2
ഏലിയാവ് സ്വർഗത്തിലേക്ക് എടുക്കപ്പെടുന്നു
യഹോവ ഏലിയാവിനെ ഒരു ചുഴലിക്കാറ്റിൽ സ്വർഗത്തിലേക്ക് എടുക്കുന്നതിനു തൊട്ടുമുമ്പേ ഏലിയാവും എലീശയും ഗിൽഗാലിൽനിന്ന് യാത്രചെയ്യുകയായിരുന്നു. “നീ ഇവിടെത്തന്നെ താമസിക്കുക; യഹോവ എന്നെ ബേഥേലിലേക്ക് അയച്ചിരിക്കുന്നു,” എന്ന് ഏലിയാവ് എലീശയോടു പറഞ്ഞു.
എന്നാൽ, എലീശാ അദ്ദേഹത്തോട്: “ജീവനുള്ള യഹോവയാണെ, അങ്ങയുടെ ജീവനാണെ, ഞാൻ അങ്ങയെ വിട്ടുപിരിയുകയില്ല” എന്നു മറുപടി പറഞ്ഞു. അങ്ങനെ, അവർ ഇരുവരും ബേഥേലിലേക്കു യാത്രപുറപ്പെട്ടു.
ബേഥേലിലെ പ്രവാചകഗണം എലീശയുടെ അടുക്കൽവന്നു: “യഹോവ ഇന്ന് അങ്ങയുടെ യജമാനനെ അങ്ങയുടെ അടുക്കൽനിന്ന് എടുത്തുകൊള്ളാൻ പോകുന്നു എന്ന് അങ്ങേക്കറിയാമോ?” എന്നു ചോദിച്ചു.
“അതേ! എനിക്കറിയാം; നിങ്ങൾ നിശ്ശബ്ദരായിരുന്നാലും!” എന്ന് എലീശാ മറുപടി പറഞ്ഞു.
പിന്നെ, ഏലിയാവ് എലീശയോട്: “എലീശേ, നീ ഇവിടെ താമസിക്കുക; യഹോവ എന്നെ യെരീഹോവിലേക്ക് അയച്ചിരിക്കുന്നു” എന്നു പറഞ്ഞു.
അപ്പോൾ എലീശാ പറഞ്ഞു: “ജീവനുള്ള യഹോവയാണെ, അങ്ങയുടെ ജീവനാണെ, ഞാൻ അങ്ങയെ വിട്ടുപിരിയുകയില്ല.” അങ്ങനെ, അവർ യെരീഹോവിലേക്കു യാത്രതുടർന്നു.
യെരീഹോവിലെ പ്രവാചകഗണം എലീശയെ സമീപിച്ചു: “യഹോവ ഇന്ന് അങ്ങയുടെ യജമാനനെ അങ്ങയുടെ അടുക്കൽനിന്ന് എടുത്തുകൊള്ളാൻ പോകുന്നു എന്ന് അങ്ങേക്കറിയാമോ?” എന്നു ചോദിച്ചു.
“അതേ! എനിക്കറിയാം. നിങ്ങൾ നിശ്ശബ്ദരായിരുന്നാലും!” എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
അതിനുശേഷം, ഏലിയാവ് എലീശായോട്: “ഇവിടെ താമസിക്കുക; യഹോവ എന്നെ യോർദാനിലേക്ക് അയച്ചിരിക്കുന്നു” എന്നു പറഞ്ഞു.
“ജീവനുള്ള യഹോവയാണെ, അങ്ങയുടെ ജീവനാണെ, ഞാൻ അങ്ങയെ വിട്ടുപിരിയുകയില്ല,” എന്ന് എലീശാ മറുപടി പറഞ്ഞു. അങ്ങനെ, അവരിരുവരും വീണ്ടും യാത്രയായി.
ഏലിയാവും എലീശയും യോർദാന്നരികെ ചെന്നുനിന്ന സ്ഥലത്തിനഭിമുഖമായി അൽപ്പം ദൂരത്തിൽ പ്രവാചകഗണത്തിൽപ്പെട്ട അൻപതുപേർ നിന്നിരുന്നു. ഏലിയാവ് തന്റെ മേലങ്കിയെടുത്തു നദിയിലെ വെള്ളത്തിന്മേൽ അടിച്ചു. വെള്ളം ഇരുവശത്തേക്കും മാറി; അവരിരുവരും ഉണങ്ങിയ നിലത്തുകൂടി മറുകര കടന്നു.
അവർ മറുകരയിലെത്തിയശേഷം ഏലിയാവ് എലീശയോട്: “നിന്റെ അടുക്കൽനിന്ന് എടുത്തുകൊള്ളപ്പെടുന്നതിനുമുമ്പ് നിനക്കുവേണ്ടി ഞാൻ എന്തു ചെയ്യണം? ചോദിച്ചുകൊൾക” എന്നു പറഞ്ഞു.
“അങ്ങയുടെ ആത്മാവിന്റെ ഇരട്ടിപ്പങ്ക് എനിക്ക് അവകാശമായി നൽകിയാലും” എന്ന് എലീശ മറുപടി നൽകി.
10 “വളരെ ദുഷ്കരമായ കാര്യമാണ് നീ ചോദിച്ചത്; എങ്കിലും ഞാൻ നിന്നിൽനിന്ന് എടുത്തുകൊള്ളപ്പെടുമ്പോൾ നീ എന്നെ കാണുമെങ്കിൽ നിനക്കതു ലഭിക്കും; അല്ലാത്തപക്ഷം ലഭിക്കുകയില്ല,” ഏലിയാവ് പറഞ്ഞു.
11 അവർ സംസാരിച്ചുകൊണ്ടു നടന്നുപോകുമ്പോൾ, പെട്ടെന്ന്, ഒരു അഗ്നിരഥവും അവയെ തെളിക്കുന്ന അഗ്നിയശ്വങ്ങളും പ്രത്യക്ഷപ്പെട്ട് അവരെത്തമ്മിൽ വേർപെടുത്തി; ഏലിയാവ് ഒരു ചുഴലിക്കാറ്റിൽ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു. 12 എലീശ അതുകണ്ട്: “എന്റെ പിതാവേ! എന്റെ പിതാവേ; ഇസ്രായേലിന്റെ തേരും തേരാളികളുമേ” എന്നു നിലവിളിച്ചു. എലീശാ പിന്നെ ഏലിയാവിനെ കണ്ടില്ല. എലീശാ തന്റെ വസ്ത്രം ദുഃഖസൂചകമായി രണ്ടു കഷണമായി കീറിക്കളഞ്ഞു.
13 പിന്നെ, ഏലിയാവിൽനിന്നു വീണ മേലങ്കിയുമായി എലീശാ മടങ്ങിവന്ന് യോർദാൻനദിയുടെ കരയിൽ നിന്നു. 14 അദ്ദേഹം ഏലിയാവിൽനിന്നു വീണ ആ മേലങ്കിയെടുത്തു വെള്ളത്തിന്മേൽ അടിച്ചു. “ഏലിയാവിന്റെ ദൈവമായ യഹോവ എവിടെ?” എന്നു ചോദിച്ചു. അപ്പോൾ, വെള്ളം രണ്ടുവശത്തേക്കും വേർപിരിഞ്ഞു; അദ്ദേഹം മറുകര കടക്കുകയും ചെയ്തു.
15 യെരീഹോവിൽ അദ്ദേഹത്തിനെതിരേ നിന്നിരുന്ന പ്രവാചകശിഷ്യന്മാർ അദ്ദേഹത്തെ കണ്ട് ആശ്ചര്യഭരിതരായി: “ഏലിയാവിന്റെ ആത്മാവ് എലീശയിൽ ആവസിക്കുന്നു” എന്നു പറഞ്ഞ് എതിരേറ്റുചെന്ന് അദ്ദേഹത്തിന്റെമുമ്പിൽ സാഷ്ടാംഗം നമസ്കരിച്ചു. 16 അവർ അദ്ദേഹത്തോട്: “ഇതാ, അങ്ങയുടെ സേവകന്മാരായ ഞങ്ങളോടുകൂടെ കരുത്തരായ അൻപതു പുരുഷന്മാരുണ്ട്; അവർ ചെന്ന് അങ്ങയുടെ യജമാനനെ മരുഭൂമിയിൽ അന്വേഷിക്കട്ടെ! ഒരുപക്ഷേ, യഹോവയുടെ ആത്മാവ് അദ്ദേഹത്തെ എടുത്തു വല്ല പർവതത്തിലോ താഴ്വരയിലോ ഇട്ടിട്ടുണ്ടായിരിക്കും” എന്നു പറഞ്ഞു.
“അരുത്! അവരെ അയയ്ക്കരുത്,” എന്ന് എലീശാ മറുപടി പറഞ്ഞു.
17 അദ്ദേഹത്തിനു മുഷിവ് തോന്നുന്നതുവരെയും അവർ നിർബന്ധിച്ചു. അപ്പോൾ അദ്ദേഹം, “അവരെ അയച്ചുകൊള്ളൂ” എന്നു പറഞ്ഞു. അവർ അൻപതുപേരെ അയച്ചു. അവർ മൂന്നുദിവസം തെരഞ്ഞെങ്കിലും ഏലിയാവിനെ കണ്ടെത്തിയില്ല. 18 അവർ യെരീഹോവിൽ താമസിച്ചിരുന്ന എലീശയുടെ അടുക്കൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹം അവരോട്: “പോകരുതെന്നു ഞാൻ നിങ്ങളോടു പറഞ്ഞതല്ലേ?” എന്നു ചോദിച്ചു.
വെള്ളം ശുദ്ധമാക്കുന്നു
19 ആ നഗരത്തിലെ ആളുകൾ എലീശയോട്: “നോക്കൂ, അങ്ങു കാണുന്നതുപോലെ ഈ നഗരത്തിന്റെ സ്ഥാനം മനോഹരംതന്നെ; എന്നാൽ, ഇതിലെ വെള്ളം മലിനവും ആ പ്രദേശം കൃഷിക്ക് ഉപയുക്തമല്ലാത്തതുമാണ്” എന്നു പറഞ്ഞു.
20 “ഒരു പുതിയ പാത്രം കൊണ്ടുവന്ന് അതിൽ ഉപ്പ് ഇടുക,” എന്ന് അദ്ദേഹം കൽപ്പിച്ചു. അവർ അപ്രകാരംതന്നെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു.
21 അദ്ദേഹം, നീരുറവിന്റെ അടുത്തുചെന്ന് അതിൽ ഉപ്പ് വിതറിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: “ ‘ഇതാ, ഈ ജലം ഞാൻ ശുദ്ധമാക്കിയിരിക്കുന്നു;* മൂ.ഭാ. സൗഖ്യമാക്കിയിരിക്കുന്നു ഇനിമേൽ ഇതു മരണത്തിനോ മണ്ണിന്റെ ഫലശൂന്യതയ്ക്കോ കാരണമാകുകയില്ല,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു.” 22 എലീശാ പറഞ്ഞ വചനംപോലെ ആ ജലം ഇന്നും ശുദ്ധമായിത്തന്നെയിരിക്കുന്നു.
എലീശാ പരിഹസിക്കപ്പെടുന്നു
23 യെരീഹോവിൽനിന്ന് എലീശ ബേഥേലിലേക്കുപോയി. അദ്ദേഹം വഴിയിലൂടെ നടന്നുപോകുമ്പോൾ ഒരുകൂട്ടം ആൺകുട്ടികൾ പട്ടണത്തിന് പുറത്തുവന്ന് അദ്ദേഹത്തെ പരിഹസിച്ചുതുടങ്ങി. “കടന്നുപോ മൊട്ടത്തലയാ! കടന്നുപോ മൊട്ടത്തലയാ!” എന്ന് അവർ വിളിച്ചുകൂവി. 24 അദ്ദേഹം തിരിഞ്ഞ് അവരെ നോക്കി; യഹോവയുടെ നാമത്തിൽ അവർക്കെതിരേ ചില ശാപവാക്കുകൾ ഉച്ചരിച്ചു. അപ്പോൾ, രണ്ടു കരടികൾ വനത്തിൽനിന്ന് ഇറങ്ങിവന്ന് ആ ആൺകുട്ടികളിൽ നാൽപ്പത്തിരണ്ടുപേരെ കീറിക്കളഞ്ഞു. 25 പിന്നീട്, അദ്ദേഹം കർമേൽമലയിലേക്കും അവിടെനിന്നു ശമര്യയിലേക്കും മടങ്ങിപ്പോയി.

*2:21 മൂ.ഭാ. സൗഖ്യമാക്കിയിരിക്കുന്നു