അദ്ധ്യായം. 4
1 ശമൂവേൽ ദൈവത്തിന്റെ അരുളപ്പാടുകൾ എല്ലാ യിസ്രായേൽജനങ്ങളെയും അറിയിച്ചപ്പോൾ: യിസ്രായേൽ ജനങ്ങൾ ഫെലിസ്ത്യരുടെ നേരെ യുദ്ധത്തിന് പുറപ്പെട്ടു, ഏബെൻ-ഏസെരിന്നരികെ പാളയം ഇറങ്ങി, ഫെലിസ്ത്യർ അഫേക്കിലും പാളയമിറങ്ങി, 2 ഫെലിസ്ത്യർ യിസ്രായേലിന്റെ നേരെ അണിനിരന്നു; യുദ്ധത്തിൽ യിസ്രായേൽജനങ്ങൾ ഫെലിസ്ത്യരോട് തോറ്റുപോയി; ഏകദേശം നാലായിരംപേരെ അവർ പോർക്കളത്തിൽവച്ചു സംഹരിച്ചു. 3 പടജ്ജനം പാളയത്തിൽ വന്നപ്പോൾ യിസ്രായേൽമൂപ്പന്മാർ: “ഇന്ന് യഹോവ നമ്മെ ഫെലിസ്ത്യരുടെ മുൻപിൽ പരാജയപ്പെടുത്തിയത് എന്തിന്? നാം ശീലോവിൽനിന്ന് യഹോവയുടെ നിയമപെട്ടകം നമ്മുടെ അടുക്കൽ കൊണ്ടു വരിക; അത് നമ്മുടെ ഇടയിൽ വന്നാൽ നമ്മെ ശത്രുക്കളുടെ കയ്യിൽ നിന്ന് രക്ഷിക്കും” എന്നു പറഞ്ഞു. 4 അങ്ങനെ ജനം ശീലോവിലേക്ക് ആളയച്ചു, അവർ കെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്നവനായ, സൈന്യങ്ങളുടെ യഹോവയുടെ നിയമപെട്ടകം അവിടെനിന്ന് കൊണ്ടുവന്നു. ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ദൈവത്തിന്റെ നിയമപെട്ടകത്തോടുകൂടെ ഉണ്ടായിരുന്നു. 5 യഹോവയുടെ നിയമപെട്ടകം പാളയത്തിൽ എത്തിയപ്പോൾ ഭൂമി കുലുങ്ങത്തക്കവണ്ണം യിസ്രായേലെല്ലാം ഉച്ചത്തിൽ ആർപ്പിട്ടു* ആർപ്പ് = ഉച്ചത്തിൽ അലറുക. 6 ഫെലിസ്ത്യർ ആർപ്പിന്റെ ശബ്ദം കേട്ടിട്ട്: “എബ്രായരുടെ പാളയത്തിൽ ഈ വലിയ ആർപ്പിന്റെ കാരണം എന്ത് ” എന്ന് അന്വേഷിച്ചു, യഹോവയുടെ പെട്ടകം പാളയത്തിൽ വന്നിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞു. 7 ദൈവം പാളയത്തിൽ വന്നിരിക്കുന്നു എന്ന് ഫെലിസ്ത്യർ പറഞ്ഞു. അവർ ഭയപ്പെട്ട് പറഞ്ഞത്: “നമുക്കു അയ്യോ കഷ്ടം! ഇങ്ങനെ ഒരു കാര്യം ഇതുവരെ ഉണ്ടായിട്ടില്ല. 8 നമുക്കു അയ്യോ കഷ്ടം! ശക്തിയുള്ള ഈ ദൈവത്തിന്റെ കയ്യിൽനിന്ന് നമ്മെ ആർ രക്ഷിക്കും? മിസ്രയീമ്യരെ മരുഭൂമിയിൽ പലവിധ ബാധകളാൽ ഞെരുക്കിയ ദൈവം ഇതു തന്നേ. 9 ഫെലിസ്ത്യരേ, ധൈര്യം പൂണ്ട് പൗരുഷം കാണിപ്പിൻ; എബ്രായർ നിങ്ങൾക്ക് ദാസന്മാർ ആയിരുന്നതുപോലെ നിങ്ങൾ അവർക്ക് ആകരുത്; പൗരുഷത്തോടെ യുദ്ധം ചെയ്യുവിൻ” എന്നു പറഞ്ഞു. 10 അങ്ങനെ ഫെലിസ്ത്യർ യുദ്ധം തുടങ്ങിയപ്പോൾ യിസ്രായേൽ തോറ്റു; ഓരോരുത്തരും അവരവരുടെ വീട്ടിലേക്കു ഓടി; യിസ്രായേലിൽ മുപ്പതിനായിരം കാലാൾ† കാലാൾ = നിലത്തുനിന്ന് യുദ്ധം ചെയ്യുന്ന സൈന്യം വീണുപോകത്തക്കവണ്ണം ഒരു മഹാസംഹാരം ഉണ്ടായി. 11 ദൈവത്തിന്റെ പെട്ടകം പിടിക്കപ്പെട്ടു; ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും കൊല്ലപ്പെട്ടു. 12 യുദ്ധക്കളത്തിൽനിന്ന് ഒരു ബെന്യാമീൻ ഗോത്രക്കാരൻ വസ്ത്രം കീറിയും തലയിൽ മണ്ണ് വാരിയിട്ടുംകൊണ്ട് ഓടി. അയാൾ അന്നുതന്നെ ശീലോവിൽ വന്നു. 13 അവൻ വരുമ്പോൾ ഏലി നോക്കിക്കൊണ്ട് വഴിയരികെ തന്റെ പീഠത്തിൽ ഇരിക്കയായിരുന്നു; ദൈവത്തിന്റെ പെട്ടകത്തെക്കുറിച്ച് അവന്റെ ഹൃദയം വ്യസനിച്ചിരുന്നു; ആ മനുഷ്യൻ പട്ടണത്തിൽ എത്തി ഈ വാർത്ത പറഞ്ഞപ്പോൾ പട്ടണത്തിലെല്ലാവരും ഭയന്നു നിലവിളിച്ചു. 14 ഏലി നിലവിളികേട്ടപ്പോൾ ഈ ആരവം എന്ത് എന്ന് ചോദിച്ചു. ആ മനുഷ്യൻ തിടുക്കത്തോടെ വന്ന് ഏലിയോടും അറിയിച്ചു. 15 ഏലി തൊണ്ണൂറ്റെട്ട് വയസ്സുള്ളവനും കാണുവാൻ കഴിയാതവണ്ണം കണ്ണ് മങ്ങിയവനും ആയിരുന്നു. 16 ആ മനുഷ്യൻ ഏലിയോട്: “ഞാൻ ഇപ്പോൾ യുദ്ധക്കളത്തിൽനിന്ന് ഓടിവന്നവൻ ആകുന്നു ” എന്നു പറഞ്ഞു. “വാർത്ത എന്താകുന്നു, മകനേ”, എന്ന് അവൻ ചോദിച്ചു. 17 അതിന് ആ സന്ദേശവാഹകൻ: “യിസ്രായേൽ ഫെലിസ്ത്യരുടെ മുമ്പിൽ തോറ്റോടി; ജനത്തിൽ ഒരു മഹാസംഹാരം ഉണ്ടായി; നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും കൊല്ലപ്പെട്ടു; ദൈവത്തിന്റെ പെട്ടകവും പിടിക്കപ്പെട്ടു” എന്നു പറഞ്ഞു. 18 ദൈവത്തിന്റെ പെട്ടകത്തിന്റെ കാര്യം അറിഞ്ഞപ്പോൾ ഏലി പടിവാതില്ക്കൽ,പീഠത്തിൽനിന്ന് പിറകോട്ടു വീണു കഴുത്തൊടിഞ്ഞു മരിച്ചു; അവൻ വൃദ്ധനും ഭാരമുള്ളവനും ആയിരുന്നു. അവൻ നാല്പത് വർഷം യിസ്രായേലിന് ന്യായപാലനം ചെയ്തു.
19 എന്നാൽ അവന്റെ മരുമകൾ ഫീനെഹാസിന്റെ ഭാര്യ പ്രസവം അടുത്ത ഗർഭിണിയായിരുന്നു; ദൈവത്തിന്റെ പെട്ടകം പിടിക്കപ്പെട്ടതും അമ്മാവിയപ്പനും ഭർത്താവും മരിച്ചതും കേട്ടപ്പോൾ അവൾക്ക് പ്രസവവേദന തുടങ്ങി; അവൾ നിലത്ത് വീണ് പ്രസവിച്ചു. 20 അവൾ മരിക്കാറായപ്പോൾ അരികെ നിന്ന സ്ത്രീകൾ അവളോട്: “ഭയപ്പെടേണ്ടാ; നീ ഒരു മകനെ പ്രസവിച്ചുവല്ലോ” എന്നു പറഞ്ഞു. എന്നാൽ അവൾ ഉത്തരം പറഞ്ഞില്ല, ശ്രദ്ധിച്ചതുമില്ല. 21 ദൈവത്തിന്റെ പെട്ടകം പിടിക്കപ്പെട്ടതുകൊണ്ടും അമ്മാവിയപ്പനെയും ഭർത്താവിനെയും ഓർത്തിട്ടും: “മഹത്വം യിസ്രായേലിൽനിന്ന് പൊയ്പോയി” എന്നു പറഞ്ഞ് അവൾ കുഞ്ഞിന് ഈഖാബോദ് എന്ന് പേർ ഇട്ടു. 22 ദൈവത്തിന്റെ പെട്ടകം പിടിക്കപ്പെട്ടതുകൊണ്ട് “മഹത്വം യിസ്രായേലിൽനിന്നു പൊയ്പോയി” എന്ന് അവൾ പറഞ്ഞു.
*അദ്ധ്യായം. 4. 5 ആർപ്പ് = ഉച്ചത്തിൽ അലറുക
†അദ്ധ്യായം. 4. 10 കാലാൾ = നിലത്തുനിന്ന് യുദ്ധം ചെയ്യുന്ന സൈന്യം