49
യാക്കോബ് പുത്രന്മാരെ അനുഗ്രഹിക്കുന്നു
ഇതിനുശേഷം യാക്കോബ് തന്റെ പുത്രന്മാരെ വിളിച്ച് അവരോടു പറഞ്ഞത്: “എന്റെ ചുറ്റും കൂടിനിൽക്കുക; ഭാവിയിൽ നിങ്ങൾക്ക് എന്തു സംഭവിക്കുമെന്നു ഞാൻ പറഞ്ഞുതരാം.
“യാക്കോബിന്റെ പുത്രന്മാരേ, കൂടിവന്നു ശ്രദ്ധിക്കുക;
നിങ്ങളുടെ പിതാവായ ഇസ്രായേലിന്റെ വാക്കുകൾ ശ്രദ്ധിച്ചുകേൾക്കുക.
 
“രൂബേൻ എന്റെ ശക്തിയും
എന്റെ പൗരുഷത്തിന്റെ ആദ്യഫലവും ആഭിജാത്യത്തിന്റെ വൈശിഷ്ട്യവും
വീര്യത്തിന്റെ മഹിമയുംതന്നെ.
വെള്ളംപോലെ ഇളകിമറിയുന്നവനേ, നീ ശ്രേഷ്ഠനാകുകയില്ല.
നിന്റെ പിതാവിന്റെ കിടക്കമേൽ നീ കയറി,
എന്റെ ശയ്യയെ നീ അശുദ്ധമാക്കിയല്ലോ.
 
“ശിമെയോനും ലേവിയും സഹോദരങ്ങൾ;
അവരുടെ വാളുകൾ* ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. ഹിംസയുടെ ആയുധങ്ങൾ.
എന്റെ ഉള്ളം അവരുടെ ആലോചനയിൽ കൂടാതിരിക്കട്ടെ.
എന്റെ ഹൃദയം അവരുടെ കൂട്ടത്തിൽ ചേരാതിരിക്കട്ടെ.
തങ്ങളുടെ ക്രോധത്തിൽ അവർ മനുഷ്യരെ കൊന്നു;
ക്രൂരതയിൽ അവർ കാളകളുടെ കുതിഞരമ്പു വെട്ടി.
അവരുടെ ഉഗ്രകോപവും കഠിനരോഷവും ശപിക്കപ്പെടട്ടെ. അതെത്ര ഉഗ്രം!
അവരുടെ ക്രോധം, അതെത്ര ക്രൂരം!
അവരെ ഞാൻ യാക്കോബിൽ വിഭജിക്കുകയും
ഇസ്രായേലിൽ ചിതറിക്കുകയും ചെയ്യും.
 
“യെഹൂദയേ, നിന്റെ സഹോദരന്മാർ നിന്നെ പുകഴ്ത്തും;
നിന്റെ കൈ നിന്റെ ശത്രുക്കളുടെ കഴുത്തിന്മേൽ ഇരിക്കും;
നിന്റെ പിതാവിന്റെ പുത്രന്മാർ നിന്നെ നമിക്കും.
യെഹൂദാ, ഒരു സിംഹക്കുട്ടി;
എന്റെ മകനേ, നീ ഇരയുടെ അടുക്കൽനിന്ന് മടങ്ങുന്നു,
സിംഹത്തെപ്പോലെ അവൻ കുനിഞ്ഞു പതുങ്ങിക്കിടക്കുന്നു.
സിംഹിയെപ്പോലെ കിടക്കുന്ന അവനെ ഉണർത്താൻ ആരാണു മുതിരുക?
10 അവകാശി ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. വരികയും ജനതകൾ അവിടത്തെ ആജ്ഞാനുവർത്തികൾ
ആയിത്തീരുകയും ചെയ്യുന്നതുവരെ
ചെങ്കോൽ യെഹൂദയിൽനിന്നും
അധികാരദണ്ഡ് അവന്റെ പാദങ്ങൾക്കിടയിൽനിന്നും അഥവാ, പിൻഗാമികളിൽനിന്നും മാറിപ്പോകുകയില്ല.
11 അവൻ മുന്തിരിവള്ളിയിൽ തന്റെ കഴുതയെയും
വിശിഷ്ടമുന്തിരിവള്ളിയിൽ തന്റെ കഴുതക്കുട്ടിയെയും കെട്ടും.
അവൻ തന്റെ വസ്ത്രങ്ങൾ വീഞ്ഞിലും
അങ്കികൾ ദ്രാക്ഷാരസത്തിലും അലക്കുന്നു.
12 അവന്റെ കണ്ണുകൾ വീഞ്ഞിനെക്കാൾ കറുത്തതും
പല്ലുകൾ പാലിനെക്കാൾ വെളുത്തതുമത്രേ.
 
13 “സെബൂലൂൻ കടൽക്കരയിൽ പാർക്കും;
അവൻ കപ്പലുകൾക്ക് ഒരു തുറമുഖം;
അവന്റെ അതിരുകൾ സീദോൻവരെ വ്യാപിക്കും.
 
14 “യിസ്സാഖാർ കുരുത്തുറ്റ കഴുത;
അവൻ തീക്കുണ്ഡങ്ങൾക്കരികെ കിടക്കുന്നു.
15 വിശ്രമസ്ഥലം നല്ലതെന്നും
ദേശം ആനന്ദപ്രദമെന്നും അവൻ കണ്ടു;
അവൻ തന്റെ തോൾ ചുമടിനു കുനിച്ചു,
കഠിനവേലയ്ക്ക് തന്നെത്താൻ ഏൽപ്പിച്ചുകൊടുത്തു.
 
16 “ഇസ്രായേൽഗോത്രങ്ങളിൽ ഒന്നെന്ന നിലയിൽ
ദാൻ സ്വജനത്തിനു ന്യായപാലനംചെയ്യും.
17 ദാൻ വഴിയരികിൽ സർപ്പവും
പാതയിൽ അണലിയുംതന്നെ;
അതു കുതിരയുടെ കുതികാലിൽ കടിക്കും;
അങ്ങനെ കുതിരമേൽ സവാരിചെയ്യുന്നവൻ മലർന്നുവീഴും.
 
18 “യഹോവേ, ഞാൻ അവിടത്തെ രക്ഷയ്ക്കായി കാത്തിരിക്കുന്നു.
 
19 “ഗാദിനെ കൊള്ളസംഘം ആക്രമിക്കും;
എന്നാൽ അവൻ അവരെ, അവരുടെ കുതികാലുകളിൽത്തന്നെ ആക്രമിക്കും.
 
20 “ആശേരിന്റെ ആഹാരം പുഷ്ടിയുള്ളത്;
രാജകീയ സ്വാദുഭോജ്യങ്ങൾ അവൻ പ്രദാനംചെയ്യും.
 
21 “നഫ്താലി, മനോഹരമായ മാൻകിടാങ്ങളെ പ്രസവിക്കുന്ന
സ്വതന്ത്രയായ മാൻപേട.
 
22 “യോസേഫ് ഫലപൂർണമായ വൃക്ഷം;
നീരുറവയ്ക്കരികെ നിൽക്കുന്ന ഫലസമൃദ്ധമായ വൃക്ഷംതന്നെ.
അതിന്റെ ശാഖകൾ മതിലിന്മേൽ പടരുന്നു.
23 വില്ലാളികൾ അവനെ വല്ലാതെ വിഷമിപ്പിച്ചു;
അവർ എയ്ത് അവനെ ആക്രമിച്ചു.
24 അവന്റെ വില്ല് സ്ഥിരതയോടെ നിന്നു;
അവന്റെ ഭുജങ്ങൾ ബലവത്തായി നിലനിന്നു;
യാക്കോബിന്റെ വല്ലഭന്റെ കരത്താൽ,
ഇസ്രായേലിന്റെ പാറയായ ഇടയന്റെ നാമത്താൽത്തന്നെ.
25 നിന്റെ പിതാവിന്റെ ദൈവം നിന്നെ സഹായിക്കും;
സർവശക്തൻ നിന്നെ അനുഗ്രഹിക്കും.
മീതേ ആകാശത്തിന്റെ അനുഗ്രഹങ്ങളാലും
ആഴത്തിൽ കിടക്കുന്ന ആഴിയുടെ അനുഗ്രഹങ്ങളാലും,
മുലയുടെയും ഗർഭത്തിന്റെയും അനുഗ്രഹങ്ങളാലുംതന്നെ.
26 നിന്റെ പിതാവിന്റെ അനുഗ്രഹങ്ങൾ
പുരാതന പർവതങ്ങളുടെ അനുഗ്രഹങ്ങളെക്കാളും
ശാശ്വതഗിരികളുടെ സമ്പത്തിനെക്കാളും വിശിഷ്ടമത്രേ.
ഇവയെല്ലാം യോസേഫിന്റെ ശിരസ്സിൽ,
തന്റെ സഹോദരന്മാരുടെ ഇടയിൽ പ്രഭുവായവന്റെ നെറ്റിയിൽ ആവസിക്കട്ടെ.
 
27 “ബെന്യാമീൻ കടിച്ചുകീറുന്ന ചെന്നായ്;
അതിരാവിലെ അവൻ ഇരയെ വിഴുങ്ങുന്നു;
സന്ധ്യാസമയത്ത് അവൻ കൊള്ള പങ്കിടുന്നു.”
28 ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളും ഇവയാണ്; ഇങ്ങനെയായിരുന്നു ഓരോരുത്തനും അനുയോജ്യമായ അനുഗ്രഹം നൽകിക്കൊണ്ട് അവരെ അനുഗ്രഹിച്ചപ്പോൾ അവരുടെ പിതാവ് അവരോടു പറഞ്ഞത്.
യാക്കോബിന്റെ മരണം
29-30 പിന്നെ യാക്കോബ് അവർക്ക് ഈ നിർദേശങ്ങൾ നൽകി: “ഞാൻ എന്റെ ജനത്തോടു ചേരാൻ പോകുന്നു. കനാനിലെ മമ്രേയ്ക്കു സമീപമുള്ളതും ഹിത്യനായ എഫ്രോന്റെ പക്കൽനിന്നും അബ്രാഹാം വയലോടുകൂടെ ശ്മശാനസ്ഥലമായി വിലയ്ക്കു വാങ്ങിയതുമായ മക്പേലാനിലത്തിലെ ഗുഹയിൽ, ഹിത്യനായ എഫ്രോന്റെ നിലത്തിലെ ഗുഹയിൽത്തന്നെ—എന്റെ പിതാക്കന്മാരോടൊപ്പം—എന്നെ നിങ്ങൾ അടക്കംചെയ്യണം. 31 അവിടെയാണ് അബ്രാഹാമിനെയും അദ്ദേഹത്തിന്റെ ഭാര്യയായ സാറയെയും അടക്കിയത്; അവിടെയാണ് യിസ്ഹാക്കിനെയും അദ്ദേഹത്തിന്റെ ഭാര്യയായ റിബേക്കയെയും അടക്കിയത്; ഞാൻ ലേയയെ അടക്കിയതും അവിടെത്തന്നെ. 32 ആ വയലും അതിലെ ഗുഹയും ഹിത്യരിൽനിന്ന് വിലയ്ക്കു വാങ്ങിയതാണ്.”
33 യാക്കോബ് തന്റെ പുത്രന്മാർക്ക് നിർദേശങ്ങൾ നൽകിക്കഴിഞ്ഞപ്പോൾ കാലുകൾ കിടക്കയിൽ കയറ്റിവെച്ചിട്ട് അന്ത്യശ്വാസം വലിച്ചു; തന്റെ ജനത്തോടു ചേർന്നു.

*49:5 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല.

49:10 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല.

49:10 അഥവാ, പിൻഗാമികളിൽനിന്നും