51
1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഇതാ, ഒരു സംഹാരകന്റെ കൊടുങ്കാറ്റ്* മൂ.ഭാ. ആത്മാവിനെ ഞാൻ ഉണർത്തിവിടും
ബാബേലിനെതിരേയും ലെബ്-കമാരിയിലെ† കൽദയരെ, അഥവാ, ബാബേല്യരെക്കുറിച്ച് രഹസ്യഭാഷയിലെ വാക്ക്. നിവാസികൾക്കെതിരേയുംതന്നെ.
2 ഞാൻ ബാബേലിലേക്ക് വിദേശികളെ അയയ്ക്കും,
അതിനെ പാറ്റുന്നതിനും ദേശത്തെ നശിപ്പിക്കുന്നതിനുംതന്നെ;
അവളുടെ നാശദിവസത്തിൽ
അവർ അതിനെ നാലുവശങ്ങളിൽനിന്നും വളയും.
3 വില്ലാളി തന്റെ വില്ലു കുലയ്ക്കാതിരിക്കട്ടെ,
അയാൾ തന്റെ കവചം ധരിക്കാതെയുമിരിക്കട്ടെ.
അവളുടെ യുവാക്കളെ വിട്ടയയ്ക്കരുത്;
അവളുടെ മുഴുവൻ സൈന്യത്തെയും നശിപ്പിക്കുക.
4 അവർ ബാബേൽദേശത്ത്‡ അഥവാ, കൽദയദേശത്ത് നിഹതന്മാരായി വീഴും
അവരുടെ വീഥികളിൽ മാരകമായ മുറിവേറ്റവരായിത്തന്നെ.
5 ഇസ്രായേലിന്റെ പരിശുദ്ധന്റെ മുമ്പാകെ
തങ്ങളുടെദേശം§ അതായത്, ബാബേൽദേശം അകൃത്യംകൊണ്ടു നിറഞ്ഞിരിക്കുന്നെങ്കിലും
അവരുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ
ഇസ്രായേലിനെയും യെഹൂദയെയും ഉപേക്ഷിച്ചുകളഞ്ഞില്ല.
6 “ബാബേലിൽനിന്ന് ഓടിപ്പോകുക!
ഓരോരുത്തരും നിങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനായി ഓടുക!
അവളുടെ പാപംമൂലം നിങ്ങൾ നശിച്ചുപോകാതിരിക്കട്ടെ.
ഇത് യഹോവയുടെ പ്രതികാരത്തിനുള്ള കാലമാണ്;
അവൾ അർഹിക്കുന്ന നിലയിൽ അവിടന്ന് പകരംവീട്ടും.
7 ബാബേൽ യഹോവയുടെ കൈയിൽ
സകലഭൂമിയെയും ലഹരി പിടിപ്പിക്കുന്ന സ്വർണപാനപാത്രമായിരുന്നു.
രാഷ്ട്രങ്ങൾ അവളുടെ വീഞ്ഞുകുടിച്ചു;
അതുകൊണ്ട് അവരെല്ലാം ഭ്രാന്തരായിത്തീർന്നിരിക്കുന്നു.
8 പെട്ടെന്നുതന്നെ ബാബേൽ വീഴുകയും തകർക്കപ്പെടുകയും ചെയ്യുന്നു.
അവളെക്കുറിച്ചു വിലപിക്കുക!
അവളുടെ വേദനയ്ക്കു തൈലം കൊണ്ടുവരിക;
ഒരുപക്ഷേ അവൾക്കു സൗഖ്യം ലഭിക്കും.
9 “ ‘ഞങ്ങൾ ബാബേലിനു ചികിത്സചെയ്തു,
എങ്കിലും അവൾക്കു സൗഖ്യം ലഭിച്ചില്ല;
നമുക്ക് അവളെ ഉപേക്ഷിച്ച് നമ്മുടെ ദേശത്തേക്കുതന്നെ പോകാം,
കാരണം അവളുടെ ശിക്ഷാവിധി ആകാശംവരെ എത്തിയിരിക്കുന്നു,
സ്വർഗത്തോളംതന്നെ അത് ഉയർന്നുമിരിക്കുന്നു.’
10 “ ‘യഹോവ നമ്മെ കുറ്റവിമുക്തരാക്കിയിരിക്കുന്നു;
വരിക, നമ്മുടെ ദൈവമായ യഹോവയുടെ പ്രവൃത്തി
നമുക്കു സീയോനിൽ പ്രസ്താവിക്കാം.’
11 “അമ്പുകൾക്ക് മൂർച്ച കൂട്ടുക,
പരിചകൾ എടുക്കുക!
യഹോവ മേദ്യരാജാക്കന്മാരുടെ ഹൃദയത്തെ ഉണർത്തിയിരിക്കുന്നു,
കാരണം അവിടത്തെ ലക്ഷ്യം ബാബേലിനെ നശിപ്പിക്കുകതന്നെ.
യഹോവ പ്രതികാരംചെയ്യും,
അവിടത്തെ ആലയത്തിനുവേണ്ടിയുള്ള പ്രതികാരംതന്നെ.
12 ബാബേലിന്റെ കോട്ടകൾക്കെതിരേ ഒരു കൊടിയുയർത്തുക!
കാവൽ ശക്തിപ്പെടുത്തുക,
കാവൽക്കാരെ നിർത്തുക,
പതിയിരിപ്പുകാരെ നിയമിക്കുക!
ബാബേൽ നിവാസികളെപ്പറ്റിയുള്ള യഹോവയുടെ ഉത്തരവുകൾ
അവിടന്ന് നിശ്ചയമായും നിറവേറ്റും.
13 അനേകം ജലാശയങ്ങൾക്കരികെ വസിക്കുന്ന
വളരെ നിക്ഷേപങ്ങളുള്ള ദേശമേ,
നിന്റെ അവസാനം വന്നിരിക്കുന്നു,
നിന്നെ തകർത്തുകളയുന്നതിനുള്ള കാലംതന്നെ.
14 സൈന്യങ്ങളുടെ യഹോവ തന്നെക്കൊണ്ടുതന്നെ ശപഥംചെയ്തിരിക്കുന്നു:
തീർച്ചയായും ഞാൻ വെട്ടുക്കിളിക്കൂട്ടംപോലെയുള്ള ഒരു സൈന്യത്താൽ നിന്നെ നിറയ്ക്കും,
അവർ നിന്റെനേരേ ജയഘോഷം മുഴക്കും.
15 “അവിടന്ന് തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു;
തന്റെ ജ്ഞാനത്താൽ അവിടന്ന് ലോകത്തെ സ്ഥാപിച്ചു
തന്റെ വിവേകത്താൽ ആകാശങ്ങളെ വിരിക്കുകയും ചെയ്തു.
16 അവിടന്ന് ഇടിമുഴക്കുമ്പോൾ, ആകാശത്തിലെ ജലശേഖരം ഗർജിക്കുന്നു;
അവിടന്നു ഭൂമിയുടെ അതിരുകളിൽനിന്ന് മേഘങ്ങൾ ഉയരുമാറാക്കുന്നു.
അവിടന്ന് മഴയ്ക്കൊപ്പം മിന്നൽ അയയ്ക്കുന്നു,
തന്റെ ഭണ്ഡാരത്തിൽനിന്ന് കാറ്റ് പുറപ്പെടുവിക്കുന്നു.
17 “മനുഷ്യവർഗം മുഴുവനും വിവേകശൂന്യർ, അവർ പരിജ്ഞാനം ഇല്ലാത്തവർതന്നെ;
ഓരോ സ്വർണപ്പണിക്കാരും തങ്ങളുടെ വിഗ്രഹങ്ങൾമൂലം ലജ്ജിച്ചുപോകുന്നു.
അവർ വാർത്തുണ്ടാക്കിയ ബിംബം വ്യാജമാണ്;
ആ വിഗ്രഹങ്ങളിലൊന്നും ശ്വാസമില്ല.
18 അവ മിഥ്യയും അപഹാസപാത്രവുമാണ്;
അവരുടെ ന്യായവിധി വരുമ്പോൾ അവ നശിച്ചുപോകും.
19 യാക്കോബിന്റെ അവകാശമായവൻ അവരെപ്പോലെയല്ല,
അവിടത്തെ അവകാശജനതയുടെമാത്രമല്ല,
സകലത്തിന്റെയും സ്രഷ്ടാവ് അവിടന്നാണ്—
സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടത്തെ നാമം.
20 “നിങ്ങൾ എന്റെ ഗദയും
യുദ്ധത്തിനുള്ള ആയുധവുമാണ്;
നിങ്ങളെ ഉപയോഗിച്ച് ഞാൻ രാഷ്ട്രങ്ങളെ തകർക്കുന്നു,
നിങ്ങളെ ഉപയോഗിച്ച് ഞാൻ രാജ്യങ്ങളെ നശിപ്പിക്കുന്നു,
21 നിങ്ങളെ ഉപയോഗിച്ച് ഞാൻ കുതിരയെയും കുതിരച്ചേവകരെയും തകർക്കുന്നു,
നിങ്ങളെ ഉപയോഗിച്ച് ഞാൻ രഥത്തെയും രഥാരൂഢരെയും തകർക്കുന്നു,
22 നിങ്ങളെ ഉപയോഗിച്ച് ഞാൻ പുരുഷനെയും സ്ത്രീയെയും തകർക്കുന്നു,
നിങ്ങളെ ഉപയോഗിച്ച് ഞാൻ വൃദ്ധനെയും ബാലനെയും തകർക്കുന്നു,
നിങ്ങളെ ഉപയോഗിച്ച് ഞാൻ യുവാവിനെയും യുവതിയെയും തകർക്കുന്നു,
23 നിങ്ങളെ ഉപയോഗിച്ച് ഞാൻ ഇടയനെയും ആട്ടിൻപറ്റത്തെയും തകർക്കുന്നു,
നിങ്ങളെ ഉപയോഗിച്ച് ഞാൻ കർഷകനെയും കാളകളെയും തകർക്കുന്നു,
നിങ്ങളെ ഉപയോഗിച്ച് ഞാൻ ദേശാധിപതികളെയും സൈന്യാധിപന്മാരെയും തകർക്കുന്നു.
24 “ബാബേലും ബാബേലിലെ* അഥവാ, കൽദയയിലെ എല്ലാ നിവാസികളും സീയോനിൽവെച്ചു ചെയ്ത എല്ലാ ദോഷങ്ങൾക്കും ഞാൻ നിങ്ങളുടെ കൺമുമ്പിൽവെച്ചുതന്നെ അവരോടു പകരംവീട്ടും” എന്ന് യഹോവയുടെ അരുളപ്പാട്.
25 “ഭൂമിയെ മുഴുവൻ നശിപ്പിക്കുന്ന നാശപർവതമേ,
ഞാൻ നിനക്ക് എതിരായിരിക്കുന്നു,”
എന്ന് യഹോവയുടെ അരുളപ്പാട്.
“ഞാൻ നിനക്കെതിരേ കൈനീട്ടി
പർവതശൃംഗങ്ങളിൽനിന്ന് നിന്നെ ഉരുട്ടിക്കളയും,
കത്തിയെരിഞ്ഞ ഒരു പർവതമാക്കി നിന്നെ തീർക്കും.
26 അവർ നിന്നിൽനിന്ന് ഒരു മൂലക്കല്ലോ
അടിസ്ഥാനക്കല്ലോ എടുക്കുകയില്ല,
കാരണം നീ എന്നെന്നേക്കും ശൂന്യമായിത്തീരും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
27 “ദേശത്ത് ഒരു കൊടി ഉയർത്തുക!
രാഷ്ട്രങ്ങൾക്കിടയിൽ കാഹളമൂതുക!
അവൾക്കെതിരേ യുദ്ധത്തിന് രാഷ്ട്രങ്ങളെ സജ്ജമാക്കുക;
അരാരാത്ത്, മിന്നി, അശ്കേനസ്
എന്നീ രാജ്യങ്ങളെ അവൾക്കെതിരേ വിളിച്ചുകൂട്ടുക.
അവൾക്കെതിരേ ഒരു സൈന്യാധിപനെ നിയമിക്കുക;
വെട്ടുക്കിളിക്കൂട്ടംപോലെ കുതിരകളെ അയയ്ക്കുക.
28 അവൾക്കെതിരേ യുദ്ധംചെയ്യുന്നതിന് രാഷ്ട്രങ്ങളെ സജ്ജരാക്കുക—
മേദ്യരാജാക്കന്മാരെയും
അവരുടെ ദേശാധിപതികളെയും സൈന്യാധിപർ മുഴുവനെയും
അവരുടെ ആധിപത്യത്തിലുള്ള എല്ലാ രാജ്യങ്ങളെയുംതന്നെ.
29 ബാബേൽദേശത്തെ നിവാസികളില്ലാതെ
ശൂന്യസ്ഥലമാക്കിത്തീർക്കാൻ
യഹോവയുടെ ആലോചനകൾ ബാബേലിന് എതിരായിത്തീർന്നതുമൂലം
ദേശം നടുങ്ങുകയും വേദനയാൽ പുളയുകയും ചെയ്യുന്നു.
30 ബാബേലിലെ യോദ്ധാക്കന്മാർ യുദ്ധം അവസാനിപ്പിച്ചിരിക്കുന്നു;
അവർ അവരുടെ കോട്ടകളിൽത്തന്നെ പാർക്കുന്നു.
അവരുടെ ബലം ക്ഷയിച്ചിരിക്കുന്നു;
അവർ ശക്തിയില്ലാത്തവരായിരിക്കുന്നു.
അവളുടെ വാസസ്ഥലങ്ങൾ ചുട്ടെരിക്കപ്പെട്ടു;
അവളുടെ കവാടങ്ങളിലെ ഓടാമ്പലുകൾ തകർക്കപ്പെട്ടു.
31 ഒരു ഓട്ടക്കാരന്റെ പിന്നാലെ മറ്റൊരു ഓട്ടക്കാരനും
ഒരു സന്ദേശവാഹകന്റെ പിന്നാലെ മറ്റൊരു സന്ദേശവാഹകനും
ബാബേൽരാജാവിനോട് അദ്ദേഹത്തിന്റെ നഗരംമുഴുവനും പിടിക്കപ്പെട്ടു
എന്ന് അറിയിക്കുന്നതിന് ഓടിയെത്തുന്നു.
32 നദിക്കടവുകൾ പിടിച്ചെടുക്കപ്പെട്ടെന്നും
ചതുപ്പുനിലങ്ങൾ ചുട്ടെരിക്കപ്പെട്ടെന്നും
പടയാളികൾ ഭയന്നുവിറച്ചിരിക്കുന്നെന്നും അറിയിക്കുന്നതിനുതന്നെ.”
33 ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“മെതിക്കാലത്തെ മെതിക്കളംപോലെയാണ്
ബാബേൽപുത്രി,
അവളെ കൊയ്തെടുക്കുന്നകാലം വളരെവേഗംതന്നെ വന്നുചേരും.”
34 “ബാബേൽരാജാവായ നെബൂഖദ്നേസർ ഞങ്ങളെ† സീയോനെ അഥവാ ജെറുശലേമിനെ എന്നു വിവക്ഷ വിഴുങ്ങിക്കളഞ്ഞു,
അദ്ദേഹം ഞങ്ങളെ മനോവിഭ്രാന്തിയിൽ ആഴ്ത്തിയിരിക്കുന്നു,
അദ്ദേഹം എന്നെ ഒരു ഒഴിഞ്ഞ പാത്രംപോലെ ആക്കിയിരിക്കുന്നു.
ഒരു ഭീകരസത്വംപോലെ അദ്ദേഹം ഞങ്ങളെ വിഴുങ്ങി,
ഞങ്ങളുടെ വിശിഷ്ടഭോജ്യങ്ങൾകൊണ്ട് അദ്ദേഹം തന്റെ വയറുനിറച്ചു
അതിനുശേഷം ഞങ്ങളെ ഛർദിച്ചുകളഞ്ഞു.
35 ഞങ്ങളുടെ ശരീരത്തിൽ‡ അഥവാ, ഞങ്ങളോടും ഞങ്ങളുടെ മക്കളോടും അദ്ദേഹം ചെയ്ത അക്രമം ബാബേലിന്മേൽ വരട്ടെ,”
എന്നിങ്ങനെ സീയോൻ നിവാസികൾ പറയുന്നു.
“ഞങ്ങളുടെ രക്തം ബാബേൽനിവാസികളിന്മേൽ വരട്ടെ,”
എന്നു ജെറുശലേം പറയുന്നു.
36 അതിനാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഇതാ, ഞാൻ നിന്റെ വ്യവഹാരം നടത്തി
നിനക്കുവേണ്ടി പ്രതികാരം നടത്തും;
ഞാൻ അവളുടെ കടൽ വറ്റിക്കുകയും
അവളുടെ നീരരുവികൾ ഉണക്കുകയും ചെയ്യും.
37 ബാബേൽ ഒരു ശൂന്യകൂമ്പാരവും
കുറുനരികൾ വിഹരിക്കുന്ന ഇടവുമായിത്തീരും.
അത് നിവാസികൾ ഇല്ലാതെ
ഭീതിക്കും പരിഹാസത്തിനും വിഷയമായിത്തീരും.
38 അവളുടെ ജനമെല്ലാം സിംഹത്തെപ്പോലെ ഗർജിക്കും,
സിംഹക്കുട്ടികളെപ്പോലെ മുരളും.
39 എന്നാൽ അവർ ഉല്ലാസഭരിതരായിരിക്കെ,
ഞാൻ അവർക്കൊരു വിരുന്നൊരുക്കി
അവരെ മത്തുപിടിപ്പിക്കും;
അങ്ങനെ അവർ ആർത്തട്ടഹസിക്കും—
പിന്നീട് അവർ എന്നേക്കും നിദ്രയിലാണ്ടുപോകും, എഴുന്നേൽക്കുകയില്ല,”
എന്ന് യഹോവയുടെ അരുളപ്പാട്.
40 “ഞാൻ അവരെ കുഞ്ഞാടുകളെപ്പോലെ
കശാപ്പിനായി ഇറക്കിക്കൊണ്ടുവരും,
ആണാടുകളെയും ആൺകോലാടുകളെയുംപോലെതന്നെ.
41 “ശേശക്ക്§ കൽദയരെ, അഥവാ, ബാബേല്യരെക്കുറിച്ച് രഹസ്യഭാഷയിലെ വാക്ക്. എങ്ങനെ പിടിക്കപ്പെടും?
സകലഭൂമിയുടെയും അഭിമാനം എങ്ങനെ പിടിച്ചടക്കപ്പെട്ടു?
രാഷ്ട്രങ്ങൾക്കിടയിൽ ബാബേൽ
ഒരു വിജനദേശമായത് എങ്ങനെ?
42 കടൽ ബാബേലിന്മേൽ കവിഞ്ഞുകയറും;
അതിന്റെ അലറുന്ന തിരമാലകൾ അതിനെ മൂടും.
43 അവളുടെ പട്ടണങ്ങൾ ശൂന്യസ്ഥലങ്ങളും
വരണ്ട നിലവും മരുഭൂമിയുമായിത്തീർന്നു;
അത് ആൾപ്പാർപ്പില്ലാത്ത ഒരു ദേശംതന്നെ,
മനുഷ്യരാരും അതിലെ യാത്രചെയ്യുന്നില്ല.
44 ഞാൻ ബാബേലിൽവെച്ച് ബേൽദേവനെ ശിക്ഷിക്കുകയും
അവൻ വിഴുങ്ങിക്കളഞ്ഞതിനെ അവന്റെ വായിൽനിന്ന് പുറപ്പെടുവിക്കുകയും ചെയ്യും.
ജനതകൾ ഇനിയൊരിക്കലും അവന്റെ അടുക്കലേക്ക് ചെല്ലുകയില്ല.
ബാബേലിന്റെ മതിൽ വീണുപോകും, നിശ്ചയം.
45 “എന്റെ ജനമേ, അവളിൽനിന്ന് പുറത്തുവരിക!
ജീവരക്ഷയ്ക്കായി ഓടിപ്പോകുക!
യഹോവയുടെ ഉഗ്രകോപത്തിൽനിന്ന് രക്ഷപ്പെട്ടുകൊൾക.
46 ദേശത്ത് കിംവദന്തികൾ കേൾക്കുമ്പോൾ
നിരാശപ്പെടുകയോ ഭയപ്പെടുകയോ ചെയ്യരുത്;
ഈ വർഷം ഒരു കിംവദന്തി; അടുത്തവർഷം മറ്റൊന്ന്,
ദേശത്തുനടക്കുന്ന അക്രമങ്ങളെയും
ഭരണാധിപന്മാരുടെ മത്സരങ്ങളെയുംകുറിച്ച് ഉള്ളവതന്നെ.
47 ഞാൻ ബാബേലിലെ വിഗ്രഹങ്ങളെ ശിക്ഷിക്കുന്ന
സമയം നിശ്ചയമായും വരും;
അവളുടെ ദേശം മുഴുവനായും അപമാനിതമാകും,
അവളുടെ നിഹതന്മാർ അവളുടെ അതിർത്തിക്കുള്ളിൽത്തന്നെ വീണുകിടക്കും.
48 അന്ന് ആകാശവും ഭൂമിയും അവയിലുള്ളതൊക്കെയും
ബാബേലിനെക്കുറിച്ചുള്ള ആഹ്ലാദത്താൽ ആർത്തുവിളിക്കും,
ഉത്തരദിക്കിൽനിന്നു
സംഹാരകർ അവളെ ആക്രമിക്കും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
49 “ഭൂമിയിലെങ്ങും ബാബേൽനിമിത്തം
ആളുകളെ കൊന്നുവീഴ്ത്തിയതുപോലെ
ഇസ്രായേലിൽ വധിക്കപ്പെട്ടവർനിമിത്തം ബാബേലിന്റെ പതനം അനിവാര്യം.
50 വാളിൽനിന്ന് ഒഴിഞ്ഞുപോയവരേ,
എങ്ങും തങ്ങിനിൽക്കാതെ ഓടിപ്പോകുക!
ദൂരദേശത്തുനിന്ന് യഹോവയെ ഓർക്കുക,
ജെറുശലേം നിങ്ങൾക്ക് ഓർമവരട്ടെ.”
51 “ഞങ്ങൾക്കു നേരിട്ട അപമാനംനിമിത്തം
ഞങ്ങൾ നിന്ദിതരായിരിക്കുന്നു,
യഹോവയുടെ ആലയത്തിലെ വിശുദ്ധസ്ഥലങ്ങളിൽ
വിദേശികൾ കടന്നുകയറിയതുമൂലം
ലജ്ജ ഞങ്ങളുടെ മുഖങ്ങളെ മൂടിയിരിക്കുന്നു.”
52 “എന്നാൽ ഞാൻ അവളുടെ വിഗ്രഹങ്ങളെ ശിക്ഷിക്കുകയും
അവളുടെ രാജ്യത്തുടനീളം
മാരകമായി മുറിവേറ്റവർ കിടന്നു ഞരങ്ങുകയും ചെയ്യുന്ന
കാലം വരുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
53 “ബാബേൽ ആകാശംവരെ കയറിയാലും
അവളുടെ ഉന്നതമായ കോട്ടകളെ അവൾ ബലപ്പെടുത്തിയാലും
ഞാൻ സംഹാരകരെ അതിലേക്ക് അയയ്ക്കും,”
എന്ന് യഹോവയുടെ അരുളപ്പാട്.
54 “ബാബേലിൽനിന്ന് ഒരു നിലവിളിയും,
ബാബേൽദേശത്തുനിന്ന്* അഥവാ, കൽദയദേശത്തുനിന്ന്
മഹാനാശത്തിന്റെ ശബ്ദവും കേൾക്കുന്നു.
55 യഹോവ ബാബേലിനെ നശിപ്പിക്കും;
അവളുടെ മഹാഘോഷം അവിടന്ന് ഇല്ലാതെയാക്കും.
ശത്രുക്കളുടെ തിരമാലകൾ പെരുവെള്ളംപോലെ ഇരമ്പുന്നു;
അവരുടെ ആരവം മുഴങ്ങിക്കേൾക്കുന്നു.
56 സംഹാരകൻ ബാബേലിനെതിരേ വരും;
അവളുടെ യോദ്ധാക്കൾ പിടിക്കപ്പെടും,
അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും.
യഹോവ പ്രതികാരത്തിന്റെ ദൈവമാണ്;
അവിടന്ന് ഒന്നും ബാക്കിവെക്കാതെ പകരംവീട്ടും.
57 അവളുടെ പ്രഭുക്കന്മാരെയും ജ്ഞാനികളായ പുരുഷന്മാരെയും
അവളുടെ ദേശാധിപതികളെയും യോദ്ധാക്കളെയും ഞാൻ മത്തുപിടിപ്പിക്കും;
അവർ എന്നേക്കും നിദ്രയിലാണ്ടുപോകും, എഴുന്നേൽക്കുകയില്ല,”
എന്ന് സൈന്യങ്ങളുടെ യഹോവ എന്ന നാമമുള്ള രാജാവ് അരുളിച്ചെയ്യുന്നു.
58 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ബാബേലിന്റെ കനമേറിയ മതിലുകൾ നിശ്ശേഷം ഇടിഞ്ഞുപോകും,
അവളുടെ ഉയർന്ന കവാടങ്ങൾ തീയിൽ വെന്തുപോകും;
അങ്ങനെ ജനതകളുടെ അധ്വാനം വ്യർഥമാകും,
രാഷ്ട്രങ്ങളുടെ പ്രയത്നം അഗ്നിക്ക് ഇന്ധനമാകും.”
59 യെഹൂദാരാജാവായ സിദെക്കീയാവിന്റെ ഭരണത്തിന്റെ നാലാമാണ്ടിൽ അദ്ദേഹത്തോടൊപ്പം മഹസേയാവിന്റെ മകനായ നേര്യാവിന്റെ മകൻ സെരായാവ് അംഗരക്ഷകസേനയുടെ നായകനായി ബാബേലിലേക്കു പോയപ്പോൾ യിരെമ്യാപ്രവാചകൻ അദ്ദേഹത്തോടു കൽപ്പിച്ച വചനം. 60 അങ്ങനെ യിരെമ്യാവ് ബാബേലിനു വരാൻപോകുന്ന അനർഥമൊക്കെയും—ബാബേലിനെക്കുറിച്ച് എഴുതപ്പെട്ടിരുന്ന ഈ വചനങ്ങൾ എല്ലാംതന്നെ—ഒരു തുകൽച്ചുരുളിൽ എഴുതി. 61 യിരെമ്യാവ് സെരായാവിനോടു പറഞ്ഞു: “നീ ബാബേലിൽ എത്തിയശേഷം ഈ വചനങ്ങൾ ഉച്ചത്തിൽ വായിക്കണം. 62 പിന്നീട്: ‘യഹോവേ, അവിടന്ന് ഈ സ്ഥലത്തെപ്പറ്റി, അതിൽ മനുഷ്യനോ മൃഗമോ യാതൊന്നും വസിക്കാത്തവിധം അതിനെ നശിപ്പിക്കുമെന്നും അത് എന്നേക്കും വിജനമായിത്തീരും എന്നും അരുളിച്ചെയ്തല്ലോ,’ എന്നു നീ പറയണം. 63 ഈ ചുരുൾ നീ വായിച്ചുതീർന്നശേഷം ഒരു കല്ല് അതിനോടു ചേർത്തുകെട്ടി യൂഫ്രട്ടീസ് നദിയുടെ നടുവിലേക്ക് എറിഞ്ഞുകളയണം. 64 പിന്നീട്, ‘ഇപ്രകാരംതന്നെ ബാബേൽ മുങ്ങിപ്പോകും, ഞാൻ അവളുടെമേൽ വരുത്താൻപോകുന്ന നാശംനിമിത്തം പിന്നീട് അതു പൊങ്ങിവരികയുമില്ല. അങ്ങനെ അവളുടെ ജനം നിലംപരിചാകും,’ എന്നു നീ പറയണം.”
യിരെമ്യാവിന്റെ സന്ദേശങ്ങൾ ഇവിടെ അവസാനിക്കുന്നു.
*51:1 മൂ.ഭാ. ആത്മാവിനെ
†51:1 കൽദയരെ, അഥവാ, ബാബേല്യരെക്കുറിച്ച് രഹസ്യഭാഷയിലെ വാക്ക്.
‡51:4 അഥവാ, കൽദയദേശത്ത്
§51:5 അതായത്, ബാബേൽദേശം
*51:24 അഥവാ, കൽദയയിലെ
†51:34 സീയോനെ അഥവാ ജെറുശലേമിനെ എന്നു വിവക്ഷ
‡51:35 അഥവാ, ഞങ്ങളോടും ഞങ്ങളുടെ മക്കളോടും
§51:41 കൽദയരെ, അഥവാ, ബാബേല്യരെക്കുറിച്ച് രഹസ്യഭാഷയിലെ വാക്ക്.
*51:54 അഥവാ, കൽദയദേശത്തുനിന്ന്