്ടുവന്ന പന്ത്രണ്ടു കല്ലുകൾ യോശുവ ഗിൽഗാലിൽ സ്ഥാപിച്ചു. 21 യോശുവ ഇസ്രായേൽമക്കളോടു പറഞ്ഞു: “ഭാവിയിൽ നിങ്ങളുടെ പിൻഗാമികൾ അവരുടെ പിതാക്കന്മാരോട്, ‘ഈ കല്ലുകൾ അർഥമാക്കുന്നതെന്ത്?’ എന്നു ചോദിച്ചാൽ, 22 ‘ഇസ്രായേൽ ഉണങ്ങിയ നിലത്തുകൂടി യോർദാൻ കടന്നു’ എന്ന് അവരോടു പറയുക. 23 കാരണം നിങ്ങൾ മറുകര കടക്കുന്നതുവരെ നിങ്ങളുടെ ദൈവമായ യഹോവ യോർദാൻ വറ്റിച്ചുകളഞ്ഞു. മറുകര കടക്കേണ്ടതിനുവേണ്ടി നിങ്ങളുടെ ദൈവമായ യഹോവ ഒരിക്കൽ നമ്മുടെമുമ്പിൽ ചെങ്കടൽ വറ്റിച്ചുകളഞ്ഞതുപോലെ യോർദാനോടും ചെയ്തു. 24 ഭൂമിയിലെ സകലജനതകളും യഹോവയുടെ കരം ശക്തിയുള്ളതെന്നു മനസ്സിലാക്കുന്നതിനും നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ എന്നും ഭയപ്പെടേണ്ടതിനുമാണ് അവിടന്ന് ഇപ്രകാരം ചെയ്തത്.”