സംഖ്യാപുസ്തകം
ഗ്രന്ഥകര്‍ത്താവ്
യഹൂദ-ക്രൈസ്തവ പാരമ്പര്യം അനുസരിച്ച് മോശെയാണ് ഈ പുസ്തകത്തിന്റെ എഴുത്തുകാരൻ. ഈ പുസ്തകത്തിൽ ധാരാളം സ്ഥിതിവിവരക്കണക്കുകളും ജനസംഖ്യ കണക്കുകളും ഗോത്രങ്ങളുടെയും പുരോഹിതരുടെയും സംഖ്യയും മറ്റു സഖ്യാപരമായ വസ്തുതകളും അടങ്ങിയിരിക്കുന്നു. പുറപ്പാടിനു ശേഷം രണ്ടാം ആണ്ട് മുതൽ മരുഭൂ പ്രയാണത്തിന്റെ അവസാനംവരെ 38 വർഷത്തെ കാലയളവാണ് ഈ പുസ്തകത്തിന്‍റെത് അതായത് സീനായി മരുഭൂമിമുതൽ കനാൻ നാട്ടിലേക്ക് പ്രവേശിക്കുന്നത് വരെ ഉള്ള കാലഘട്ടം എന്നാൽ രണ്ടാം വർഷത്തെയും നാല്പതാം വർഷത്തെയും സംഭവങ്ങളെ മാത്രമാണ് പ്രതിപാദിക്കുന്നത് 38 വർഷത്തെ കാലത്തെ പല സംഭവങ്ങളെക്കുറിച്ചും പുസ്തകം നിശബ്ദമാണ്.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു. 1446 - 1405.
ഈജിപ്തിൽനിന്ന് പുറപ്പെട്ടത് രണ്ടാം വർഷം സീനായി പർവ്വതത്തിന് അടുത്തു ജനം പാളയം ഇറങ്ങിയപ്പോള്‍.
സ്വീകര്‍ത്താവ്
സംഖ്യാപുസ്തകം യിസ്രായേൽ ജനതയുടെ വാഗ്ദത്ത നാട്ടിലേക്കുള്ള പ്രയാണത്തിന്റെ ചരിത്രരേഖയാണ് അതുപോലെ ഭാവിയിലെ വായനക്കാരെ തങ്ങളുടെ സ്വർഗീയ യാത്രയിലും ദൈവത്തിന്റെ സാന്നിധ്യം കൂടെയുണ്ടാവും ഓർമിപ്പിക്കുന്നു.
ഉദ്ദേശം
യിസ്രായേലിന്റെ രണ്ടാം തലമുറ വാഗ്ദത്ത നാട്ടിലേക്ക് പ്രവേശിക്കുവാൻ തയ്യാറെടുക്കുമ്പോഴാണ് സംഖ്യാപുസ്തകം എഴുതപ്പെട്ടത് ആ തലമുറയെ വിശ്വാസത്താൽ വാഗ്ദത്ത നാടിനെ കൈവശമാക്കുവാൻ പ്രചോദനം നൽകുക എന്നതായിരുന്നു ലക്ഷ്യം. സംഖ്യാപുസ്തകം തന്റെ ജനതയോടുള്ള ദൈവത്തിൻറെ അപരിമിതമായ വിശ്വസ്തതയോടെ പ്രദർശനം കൂടിയാണ്. ഒന്നാം തലമുറ ദൈവത്തിന്റെ ഉടമ്പടിയുടെ നന്മകളെ നിഷേധിച്ചപ്പോൾ ദൈവം വിശ്വസ്തത കാണിച്ചു. അവർ ദൈവത്തോട് പരാതി പറയും മത്സരിക്കുകയും ചെയ്തപ്പോൾ തന്റെ ജനത്തെ അനുഗ്രഹിക്കുകയും രണ്ടാം തലമുറയുടെ കാലത്ത് തന്നെ തൻറെ വാഗ്ദത്തത്തിന്റെ നിവൃത്തി കാണിച്ചുകൊടുക്കുകയും ചെയ്യുന്നു.
പ്രമേയം
യാത്രകൾ
സംക്ഷേപം
1. വാഗ്ദത്ത നാട്ടിലേക്കുള്ള പ്രയാണം: തയ്യാറെടുപ്പ് — 1:1 - 10:10
2. ജനത്തെ വിശുദ്ധീകരിക്കുവാനുള്ള കൽപ്പന
3. സീനായിൽ നിന്നും കാദേശിലേക്ക് — 10:11 - 12:16
4. മത്സരം നിമിത്തമുള്ള കാലതാമസം — 13:1 - 20:13
5. കദേശില്‍ നിന്നും മോവാബിലെത്തുന്നു — 20:14 - 22:1
6. യാത്ര ഇസ്രായേൽജനം വാഗ്ദത്ത നാട് കൈവശമാക്കുവാൻ ഉള്ള തയ്യാറെടുപ്പ് — 22:2 - 32:42
7. മറ്റ് വിഷയങ്ങൾ — 33:1 - 36:13
1
യിസ്രായേൽ മക്കൾ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടതിന്റെ രണ്ടാം സംവത്സരം രണ്ടാം മാസം ഒന്നാം തീയതി യഹോവ സീനായിമരുഭൂമിയിൽ സമാഗമനകൂടാരത്തിൽവച്ച് മോശെയോട് ഇപ്രകാരം അരുളിച്ചെയ്തു: “നിങ്ങൾ യിസ്രായേൽ മക്കളെ എല്ലാം ഗോത്രംഗോത്രമായും കുടുംബംകുടുംബമായും സകലപുരുഷന്മാരുടേയും പേര് ആളാംപ്രതി പട്ടികയിൽ ചേർത്ത് സംഘത്തിന്റെ കണക്കെടുക്കണം. നീയും അഹരോനും യിസ്രായേലിൽ ഇരുപത് വയസ്സുമുതൽ മുകളിലേക്ക്, യുദ്ധം ചെയ്യുവാൻ പ്രാപ്തിയുള്ള എല്ലാവരെയും ഗണംഗണമായി എണ്ണണം. ഓരോ ഗോത്രത്തിൽനിന്നും പിതൃഭവനത്തലവനായ ഒരാൾ നിങ്ങളോടുകൂടി ഉണ്ടായിരിക്കണം. നിങ്ങളോടുകൂടി നില്ക്കേണ്ടുന്ന പുരുഷന്മാർ ഇവരാണ്: രൂബേൻ ഗോത്രത്തിൽ ശെദേയൂരിന്റെ മകൻ എലീസൂർ; ശിമെയോൻ ഗോത്രത്തിൽ സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ; യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്റെ മകൻ നഹശോൻ; യിസ്സാഖാർ ഗോത്രത്തിൽ സൂവാരിന്റെ മകൻ നെഥനയേൽ; സെബൂലൂൻഗോത്രത്തിൽ ഹോലോന്റെ മകൻ എലീയാബ്; 10 യോസേഫിന്റെ മക്കളിൽ എഫ്രയീംഗോത്രത്തിൽ അമ്മീഹൂദിന്റെ മകൻ എലീശാമാ; മനശ്ശെഗോത്രത്തിൽ പെദാസൂരിന്റെ മകൻ ഗമലീയേൽ; 11 ബെന്യാമീൻ ഗോത്രത്തിൽ ഗിദെയോനിയുടെ മകൻ അബീദാൻ; 12 ദാൻഗോത്രത്തിൽ അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ; 13 ആശേർ ഗോത്രത്തിൽ ഒക്രാന്റെ മകൻ പഗീയേൽ; 14 ഗാദ്ഗോത്രത്തിൽ ദെയൂവേലിന്റെ മകൻ എലീയാസാഫ്; 15 നഫ്താലിഗോത്രത്തിൽ ഏനാന്റെ മകൻ അഹീര. 16 ഇവർ സംഘത്തിൽനിന്ന് വിളിക്കപ്പെട്ടവരും തങ്ങളുടെ പിതൃഗോത്രങ്ങളിൽ പ്രഭുക്കന്മാരും ആയിരുന്നു* പിതൃഗോത്രങ്ങളിൽ പ്രഭുക്കന്മാരും ആയിരുന്നു യിസ്രായേലിൽ സഹസ്രാധിപന്മാരും ഉണ്ടായിരുന്നു. 17 നാമനിർദ്ദേശം ചെയ്യപ്പെട്ട ഈ പുരുഷന്മാരെ മോശെയും അഹരോനും കൂട്ടിക്കൊണ്ടുപോയി. 18 രണ്ടാം മാസം ഒന്നാം തീയതി അവർ സർവ്വസഭയെയും വിളിച്ചുകൂട്ടി; അവർ ഗോത്രംഗോത്രമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപത് വയസ്സുമുതൽ മുകളിലേക്ക് പ്രായമുള്ള ഓരോരുത്തരുടേയും പേര് പട്ടികയിൽ ചേർത്ത് താന്താങ്ങളുടെ വംശവിവരം അറിയിക്കുകയും ചെയ്തു. 19 യഹോവ മോശെയോട് കല്പിച്ചതുപോലെ അവൻ സീനായിമരുഭൂമിയിൽവച്ച് അവരുടെ എണ്ണമെടുത്തു.
20 യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ മക്കളുടെ സന്തതികൾ കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ, മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും 21 പേരുപേരായി എണ്ണപ്പെട്ടവർ നാല്പത്താറായിരത്തി അഞ്ഞൂറ് പേർ.
22 ശിമെയോന്റെ മക്കളുടെ സന്തതികളിൽ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും 23 പേരുപേരായി എണ്ണപ്പെട്ടവർ അമ്പത്തൊമ്പതിനായിരത്തി മുന്നൂറ് പേർ.
24 ഗാദ് ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി 25 എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തി അറുനൂറ്റി അമ്പത് പേർ.
26 യെഹൂദാ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി 27 എണ്ണപ്പെട്ടവർ എഴുപത്തിനാലായിരത്തി അറുനൂറ് പേർ.
28 യിസ്സാഖാർ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മേലോട്ട് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി 29 എണ്ണപ്പെട്ടവർ അമ്പത്തിനാലായിരത്തി നാനൂറ് പേർ.
30 സെബൂലൂൻ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മേലോട്ട് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും 31 പേരുപേരായി എണ്ണപ്പെട്ടവർ അമ്പത്തേഴായിരത്തി നാനൂറ് പേർ.
32 യോസേഫിന്റെ മക്കളിൽ എഫ്രയീം ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും 33 പേരുപേരായി എണ്ണപ്പെട്ടവർ നാല്പതിനായിരത്തി അഞ്ഞൂറ് പേർ.
34 മനശ്ശെ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി 35 എണ്ണപ്പെട്ടവർ മുപ്പത്തീരായിരത്തിരുനൂറ് പേർ.
36 ബെന്യാമീൻ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി 37 എണ്ണപ്പെട്ടവർ മുപ്പത്തയ്യായിരത്തി നാനൂറ് പേർ.
38 ദാൻ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മേലോട്ട് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി 39 എണ്ണപ്പെട്ടവർ അറുപത്തീരായിരത്തി എഴുനൂറ് പേർ.
40 ആശേർ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി 41 എണ്ണപ്പെട്ടവർ നാല്പത്തോരായിരത്തി അഞ്ഞൂറ് പേർ.
42 നഫ്താലി ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മേലോട്ട് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി 43 എണ്ണപ്പെട്ടവർ അമ്പത്തിമൂവായിരത്തിനാനൂറ് പേർ.
44 മോശെയും അഹരോനും ഗോത്രത്തിന് ഒരാൾ വീതം യിസ്രായേൽപ്രഭുക്കന്മാരായ പന്ത്രണ്ട് പുരുഷന്മാരുംകൂടി എണ്ണമെടുത്തവർ ഇവർ തന്നേ. 45 യിസ്രായേൽ മക്കളിൽ ഗോത്രംഗോത്രമായി ഇരുപത് വയസ്സുമുതൽ മേലോട്ട് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരുമായി 46 എണ്ണപ്പെട്ടവർ ആകെ ആറുലക്ഷത്തി മൂവായിരത്തി അഞ്ഞൂറ്റി അമ്പത് പേർ ആയിരുന്നു.
47 ഇവരുടെ കൂട്ടത്തിൽ ലേവ്യരെ പിതൃഗോത്രമായി എണ്ണിയില്ല. 48 “ലേവിഗോത്രത്തെ മാത്രം എണ്ണരുത്; 49 യിസ്രായേൽ മക്കളുടെ ഇടയിൽ അവരുടെ സംഖ്യ എടുക്കുകയും അരുത്” എന്ന് യഹോവ മോശെയോട് കല്പിച്ചിരുന്നു. 50 ‘ലേവ്യരെ സാക്ഷ്യനിവാസത്തിനും അതിന്റെ ഉപകരണങ്ങൾക്കും വസ്തുക്കൾക്കും ഒക്കെ വിചാരകന്മാരായി നിയമിക്കണം; അവർ തിരുനിവാസവും അതിന്റെ ഉപകരണങ്ങളൊക്കെയും വഹിക്കണം; അവർ അതിന് ശുശ്രൂഷ ചെയ്യുകയും തിരുനിവാസത്തിന്റെ ചുറ്റും പാളയമടിച്ച് പാർക്കുകയും വേണം. 51 തിരുനിവാസം പുറപ്പെടുമ്പോൾ ലേവ്യർ അത് അഴിച്ചെടുക്കണം; തിരുനിവാസം അടിക്കുമ്പോൾ ലേവ്യർ അത് നിവിർത്തണം; ഒരന്യൻ അടുത്തുവന്നാൽ മരണശിക്ഷ അനുഭവിക്കണം. 52 യിസ്രായേൽ മക്കൾ ഗണംഗണമായി ഓരോരുത്തൻ അവരവരുടെ പാളയത്തിലും സ്വന്തം കൊടിക്കരികെയും ഇങ്ങനെ കൂടാരം അടിക്കണം. 53 എന്നാൽ യിസ്രായേൽ മക്കളുടെ സംഘത്തിന്മേൽ ക്രോധം ഉണ്ടാകാതിരിക്കേണ്ടതിന് ലേവ്യർ സാക്ഷ്യനിവാസത്തിന് ചുറ്റം പാളയമിറങ്ങണം; ലേവ്യർ സാക്ഷ്യനിവാസത്തിന്റെ കാര്യം നോക്കണം’ 54 എന്ന് യഹോവ മോശെയോട് കല്പിച്ചതുപോലെ എല്ലാം യിസ്രായേൽ മക്കൾ ചെയ്തു; അതുപോലെ തന്നെ അവർ ചെയ്തു.

*1. 16 പിതൃഗോത്രങ്ങളിൽ പ്രഭുക്കന്മാരും ആയിരുന്നു യിസ്രായേലിൽ സഹസ്രാധിപന്മാരും ഉണ്ടായിരുന്നു