20
രബ്ബ പിടിച്ചടക്കുന്നു
1 അടുത്ത വസന്തകാലത്ത്, രാജാക്കന്മാർ യുദ്ധത്തിനു പുറപ്പെടാറുള്ള സമയത്ത്, യോവാബ് സൈന്യത്തെ നയിച്ചുചെന്ന് അമ്മോന്യരുടെ ദേശത്തെ ശൂന്യമാക്കുകയും രബ്ബാനഗരത്തെ ഉപരോധിക്കുകയും ചെയ്തു. എന്നാൽ ദാവീദ്, ജെറുശലേമിൽത്തന്നെ താമസിച്ചു. യോവാബ് രബ്ബയെ ആക്രമിച്ചു തകർത്തുകളഞ്ഞു. 2 ദാവീദ് അവരുടെ രാജാവിന്റെ തലയിൽനിന്ന് കിരീടം എടുത്തു—അതിന്റെ തൂക്കം ഒരു താലന്ത്* ഏക. 34 കി.ഗ്രാം. സ്വർണം എന്നുകണ്ടു; അതിൽ അമൂല്യരത്നങ്ങൾ പതിച്ചിരുന്നു—അതു ദാവീദിന്റെ ശിരസ്സിൽ വെക്കപ്പെട്ടു. ആ നഗരത്തിൽനിന്നു ധാരാളം കൊള്ളമുതലും അദ്ദേഹം പിടിച്ചെടുത്തു. 3 അദ്ദേഹം അവിടത്തെ ജനങ്ങളെ കൊണ്ടുവന്ന് അറക്കവാളും ഇരുമ്പുകൂന്താലിയും കോടാലിയുംകൊണ്ടുള്ള പണികൾക്കായി നിയോഗിച്ചു; എല്ലാ അമ്മോന്യനഗരങ്ങളോടും ദാവീദ് ഈ വിധംതന്നെ ചെയ്തു. അതിനുശേഷം ദാവീദും സകലസൈന്യവും ജെറുശലേമിലേക്കു മടങ്ങി.
ഫെലിസ്ത്യരുമായുള്ള യുദ്ധം
4 ഈ സംഭവത്തിനുശേഷം ഗേസെരിൽവെച്ച് ഫെലിസ്ത്യരുമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ആ സമയത്ത് ഹൂശാത്യനായ സിബ്ബെഖായി രാഫാത്യരുടെ പിൻഗാമികളിൽ മല്ലനായ സിപ്പായിയെ വധിച്ചു; പിന്നെ ഫെലിസ്ത്യർ കീഴടങ്ങി.
5 ഫെലിസ്ത്യരുമായുണ്ടായ മറ്റൊരു യുദ്ധത്തിൽ യായീരിന്റെ മകനായ എൽഹാനാൻ ഗിത്യനായ ഗൊല്യാത്തിന്റെ സഹോദരൻ ലഹ്മിയെ വധിച്ചു. നെയ്ത്തുകോൽപ്പിടിപോലെ തടിച്ച പിടിയോടുകൂടിയ ഒരു കുന്തമാണ് ആ ഫെലിസ്ത്യനുണ്ടായിരുന്നത്.
6 ഗത്തിൽവെച്ചുനടന്ന മറ്റൊരു യുദ്ധത്തിൽ, കൈകാലുകളിൽ ഓരോന്നിലും ആറു വിരൽവീതം മൊത്തം ഇരുപത്തിനാലു വിരലുള്ള ഒരു ഭീമാകാരനുണ്ടായിരുന്നു. അയാളും രാഫായുടെ പിൻഗാമികളിൽ ഒരാളായിരുന്നു. 7 അയാൾ ഇസ്രായേലിനെ അധിക്ഷേപിച്ചപ്പോൾ, ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകൻ യോനാഥാൻ അയാളെ വധിച്ചു.
8 ഇവർ ഗത്തിലെ രാഫായുടെ പിൻഗാമികളായിരുന്നു. അവർ നാലും ദാവീദിന്റെയും അനുയായികളുടെയും കൈയിൽപ്പെട്ടു നാശമടഞ്ഞു.