13
കടിഞ്ഞൂലുകളുടെ സമർപ്പണം
1 യഹോവ മോശയോട്, 2 “സകല ആദ്യജാതന്മാരെയും എനിക്കായി ശുദ്ധീകരിക്കുക. മനുഷ്യരുടേതാകട്ടെ, മൃഗങ്ങളുടേതാകട്ടെ, ഇസ്രായേൽമക്കളുടെ ഇടയിലുള്ള എല്ലാ കടിഞ്ഞൂലുകളും എനിക്കുള്ളതാകുന്നു” എന്നു കൽപ്പിച്ചു.
3 അപ്പോൾ മോശ ജനത്തോടു പറഞ്ഞു, “അടിമദേശമായ ഈജിപ്റ്റിൽനിന്ന് യഹോവ ശക്തമായ ഭുജത്താൽ നിങ്ങളെ വിടുവിച്ചുകൊണ്ടുപോന്നതിനാൽ നിങ്ങൾ അവിടെനിന്നു പുറപ്പെട്ട ഈ ദിവസത്തിന്റെ ഓർമ നിലനിർത്തണം. പുളിപ്പുള്ള യാതൊന്നും നിങ്ങൾ തിന്നരുത്. 4 ആബീബുമാസം* പൗരാണിക എബ്രായർ അനുവർത്തിച്ചുവന്ന ചന്ദ്രവർഷത്തിലെ ആദ്യമാസമാണ് ആബീബുമാസം ഇത് മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ്. ഈ ദിവസത്തിലാണ് നിങ്ങൾ വിട്ടുപോന്നത്. 5 യഹോവ നിങ്ങളെ കനാന്യർ, ഹിത്യർ, അമോര്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്ത്, പാലും തേനും ഒഴുകുന്നതും നിനക്കു തരുമെന്നു നിന്റെ പിതാക്കന്മാരോട് അവിടന്നു വാഗ്ദാനംചെയ്തതുമായ ദേശത്ത്, കൊണ്ടുചെന്നതിനുശേഷം ഈ മാസത്തിൽ നിങ്ങൾ ഈ കർമം ആചരിക്കണം: 6 ഏഴുദിവസം പുളിപ്പില്ലാത്ത അപ്പം തിന്നുകയും ഏഴാംദിവസം യഹോവയ്ക്ക് ഒരു ഉത്സവം ആചരിക്കുകയും വേണം. 7 ആ ഏഴുദിവസവും നീ പുളിപ്പില്ലാത്ത അപ്പമാണു തിന്നേണ്ടത്; പുളിപ്പുള്ള ഒന്നുംതന്നെ നിന്റെ പക്കൽ കാണരുത്, നിന്റെ അതിരുകൾക്കുള്ളിൽ ഒരിടത്തും പുളിമാവ് അശേഷം കാണരുത്. 8 അന്നു നീ നിന്റെ മകനോട്, ഞാൻ ഈജിപ്റ്റിൽനിന്ന് പോന്ന ദിവസം യഹോവ എനിക്കുവേണ്ടി ചെയ്ത കാര്യം നിമിത്തമാണു ഞാൻ ഇങ്ങനെ ചെയ്യുന്നതെന്നു പറയണം. 9 യഹോവയുടെ ന്യായപ്രമാണം നിന്റെ അധരങ്ങളിൽ എപ്പോഴും ഉണ്ടായിരിക്കേണ്ടതിന് ഈ അനുഷ്ഠാനം നിന്റെ കൈമേൽ ഒരു ചിഹ്നവും നെറ്റിയിൽ ഒരു സ്മാരകവും ആയിരിക്കണം; യഹോവ തന്റെ ശക്തിയുള്ള കരത്താൽ നിന്നെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചു കൊണ്ടുവന്നുവല്ലോ. 10 നീ ഓരോവർഷവും നിശ്ചിതസമയത്ത് ഈ അനുഷ്ഠാനം ആചരിച്ചുകൊള്ളണം.
11 “യഹോവ നിന്നോടും നിന്റെ പിതാക്കന്മാരോടും ആണയിട്ടു വാഗ്ദാനം ചെയ്തിട്ടുള്ളതുപോലെ, നിന്നെ കനാന്യരുടെ ദേശത്തു കൊണ്ടുവന്ന് അവിടം നിനക്കു നൽകുമ്പോൾ 12 നീ സകലകടിഞ്ഞൂലുകളെയും യഹോവയ്ക്കു വേർതിരിക്കേണ്ടതാകുന്നു. നിന്റെ ആടുമാടുകളുടെ സകല ആൺകടിഞ്ഞൂലുകളും യഹോവയ്ക്കുള്ളതാകുന്നു. 13 കഴുതകളുടെ കടിഞ്ഞൂലുകളിൽ ഓരോന്നിനെയും ആട്ടിൻകുട്ടിയെക്കൊണ്ടു വീണ്ടെടുക്കണം. അതിനെ വീണ്ടെടുക്കുന്നില്ലെങ്കിൽ അതിന്റെ കഴുത്ത് ഒടിച്ചുകളയണം. നിന്റെ പുത്രന്മാരിൽ ആദ്യജാതന്മാരായ എല്ലാവരെയും വീണ്ടെടുക്കണം.
14 “ഭാവികാലത്തു നിന്റെ മകൻ നിന്നോട്, ‘ഇതിന്റെ അർഥം എന്താകുന്നു?’ എന്നു ചോദിക്കുമ്പോൾ നീ അവനോടു പറയുക: ‘യഹോവ നമ്മെ ബലമുള്ള കൈയാൽ അടിമനാടായ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവന്നു. 15 നമ്മെ വിട്ടയയ്ക്കുകയില്ല എന്നു ഫറവോൻ ശാഠ്യംപിടിച്ചപ്പോൾ യഹോവ ഈജിപ്റ്റിലെ സകലമനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെയെല്ലാം കൊന്നുകളഞ്ഞു. അതുകൊണ്ടാണ് ഞാൻ കടിഞ്ഞൂലായ ആണിനെയെല്ലാം യഹോവയ്ക്ക് അർപ്പിക്കുകയും എന്റെ ആദ്യജാതന്മാരെ എല്ലാവരെയും വീണ്ടെടുക്കുകയും ചെയ്യുന്നത്.’ 16 യഹോവ തന്റെ ബലമുള്ള കരത്താൽ നമ്മെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവന്നു എന്നത്, നിന്റെ കൈമേൽ ഒരു ചിഹ്നവും നെറ്റിത്തടത്തിൽ ഒരു മുദ്രയും ആയിരിക്കണം.”
സമുദ്രം തരണംചെയ്യുന്നു
17 ഫറവോൻ ജനത്തെ വിട്ടയച്ചപ്പോൾ, ഫെലിസ്ത്യദേശത്തുകൂടിയുള്ള വഴി ദൂരം കുറഞ്ഞതായിരുന്നെങ്കിലും ദൈവം അവരെ ആ വഴിയിൽക്കൂടി നടത്തിയില്ല. “യുദ്ധം നേരിട്ടാൽ അവർക്കു മനംമാറ്റം ഉണ്ടാകുകയും അവർ ഈജിപ്റ്റിലേക്കു മടങ്ങുകയും ചെയ്തേക്കാം,” എന്നു ദൈവം കരുതി. 18 ആകയാൽ ദൈവം ജനത്തെ ചെങ്കടലിനരികെയുള്ള മരുഭൂമിയിൽ വലയംചെയ്യിച്ചു. ഇസ്രായേല്യർ ഈജിപ്റ്റിൽനിന്ന് യുദ്ധസന്നദ്ധരായി പുറപ്പെട്ടു.
19 യോസേഫിന്റെ അസ്ഥികളും മോശ എടുത്തിരുന്നു. കാരണം, “നിങ്ങളെ സഹായിക്കാൻ ദൈവം നിശ്ചയമായും വരും. അപ്പോൾ നിങ്ങൾ ഈ സ്ഥലത്തുനിന്ന് എന്റെ അസ്ഥികൾ കൊണ്ടുപോകണം” എന്ന് ഇസ്രായേലിന്റെ പുത്രന്മാരെക്കൊണ്ട് യോസേഫ് ശപഥംചെയ്യിച്ചിരുന്നു.† ഉൽ. 50:25 കാണുക.
20 അവർ സൂക്കോത്തിൽനിന്ന് പുറപ്പെട്ട് മരുഭൂമിയുടെ അരികിലുള്ള ഏഥാമിൽ പാളയമടിച്ചു. 21 യഹോവ അവരെ വഴികാണിക്കാൻ പകൽസമയത്ത് ഒരു മേഘത്തൂണിലും രാത്രിയിൽ വെളിച്ചംകൊടുക്കാൻ അഗ്നിത്തൂണിലുമായി അവർക്കുമുമ്പേ സഞ്ചരിച്ചു; അങ്ങനെ അവർക്കു പകലും രാത്രിയും യാത്രചെയ്യാൻ കഴിഞ്ഞു. 22 പകൽ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവും ജനത്തിന്റെ മുന്നിൽനിന്ന് മാറിയില്ല.