38. അദ്ധ്യായം.
1 അക്കാലത്ത് യെഹൂദാ തന്റെ സഹോദരന്മാരെ വിട്ട് ഹീരാ എന്നു പേരുള്ള ഒരു അദുല്ലാമ്യന്റെ അടുക്കൽ ചെന്നു; 2 അവിടെ ശൂവാ എന്നു പേരുള്ള ഒരു കനാന്യന്റെ മകളെ കണ്ടു; അവളെ വിവാഹം ചെയ്തു. 3 അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു; യെഹൂദാ അവന് ഏർ എന്നു പേരിട്ടു. 4 അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു; അവൾ അവന് ഓനാൻ എന്നു പേരിട്ടു. 5 അവൾ പിന്നെയും ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; അവന് ശേലാ എന്നു പേരിട്ടു. അവൾ ഇവനെ പ്രസവിച്ചപ്പോൾ യെഹൂദാ കെസീബിൽ ആയിരുന്നു. 6 യെഹൂദാ തന്റെ ആദ്യജാതനായ ഏരിനു താമാർ എന്നു പേരുള്ള ഒരു ഭാര്യയെ എടുത്തു. 7 യെഹൂദായുടെ ആദ്യജാതനായ ഏർ യഹോവയ്ക്ക് അപ്രിയനായിരുന്നതുകൊണ്ട് യഹോവ അവനെ മരണത്തിനിരയാക്കി. 8 അപ്പോൾ യെഹൂദാ ഓനാനോട്: “നിന്റെ ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്ന് അവളോടു ദേവരധർമ്മം* ദേവരധർമ്മം ഭർത്തൃസഹോദരന്റെ ധർമം. അനുഷ്ഠിച്ച്, ജ്യേഷ്ഠന്റെ പേർക്കു സന്തതിയെ ജനിപ്പിക്കുക” എന്നു പറഞ്ഞു. 9 എന്നാൽ ആ സന്തതി തന്റേതായിരിക്കുകയില്ല എന്ന് ഓനാൻ അറിയുകകൊണ്ട് ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുമ്പോഴെല്ലാം ജ്യേഷ്ഠനു സന്തതിയെ കൊടുക്കാതിരിക്കേണ്ടതിന് രേതസ്സ് നിലത്തു വീഴ്ത്തിക്കളഞ്ഞു. 10 അവൻ ചെയ്തതു യഹോവയ്ക്ക് അനിഷ്ടമായിരുന്നതുകൊണ്ട് യഹോവ ഇവനെയും മരണത്തിനിരയാക്കി. 11 അപ്പോൾ യെഹൂദാ തന്റെ മരുമകളായ താമാറിനോട്: “എന്റെ മകൻ ശേലാ പ്രായപൂർത്തിയാകുവോളം നീ അപ്പന്റെ വീട്ടിൽ പോയി വിധവയായി വസിക്കുക” എന്നു പറഞ്ഞു; ഇവനും സഹോദരന്മാരെപ്പോലെ മരിച്ചുപോകരുത് എന്ന് അവൻ വിചാരിച്ചു; അങ്ങനെ താമാർ അപ്പന്റെ വീട്ടിൽപോയി പാർത്തു. 12 കുറെ കാലം കഴിഞ്ഞ് ശൂവയുടെ മകൾ യെഹൂദായുടെ ഭാര്യ മരിച്ചു; യെഹൂദായുടെ ദുഃഖം മാറിയശേഷം അവൻ തന്റെ സ്നേഹിതൻ അദുല്ലാമ്യനായ ഹീരയോടുകൂടെ തിമ്നായിൽ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിനുപോയി. 13 “നിന്റെ അമ്മായിയപ്പൻആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിനു തിമ്നായ്ക്കു പോകുന്നു” എന്നു താമാറിന് അറിവു കിട്ടി. 14 ശേലാ പ്രായപൂർത്തിയായിട്ടും തന്നെ അവന് ഭാര്യയായി കൊടുത്തില്ല എന്നു കണ്ടിട്ട് അവൾ വിധവാവസ്ത്രം മാറ്റിവച്ച്, ഒരു മൂടുപടം മൂടി പുതച്ച് തിമ്നായ്ക്കു പോകുന്ന വഴിക്കുള്ള എനയീംപട്ടണത്തിന്റെ വാതിൽക്കൽ ഇരുന്നു. 15 യെഹൂദാ അവളെ കണ്ടപ്പോൾ അവൾ മുഖം മൂടിയിരുന്നതുകൊണ്ട് ഒരു വേശ്യ എന്നു വിചാരിച്ചു. 16 അവൻ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞു തന്റെ മരുമകൾ എന്നു അറിയാതെ: “വരിക, ഞാൻ നിന്റെ അടുക്കൽ വരട്ടെ” എന്നു പറഞ്ഞു. “എന്റെ അടുക്കൽ വരുന്നതിനു നീ എനിക്ക് എന്തു തരും” എന്ന് അവൾ ചോദിച്ചു. 17 “ഞാൻ ആട്ടിൻകൂട്ടത്തിൽനിന്ന് ഒരു ആട്ടിൻകുട്ടിയെ നിനക്കു കൊടുത്തയക്കാം” എന്ന് അവൻ പറഞ്ഞു. “നീ കൊടുത്തയക്കുന്നതുവരെ ഒരു പണയം തരുമോ” എന്ന് അവൾ ചോദിച്ചു. 18 “ഞാൻ നിനക്ക് എന്തു പണയം തരണം” എന്ന് അവൻ ചോദിച്ചതിന് “നിന്റെ മുദ്രമോതിരവും മോതിരച്ചരടും നിന്റെ കൈയിലെ വടിയും” എന്ന് അവൾ പറഞ്ഞു. ഇവ അവൾക്കു കൊടുത്തു, അവൻ അവളുടെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിക്കയും ചെയ്തു. 19 പിന്നെ അവൾ എഴുന്നേറ്റു പോയി, തന്റെ മൂടുപടം നീക്കി വിധവാവസ്ത്രം ധരിച്ചു. 20 സ്ത്രീയുടെ കൈയിൽനിന്നും പണയം മടക്കി വാങ്ങേണ്ടതിന് യെഹൂദാ അദുല്ലാമ്യനായ സ്നേഹിതന്റെ കൈവശം ആട്ടിൻകുട്ടിയെ കൊടുത്തയച്ചു; അവൻ അവളെ കണ്ടില്ലതാനും. 21 അവൻ ആ സ്ഥലത്തെ ആളുകളോട്: “ഏനയീമിൽ വഴിയരികെ ഇരുന്ന വേശ്യ എവിടെ” എന്നു ചോദിച്ചതിന്: “ഇവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല” എന്ന് അവർ പറഞ്ഞു. 22 അവൻ യെഹൂദായുടെ അടുക്കൽ മടങ്ങിവന്നു: “ഞാൻ അവളെ കണ്ടില്ല; ‘ഈ സ്ഥലത്ത് ഒരു വേശ്യയും ഉണ്ടായിരുന്നില്ല’ എന്ന് അവിടെയുള്ള ആളുകൾ പറഞ്ഞു” എന്നു പറഞ്ഞു. 23 “അപ്പോൾ യെഹൂദാ നമുക്ക് അപകീർത്തി ഉണ്ടാകാതിരിക്കുവാൻ അവൾ അത് എടുത്തുകൊള്ളട്ടെ; ഞാൻ ഈ ആട്ടിൻകുട്ടിയെ കൊടുത്തയച്ചുവല്ലോ; നീ അവളെ കണ്ടില്ലതാനും” എന്നു പറഞ്ഞു. 24 ഏകദേശം മൂന്നുമാസം കഴിഞ്ഞിട്ട്: “നിന്റെ മരുമകൾ താമാർ പരസംഗംചെയ്തു, പരസംഗത്താൽ ഗർഭിണിയായിരിക്കുന്നു” എന്നു യെഹൂദായ്ക്ക് അറിവുകിട്ടി. അപ്പോൾ യെഹൂദാ: “അവളെ പുറത്തുകൊണ്ടുവരുവിൻ; അവളെ ചുട്ടുകളയണം” എന്നു പറഞ്ഞു. 25 അവളെ പുറത്തു കൊണ്ടുവന്നപ്പോൾ അവൾ അമ്മായപ്പന്റെ അടുക്കൽ ആളയച്ചു: “ഇവയുടെ ഉടമസ്ഥനായ പുരുഷനാൽ ആകുന്നു ഞാൻ ഗർഭിണിയായിരിക്കുന്നത്; ഈ മുദ്രമോതിരവും മോതിരച്ചരടും വടിയും ആരുടേത് എന്നു നോക്കി അറിയേണം” എന്നു പറയിച്ചു. 26 യെഹൂദാ അവയെ അറിഞ്ഞു: “അവൾ എന്നിലും നീതിയുള്ളവൾ; ഞാൻ അവളെ എന്റെ മകൻ ശേലാവിനു കൊടുത്തില്ല” എന്നു പറഞ്ഞു; അതിൽ പിന്നെ അവളെ പ്രാപിച്ചതുമില്ല. 27 അവൾക്കു പ്രസവകാലം ആയപ്പോൾ അവളുടെ ഗർഭത്തിൽ ഇരട്ടക്കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു. 28 അവൾ പ്രസവിക്കുമ്പോൾ ഒരു കുഞ്ഞ് കൈ പുറത്തു നീട്ടി; അപ്പോൾ സൂതികർമ്മിണി ഒരു ചുവന്ന നൂൽ എടുത്ത് അവന്റെ കൈയ്ക്കു കെട്ടി; “ഇവൻ ആദ്യം പുറത്തുവന്നു” എന്നു പറഞ്ഞു. 29 അവനോ കൈ പിന്നെയും അകത്തേക്കു വലിച്ചു. അപ്പോൾ അവന്റെ സഹോദരൻ പുറത്തുവന്നു: “നീ ഛിദ്രം ഉണ്ടാക്കിയതു എന്ത് ” എന്ന് അവൾ പറഞ്ഞു. അതുകൊണ്ട് അവന് പേരെസ്സ് എന്നു പേരിട്ടു. 30 അതിന്റെ ശേഷം കൈമേൽ ചുവന്ന നൂലുള്ള അവന്റെ സഹോദരൻ പുറത്തുവന്നു; അവന് സേരഹ് എന്നു പേരിട്ടു.