6
ഇയ്യോബ്
1 അപ്പോൾ ഇയ്യോബ് ഇപ്രകാരം മറുപടി പറഞ്ഞു:
2 “അയ്യോ! എന്റെ ദുഃഖം ഒന്നു തൂക്കിനോക്കിയെങ്കിൽ,
എന്റെ ദുരിതങ്ങളെല്ലാം ഒരു തുലാസിൽ വെച്ചിരുന്നെങ്കിൽ!
3 അതു സമുദ്രതീരത്തെ മണൽത്തരികളെക്കാൾ ഘനമേറിയതായിരിക്കും, നിശ്ചയം.
അതുകൊണ്ടാണ് എന്റെ വാക്കുകൾ വീണ്ടുവിചാരമില്ലാത്ത ഒന്നായിപ്പോയത്.
4 സർവശക്തന്റെ അസ്ത്രങ്ങൾ എന്റെമേൽ തറച്ചു,
അവയുടെ വിഷം എന്റെ ആത്മാവു പാനംചെയ്തു;
ദൈവത്തിന്റെ ഘോരത്വങ്ങൾ എനിക്കെതിരേ അണിനിരന്നിരിക്കുന്നു.
5 തിന്നുന്നതിനു പുല്ലുള്ളപ്പോൾ കാട്ടുകഴുത കരയുമോ?
തീറ്റി മുമ്പിലിരിക്കെ കാള മുക്കുറയിടുമോ?
6 രുചിയില്ലാത്ത ആഹാരം ഉപ്പു ചേർക്കാതെ കഴിക്കാൻ കഴിയുമോ?
മുട്ടയുടെ വെള്ളയ്ക്ക്* ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. എന്ത് രുചിയാണുള്ളത്?
7 അതു കൈകൊണ്ട് തൊടാൻപോലും ഞാൻ ഇഷ്ടപ്പെടുന്നില്ല;
അത്തരം ഭക്ഷണം എനിക്ക് മനംപിരട്ടൽ ഉണ്ടാക്കുന്നു.
8 “ഞാൻ ആശിച്ചവ എനിക്കു കിട്ടിയിരുന്നെങ്കിൽ!
എന്റെ പ്രതീക്ഷകൾ ദൈവം സാധിപ്പിച്ചുതന്നിരുന്നെങ്കിൽ!
9 എന്നെ തകർത്തുകളയാൻ ദൈവത്തിന് ഇഷ്ടംതോന്നിയെങ്കിൽ!
അവിടന്നു തന്റെ കൈനീട്ടി എന്നെ സംഹരിച്ചെങ്കിൽ നന്നായിരുന്നു.
10 അതെനിക്ക് എത്രയോ ആശ്വാസമാകുമായിരുന്നു—
പരിശുദ്ധനായവന്റെ വചനം ഞാൻ നിരസിച്ചുകളഞ്ഞില്ല എന്നോർത്ത്
വിട്ടുമാറാത്ത വേദനയിൽ ഞാൻ ആനന്ദിക്കുമായിരുന്നു.
11 “കാത്തിരിക്കേണ്ടതിന് എനിക്കു ശക്തിയെവിടെ?
എന്തിനുവേണ്ടിയാണു ഞാൻ എന്റെ ജീവിതം നീട്ടിക്കൊണ്ടുപോകേണ്ടത്?
12 എനിക്ക് കരിങ്കല്ലിന്റെ കരുത്താണോ ഉള്ളത്?
എന്റെ ശരീരം വെങ്കലംകൊണ്ടുള്ള നിർമിതിയോ?
13 എന്നെ സഹായിക്കാൻ തക്ക ശേഷി എനിക്കുണ്ടോ?
വിജയം എന്നിൽനിന്ന് ഓടിമറഞ്ഞില്ലേ?
14 “സ്നേഹിതരോട് ദയ കാട്ടാതിരിക്കുന്ന ആൾ
സർവശക്തനോടുള്ള ഭയമാണ് ഉപേക്ഷിച്ചുകളയുന്നത്.
15-16 എന്റെ സഹോദരന്മാർ ഇടയ്ക്കിടെ ഒഴുകുന്ന അരുവിപോലെയാണ്, അവർ ആശ്രയിക്കാൻ കൊള്ളാവുന്നവരല്ല.
ഉരുകുന്ന ഹിമത്താൽ കലങ്ങുമ്പോൾ
അലിയുന്ന മഞ്ഞിനാൽ കവിയുമ്പോൾ
കരകവിഞ്ഞൊഴുകുന്ന നീരൊഴുക്കുപോലെയാണ് അവർ;
17 എന്നാൽ വേനൽക്കാലത്ത് ഒഴുക്കു നിലച്ച്,
ഉഷ്ണത്തിൽ അവയുടെ ചാലുകളിൽനിന്ന് അവ അദൃശ്യമായിപ്പോകുന്നു.
18 വ്യാപാരസംഘങ്ങൾ അവയുടെ സഞ്ചാരപഥം വിട്ടു തിരിയുന്നു;
അവർ ഊഷരഭൂമിയിലേക്കു തിരിഞ്ഞ് നശിച്ചുപോകുന്നു.
19 തേമായിലെ വ്യാപാരസംഘങ്ങൾ ഈ വെള്ളം തേടിച്ചെല്ലുന്നു;
ശേബയിലെ വ്യാപാരികൾ അവയ്ക്കായി പ്രതീക്ഷയോടെ നോക്കുന്നു.
20 തങ്ങൾ വിശ്വാസമർപ്പിച്ചവയെപ്പറ്റി അവർക്കു നിരാശതോന്നുന്നു;
അവർ അവിടെയെത്തി ലജ്ജിതരാകുന്നു.
21 ഇപ്പോൾ നിങ്ങൾ ഒന്നിനും ഉപകരിക്കാത്തവരെന്നു തെളിയിച്ചിരിക്കുന്നു;
ഭീകരമായതെന്തോ കണ്ട് നിങ്ങൾ ഭ്രമിച്ചിരിക്കുന്നു.
22 ‘എനിക്ക് എന്തെങ്കിലും നൽകൂ എന്നോ
നിങ്ങളുടെ ധനത്തിൽനിന്ന് എനിക്കുവേണ്ടി മോചനദ്രവ്യം അടയ്‌ക്കൂ എന്നോ ഞാൻ പറഞ്ഞുവോ?
23 ശത്രുവിന്റെ കൈയിൽനിന്ന് എന്നെ വിടുവിക്കണമെന്നോ
മർദകരുടെ ഇടയിൽനിന്ന് എന്നെ മോചിപ്പിക്കണമെന്നോ ഞാൻ ആവശ്യപ്പെട്ടോ?’
24 “എന്നെ ഉപദേശിക്കുക; ഞാൻ മിണ്ടാതിരിക്കാം;
എവിടെയാണ് എനിക്കു വീഴ്ചപറ്റിയതെന്ന് ചൂണ്ടിക്കാണിക്കുക.
25 സത്യസന്ധമായ വാക്കുകൾ എത്ര വേദനാജനകം!
എന്നാൽ നിങ്ങൾ എന്താണ് വാദിച്ചു തെളിയിക്കാൻ തുനിയുന്നത്?
26 എന്റെ വാക്കുകളെ തിരുത്താനാണോ നിങ്ങൾ തുനിയുന്നത്?
നിസ്സഹായന്റെ വാക്കുകളെ കാറ്റിനു തുല്യമാണോ പരിഗണിക്കുന്നത്.
27 അനാഥരെപ്പോലും നിങ്ങൾ നറുക്കിട്ടു വിൽക്കുന്നു;
നിങ്ങളുടെ സ്നേഹിതരെപ്പോലും നിങ്ങൾ മാറ്റക്കച്ചവടംചെയ്യുന്നു.
28 “ഇപ്പോൾ എന്നെ കരുണയോടെ നോക്കുക;
നിങ്ങളുടെ മുഖത്തുനോക്കി ഞാൻ വ്യാജം പറയുമോ?
29 മതിയാക്കുക, അന്യായം പ്രവർത്തിക്കരുതേ;
പുനർവിചിന്തനം ചെയ്താലും, എന്റെ സത്യസന്ധതയാണ് ചോദ്യംചെയ്യപ്പെടുന്നത്.
30 എന്റെ നാവിൽ ഏതെങ്കിലും ദുഷ്ടത കാണുന്നുണ്ടോ?
എന്റെ വായ്ക്കു വിപത്തിനെ തിരിച്ചറിയാൻ കഴിവില്ലേ?