3
അധ്യക്ഷന്മാരും ശുശ്രൂഷകരും
1 ഇത് വിശ്വാസയോഗ്യമായ പ്രസ്താവനയാണ്: അധ്യക്ഷപദം ആഗ്രഹിക്കുന്നയാൾ ഉത്തമശുശ്രൂഷ അഭിലഷിക്കുന്നു. 2 അതുകൊണ്ട് അധ്യക്ഷൻ അപവാദങ്ങൾക്കതീതനായി, ഏകപത്നീവ്രതനും സമചിത്തനും വിവേകശാലിയും അന്തസ്സുറ്റവനും അതിഥിസൽക്കാരപ്രിയനും അധ്യാപനത്തിൽ നൈപുണ്യമുള്ളവനും ആയിരിക്കണം. 3 മദ്യാസക്തനോ അക്രമവാസനയുള്ളവനോ ആയിരിക്കരുത്; പകരം ശാന്തനായിരിക്കണം. കലഹപ്രിയനും ദ്രവ്യാഗ്രഹിയും ആകരുത്; 4 സ്വകുടുംബത്തെ നന്നായി പരിപാലിക്കുകയും സന്താനങ്ങളെ സമ്പൂർണ മാന്യതയിലും അനുസരണത്തിലും വളർത്തുകയും ചെയ്യുന്നയാളുമായിരിക്കണം. 5 സ്വകുടുംബത്തെ പരിപാലിക്കാൻ അറിയാത്തയാൾ ദൈവസഭയെ എങ്ങനെ പരിപാലിക്കും? 6 അയാൾ സമീപകാലത്ത് വിശ്വാസം സ്വീകരിച്ചയാൾ ആയിരിക്കരുത്. അപ്രകാരമായാൽ അയാൾ മതിമറന്ന് പിശാചിനു സംഭവിച്ച ശിക്ഷാവിധിയിൽ അകപ്പെടും. 7 അദ്ദേഹം സഭയ്ക്കു പുറമേയുള്ളവരുടെ മധ്യേ നല്ല മതിപ്പുള്ള ആളായിരിക്കണം. അങ്ങനെയായാൽ അയാൾ അപമാനിതനാകുകയോ പിശാചിന്റെ കെണിയിൽപ്പെടുകയോ ഇല്ല.
8 ശുശ്രൂഷകരും* അധ്യക്ഷന്മാരോട് അഥവാ, സഭാമുഖ്യന്മാരോടുചേർന്ന് വിവിധ സഭാശുശ്രൂഷകളിൽ സഹായിക്കുന്നവരെയാണ് ഈ പദം വിവക്ഷിക്കുന്നത്. അതുപോലെതന്നെ ആദരണീയർ ആയിരിക്കണം. അവർ സത്യസന്ധത ഇല്ലാത്തവരോ മദ്യാസക്തരോ അത്യാഗ്രഹികളോ ആകരുത്. 9 നിർമലമനസ്സാക്ഷിയിൽ വിശ്വാസത്തിന്റെ ആഴമേറിയ സത്യം സംരക്ഷിക്കുന്നവരായിരിക്കണം. 10 അവരെ ആദ്യംതന്നെ പരീക്ഷണവിധേയരാക്കണം; ഉത്തമസാക്ഷ്യം പുലർത്തുന്നവരായി തെളിഞ്ഞാൽ അവർ ശുശ്രൂഷചെയ്യട്ടെ.
11 അവരുടെ ഭാര്യമാരും അവരെപ്പോലെതന്നെ,† അഥവാ, ശുശ്രൂഷക്കാരികളും അവരെപ്പോലെതന്നെ ആദരണീയർ ആയിരിക്കണം. അവർ പരദൂഷണം പറയാത്തവരും സമചിത്തരും എല്ലാ കാര്യങ്ങളിലും വിശ്വസ്തരും ആയിരിക്കണം.
12 ശുശ്രൂഷകൻ ഏകപത്നീവ്രതനും സ്വകുടുംബത്തെയും സന്താനങ്ങളെയും നന്നായി പരിപാലിക്കുന്നവനും ആയിരിക്കണം. 13 തങ്ങളുടെ ശുശ്രൂഷ ഉത്തമമായി നിർവഹിച്ചിട്ടുള്ളവർക്ക് ബഹുമാന്യമായ ഒരു സ്ഥാനവും ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിൽ വർധിച്ചുവരുന്ന ആത്മധൈര്യവും ഉണ്ട്.
പൗലോസിന്റെ നിർദേശം
14 നിന്റെ അടുത്തേക്ക് ഉടനെ വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു 15 എങ്കിലും എന്റെ വരവിന് താമസം നേരിട്ടാൽ എപ്രകാരമാണ് ഓരോരുത്തരും ദൈവികഗൃഹത്തിൽ പെരുമാറേണ്ടതെന്ന് നീ അറിയുന്നതിനാണ് ഞാൻ ഈ നിർദേശങ്ങൾ എഴുതുന്നത്. ജീവനുള്ള ദൈവത്തിന്റെ ഈ സഭ സത്യത്തിന്റെ സ്തംഭവും അടിസ്ഥാനവും ആകുന്നു. 16 ദൈവഭക്തിയുടെ അഗാധരഹസ്യം അനിഷേധ്യമാംവിധം അതിശ്രേഷ്ഠമാണ്:
അവിടന്ന് മനുഷ്യനായി വെളിപ്പെട്ടു,
ആത്മാവിൽ നീതീകരിക്കപ്പെട്ടു,
ദൂതന്മാർക്കു പ്രത്യക്ഷനായി,
രാഷ്ട്രങ്ങളിൽ ഘോഷിക്കപ്പെട്ടു,
ലോകത്തിൽ വിശ്വസിക്കപ്പെട്ടു,
മഹത്ത്വത്തിൽ എടുക്കപ്പെട്ടു.