11
പത്രോസ് തന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നു
യെഹൂദേതരരും ദൈവവചനം അംഗീകരിച്ചു എന്ന വാർത്ത അപ്പൊസ്തലന്മാരും യെഹൂദ്യയിൽ എല്ലായിടത്തുമുള്ള സഹോദരങ്ങളും അറിഞ്ഞു. പത്രോസ് ജെറുശലേമിൽ എത്തിയപ്പോൾ യെഹൂദരായ വിശ്വാസികൾ അദ്ദേഹത്തെ വിമർശിച്ചുകൊണ്ട്, “താങ്കൾ യെഹൂദേതരരുടെ വീട്ടിൽപോയി അവരോടുകൂടെ ഭക്ഷണം കഴിച്ചില്ലേ” എന്നു കുറ്റപ്പെടുത്തി.
അതിന് പത്രോസ് എല്ലാക്കാര്യങ്ങളും ആരംഭംമുതൽ സംഭവിച്ചക്രമത്തിൽത്തന്നെ സൂക്ഷ്മമായി അവർക്ക് ഇങ്ങനെ വിശദീകരിച്ചു: “ഞാൻ യോപ്പാനഗരത്തിൽ പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ, ആത്മവിവശതയിൽ ഒരു ദർശനം കണ്ടു. നാലുകോണും കെട്ടിയ വലിയ വിരിപോലെയുള്ള ഒരു പാത്രം സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നത് ഞാൻ കണ്ടു. അതു താണുതാണുവന്ന് ഞാൻ ഇരിക്കുന്നേടത്തെത്തി. ഞാൻ സൂക്ഷിച്ചുനോക്കിയപ്പോൾ അതിനുള്ളിൽ ഭൂമിയിലെ നാൽക്കാലികൾ, കാട്ടുജന്തുക്കൾ, ഇഴജന്തുക്കൾ, ആകാശത്തിലെ പക്ഷികൾ എന്നിവയെ കണ്ടു. ‘പത്രോസേ, എഴുന്നേറ്റ് കൊന്നുതിന്നുക’ എന്ന് എന്നോടു പറയുന്ന ഒരു അശരീരിയും ഞാൻ കേട്ടു.
“ ‘എനിക്കതിനു കഴിയില്ല കർത്താവേ, അശുദ്ധമോ മലിനമോ ആയ യാതൊന്നും ഞാൻ ഒരിക്കലും ഭക്ഷിച്ചിട്ടില്ലല്ലോ, എന്നു ഞാൻ പറഞ്ഞു.’
“ആ അശരീരി സ്വർഗത്തിൽനിന്ന് പിന്നെയും എന്നോട്, ‘ദൈവം ശുദ്ധീകരിച്ചതൊന്നും അശുദ്ധമെന്നു പറയാൻ പാടില്ല’ എന്ന് അരുളിച്ചെയ്തു. 10 ഇങ്ങനെ മൂന്നുപ്രാവശ്യം ഉണ്ടായി. പിന്നെ അതെല്ലാം സ്വർഗത്തിലേക്കു തിരികെ എടുക്കപ്പെട്ടു.
11 “അപ്പോൾത്തന്നെ കൈസര്യയിൽനിന്ന് എന്റെ അടുത്തേക്കയയ്ക്കപ്പെട്ട മൂന്നുപുരുഷന്മാർ ഞാൻ താമസിച്ചിരുന്ന വീടിന്റെ മുമ്പിൽ വന്നുനിന്നു. 12 ‘മടിക്കാതെ അവരോടുകൂടെ പോകുക’ എന്ന് ആത്മാവ് എന്നോടു കൽപ്പിച്ചു. ഈ ആറുസഹോദരന്മാരും എന്റെകൂടെ പോന്നു. ഞങ്ങൾ ആ മനുഷ്യന്റെ വീട്ടിലെത്തി. 13 ഒരു ദൈവദൂതൻ തന്റെ ഭവനത്തിൽ പ്രത്യക്ഷപ്പെട്ടുവെന്നും ആ ദൂതൻ അദ്ദേഹത്തോട്, ‘നീ യോപ്പയിലേക്ക് ആളയച്ചു പത്രോസ് എന്നു വിളിച്ചുവരുന്ന ശിമോനെ വരുത്തുക; 14 നീയും നിന്റെ കുടുംബത്തിലുള്ളവരും രക്ഷിക്കപ്പെടാനുള്ള സന്ദേശം അദ്ദേഹം നിനക്കു നൽകും’ എന്ന് അറിയിച്ചെന്നും അദ്ദേഹം ഞങ്ങളോടു പറഞ്ഞു.
15 “ഞാൻ സംസാരിച്ചുതുടങ്ങിയപ്പോൾ പരിശുദ്ധാത്മാവ് ആരംഭത്തിൽ നമ്മുടെമേൽ വന്നതുപോലെതന്നെ അവരുടെമേലും വന്നു. 16 അപ്പോൾ, ‘യോഹന്നാൻ ജലത്തിൽ സ്നാനം നൽകി, എന്നാൽ നിങ്ങൾക്കോ, പരിശുദ്ധാത്മാവുകൊണ്ട് സ്നാനം ലഭിക്കും’ എന്ന് കർത്താവ് പറഞ്ഞ വാക്ക് എനിക്ക് ഓർമ വന്നു. 17 അതുകൊണ്ട് കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ച നമുക്ക് ദൈവം തന്ന അതേ ദാനം അവർക്കും നൽകിയെങ്കിൽ, ദൈവത്തോട് എതിർത്തുനിൽക്കാൻ ഞാനാര്?”
18 ഇതു കേട്ടുകഴിഞ്ഞപ്പോൾ, അവർ വിമർശനം അവസാനിപ്പിച്ചു. “ജീവനിലേക്കു നയിക്കുന്ന മാനസാന്തരം ദൈവം യെഹൂദേതരർക്കും നൽകിയിരിക്കുന്നല്ലോ” എന്നു പറഞ്ഞ് അവർ ദൈവത്തെ സ്തുതിച്ചു.
അന്ത്യോക്യയിലെ സഭ
19 സ്തെഫാനൊസിന്റെ വധത്തെത്തുടർന്നുണ്ടായ പീഡനത്താൽ ചിതറിപ്പോയവർ യെഹൂദരോടുമാത്രം സുവിശേഷം അറിയിച്ചുകൊണ്ടു ഫൊയ്നീക്യ, സൈപ്രസ്, അന്ത്യോക്യ എന്നീ പ്രദേശങ്ങൾവരെ സഞ്ചരിച്ചു. 20 അവരിൽ സൈപ്രസിൽനിന്നും കുറേനയിൽനിന്നുമുള്ള ചിലർ അന്ത്യോക്യയിലെത്തി അവിടെയുള്ള ഗ്രീക്കുഭാഷികളോടും കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചു. 21 കർത്താവിന്റെ കരം അവരോടുകൂടെ ഉണ്ടായിരുന്നു; വലിയൊരു ജനസമൂഹം വിശ്വസിച്ചു കർത്താവിലേക്കു തിരിഞ്ഞു.
22 ഈ വാർത്ത ജെറുശലേമിലെ സഭ കേട്ടു, അവർ ബർന്നബാസിനെ അന്ത്യോക്യയിലേക്ക് അയച്ചു. 23 അദ്ദേഹം അവിടെ എത്തി, ദൈവകൃപയുടെ പ്രവർത്തനം കണ്ട് ആനന്ദിച്ചു, സമ്പൂർണഹൃദയത്തോടെ കർത്താവിന് വിധേയരായിരിക്കാൻ അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു. 24 ബർന്നബാസ് പരിശുദ്ധാത്മാവാലും വിശ്വാസത്താലും നിറഞ്ഞ ഒരു നല്ല മനുഷ്യൻ ആയിരുന്നു; അദ്ദേഹത്തിലൂടെ ഒരു വലിയകൂട്ടം ആളുകൾ കർത്താവിലേക്ക് ആനയിക്കപ്പെട്ടു.
25 ശൗലിനെ അന്വേഷിക്കാൻ ബർന്നബാസ് തർസൊസിലേക്കു യാത്രയായി. 26 അദ്ദേഹത്തെ കണ്ടെത്തി അന്ത്യോക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നു. ബർന്നബാസും ശൗലും ഒരുവർഷം മുഴുവനും സഭായോഗങ്ങളിൽ പങ്കെടുക്കുകയും വളരെ ആളുകളെ പഠിപ്പിക്കുകയും ചെയ്തു. ക്രിസ്തുശിഷ്യർ ആദ്യമായി ക്രിസ്ത്യാനികൾ എന്നു വിളിക്കപ്പെട്ടത് അന്ത്യോക്യയിൽവെച്ചാണ്.
27 ആ കാലത്ത് ചില പ്രവാചകർ ജെറുശലേമിൽനിന്ന് അന്ത്യോക്യയിൽ വന്നു. 28 അവരിൽ അഗബൊസ് എന്നു പേരുള്ള ഒരാൾ എഴുന്നേറ്റുനിന്ന് റോമൻ സാമ്രാജ്യത്തിൽ എല്ലായിടത്തും ഒരു വലിയ ക്ഷാമം ഉണ്ടാകുമെന്ന് ആത്മാവിൽ പ്രവചിച്ചു. ക്ലൗദ്യൊസ് ചക്രവർത്തിയുടെ കാലത്താണ് ഇതു സംഭവിച്ചത്. 29 ശിഷ്യന്മാരെല്ലാവരും അവരവരുടെ കഴിവനുസരിച്ച് യെഹൂദ്യയിൽ താമസിക്കുന്ന സഹോദരങ്ങൾക്കു സഹായം നൽകാൻ തീരുമാനിച്ചു. 30 അവർ ബർന്നബാസിന്റെയും ശൗലിന്റെയും കൈവശം തങ്ങളുടെ ദാനം സഭാമുഖ്യന്മാർക്ക് കൊടുത്തയച്ച് അവരുടെ തീരുമാനം നിറവേറ്റി.