സങ്കീർത്തനം 35
ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവേ, എന്നോട് മത്സരിക്കുന്നവരോട് അങ്ങ് മത്സരിക്കണമേ;
എന്നോടു യുദ്ധംചെയ്യുന്നവരോട് അങ്ങ് യുദ്ധംചെയ്യണമേ.
പരിചയും പലകയും എടുക്കണമേ;
അങ്ങ് എഴുന്നേറ്റ് എന്റെ സഹായത്തിനായി വരണമേ.
എന്നെ പിൻതുടരുന്നവർക്കെതിരേ
കുന്തവും വേലും* അതായത്, കനംകുറഞ്ഞ നീളമുള്ള കുന്തം. വീശണമേ.
“അങ്ങാണ് എന്റെ രക്ഷയെന്ന്,”
എന്നോട് അരുളിച്ചെയ്യണമേ.
 
എന്റെ ജീവൻ അപായപ്പെടുത്താൻ നോക്കുന്നവർ
ലജ്ജിച്ച് അപമാനിതരായിത്തീരട്ടെ;
എന്റെ നാശത്തിനായി പദ്ധതിയാവിഷ്കരിക്കുന്നവർ
നിരാശരായി പിന്തിരിയട്ടെ.
യഹോവയുടെ ദൂതൻ അവരെ തുരത്തിയോടിക്കുന്നതിനാൽ
അവർ കാറ്റിൽ പാറിപ്പോകുന്ന പതിരുപോലെയാകട്ടെ.
യഹോവയുടെ ദൂതൻ അവരെ പിൻതുടരുന്നതിനാൽ
അവരുടെ പാതകൾ അന്ധകാരവും വഴുവഴുപ്പും ഉള്ളതാകട്ടെ.
 
അകാരണമായി അവരെനിക്കു വല വിരിക്കുകയും
ഒരു ചതിക്കുഴി കുഴിക്കുകയും ചെയ്യുകയാണല്ലോ,
അവർക്കു ശീഘ്രനാശം വന്നുഭവിക്കട്ടെ—
അവർ ഒരുക്കിവെച്ച വലയിൽ അവർതന്നെ കുടുങ്ങട്ടെ,
അവർ എനിക്കുവേണ്ടി കുഴിച്ച കുഴിയിലേക്ക് അവർതന്നെ നിപതിക്കട്ടെ.
അപ്പോൾ എന്റെ പ്രാണൻ യഹോവയിൽ ആനന്ദിക്കട്ടെ
അവിടത്തെ രക്ഷയിൽ ഘോഷിച്ചുല്ലസിക്കുകയും ചെയ്യട്ടെ.
10 “യഹോവേ, അങ്ങയെപ്പോലെ ആരുള്ളൂ?
എന്ന് എന്റെ എല്ലാ അസ്ഥികളും പ്രസ്താവിക്കും.
അവിടന്നു സാധുക്കളെ അവരുടെ ശക്തിക്ക് അതീതരായവരിൽനിന്ന് മോചിപ്പിക്കുന്നു;
കൊള്ളചെയ്യുന്നവരുടെ കൈയിൽനിന്ന് എളിയവരെയും ദരിദ്രരെയും.”
 
11 നിഷ്കരുണരായ സാക്ഷികൾ എനിക്കെതിരേ മുന്നോട്ടുവരുന്നു;
എനിക്കൊരറിവുമില്ലാത്ത വസ്തുതകളെപ്പറ്റി എന്നെ ചോദ്യംചെയ്യുന്നു.
12 അവർ, ഞാൻ ചെയ്ത നന്മയ്ക്കു പകരമായി തിന്മചെയ്യുന്നു
എന്റെ പ്രാണനെ ഉറ്റവർ മരിച്ച ഒരുവനെപ്പോലെ ആക്കുന്നു.
13 എന്നിട്ടും അവർ രോഗാതുരരായിരുന്നപ്പോൾ ഞാൻ ചാക്കുശീല ധരിച്ചുകൊണ്ട്
നമ്രമാനസനായി അവർക്കുവേണ്ടി ഉപവസിച്ചു.
എന്റെ പ്രാർഥന ഉത്തരംനേടാതെ എന്റെ അടുത്തേക്കുതന്നെ മടങ്ങിവന്നപ്പോൾ,
14 എന്റെ സ്നേഹിതനോ സഹോദരനോവേണ്ടി എന്നതുപോലെ
ഞാൻ വിലപിച്ചുകൊണ്ടിരുന്നു.
എന്റെ മാതാവിനുവേണ്ടി വിലപിക്കുന്നതുപോലെ
ദുഃഖത്താൽ ഞാൻ എന്റെ ശിരസ്സു നമിച്ചു.
15 എന്നാൽ ഞാൻ ഇടറിവീണപ്പോൾ അവർ ഒത്തുചേർന്ന് ആഹ്ലാദിച്ചു;
എന്റെ പ്രതിയോഗികൾ ഞാൻ അറിയാതെ എനിക്കെതിരേ സംഘംചേർന്നു.
ഇടവേളകളില്ലാതെ അവർ എന്നെ ദുഷിച്ചു.
16 അഭക്തരെപ്പോലെ അവർ എന്നെ ക്രൂരമായി പരിഹസിച്ചു;
അവർ എനിക്കെതിരേ പല്ലുകടിച്ചു.
 
17 കർത്താവേ, എത്രനാൾ അങ്ങ് നോക്കിനിൽക്കും?
അവരുടെ ഭീകരതയാർന്ന ആക്രമണങ്ങളിൽനിന്ന് എന്നെ മോചിപ്പിക്കണമേ,
ഈ സിംഹക്കുട്ടികളിൽനിന്ന് എന്റെ ജീവനെയും.
18 ഞാൻ മഹാസഭയിൽ അങ്ങേക്ക് നന്ദിയർപ്പിക്കും;
ജനസാഗരമധ്യേ ഞാൻ അങ്ങയെ വാഴ്ത്തും.
19 അകാരണമായി എന്നോടു ശത്രുതപുലർത്തുന്നവർ
എന്റെ പേരിൽ ആനന്ദിക്കാതിരിക്കട്ടെ;
അകാരണമായി എന്നെ വെറുക്കുന്നവർക്ക്
എന്നെ ഉപഹസിക്കാൻ ഇടവരാതിരിക്കട്ടെ. മൂ.ഭാ. കണ്ണിറുക്കാതിരിക്കട്ടെ
20 അവർ സമാധാനപരമായി സംസാരിക്കുന്നില്ല,
ദേശത്തു ശാന്തമായി ജീവിക്കുന്നവർക്കെതിരേ
അവർ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു.
21 അവർ എന്റെനേരേ, “ആഹാ! ആഹാ!” എന്നു പറഞ്ഞ് പരിഹസിക്കുന്നു
“ഞങ്ങളതു സ്വന്തം കണ്ണാൽ കണ്ടു,” എന്നും പറയുന്നു.
 
22 യഹോവേ, അങ്ങ് ഇതു കണ്ടല്ലോ; നിശ്ശബ്ദനായിരിക്കരുതേ.
കർത്താവേ, എന്നിൽനിന്ന് അകന്നിരിക്കുകയുമരുതേ.
23 ഉണരണമേ, എനിക്കു പ്രതിരോധം തീർക്കാൻ എഴുന്നേൽക്കണമേ!
എന്റെ ദൈവമായ കർത്താവേ, എനിക്കുവേണ്ടി വാദിക്കണമേ.
24 എന്റെ ദൈവമായ യഹോവേ, അവിടത്തെ നീതിക്കനുസൃതമായി എന്നെ കുറ്റവിമുക്തനാക്കണമേ;
അവർ എന്റെമേൽ ആനന്ദിക്കാതിരിക്കട്ടെ.
25 “ആഹാ, ഞങ്ങളുടെ ചിരകാലാഭിലാഷം നിറവേറി!” എന്ന് അവർ ചിന്തിക്കാതിരിക്കട്ടെ,
“ഞങ്ങൾ അവനെ വിഴുങ്ങിക്കളഞ്ഞു,” എന്നും അവർ വീമ്പിളക്കാതിരിക്കട്ടെ.
 
26 എന്റെ കഷ്ടതയിൽ ആർത്തട്ടഹസിക്കുന്ന എല്ലാവരും
ലജ്ജിതരും പരിഭ്രാന്തരും ആയിത്തീരട്ടെ;
എനിക്കെതിരേ തന്നെത്താൻ ഉയർത്തുന്നവർ
ലജ്ജയിലും അപമാനത്തിലും മുഴുകട്ടെ.
27 എനിക്കു ലഭ്യമാകുന്ന നീതിയിൽ ആനന്ദിക്കുന്നവർ
ആനന്ദത്തോടെ ആർത്തുഘോഷിക്കട്ടെ;
“തന്റെ ദാസന്റെ നന്മയിൽ ആഹ്ലാദിക്കുന്നവർ,
യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ,” എന്ന് എപ്പോഴും പറയട്ടെ.
 
28 എന്റെ നാവ് അവിടത്തെ നീതിയെപ്പറ്റി ഘോഷിക്കും,
ദിവസംമുഴുവനും അവിടത്തെ സ്തുതിയും.
സംഗീതസംവിധായകന്. സങ്കീ. 3:8-ലെ കുറിപ്പ് കാണുക.

*സങ്കീർത്തനം 35:3 അതായത്, കനംകുറഞ്ഞ നീളമുള്ള കുന്തം.

സങ്കീർത്തനം 35:19 മൂ.ഭാ. കണ്ണിറുക്കാതിരിക്കട്ടെ

സങ്കീർത്തനം 35:28 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.