MICAH
മീഖാ
അദ്ധ്യായം.1
1 യോഥാം, ആഹാസ്, യെഹിസ്കീയാവ് എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്ത് മോരസ്ത്യനായ മീഖയ്ക്കു ഉണ്ടായതും അവൻ ശമര്യയെയും യെരൂശലേമിനെയും കുറിച്ച് ദർശിച്ചതുമായ യഹോവയുടെ അരുളപ്പാട്. 2 സകലജാതികളുമായുള്ളവരേ, കേൾക്കുവിൻ; ഭൂമിയും അതിലുള്ള സകല നിവാസികളുമായുള്ളവരേ, ചെവിക്കൊള്ളുവിൻ; യഹോവയായ കർത്താവ്, തന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് കർത്താവു തന്നെ, നിങ്ങൾക്ക് വിരോധമായി സാക്ഷിയായിരിക്കട്ടെ. 3 യഹോവ തന്റെ സ്ഥലത്തു നിന്ന് പുറപ്പെട്ട് ഇറങ്ങി ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുന്നു. 4 തീയുടെ മുമ്പിൽ മെഴുകുപോലെയും മലഞ്ചരുവിൽ ചാടുന്ന വെള്ളംപോലെയും പർവ്വതങ്ങൾ അവന്റെ കീഴിൽ ഉരുകുകയും താഴ്വരകൾ പിളർന്നുപോകുകയും ചെയ്യുന്നു. 5 ഇതൊക്കെയും യാക്കോബിന്റെ അതിക്രമംനിമിത്തവും യിസ്രായേൽഗൃഹത്തിന്റെ പാപങ്ങൾനിമിത്തവുമാകുന്നു. യാക്കോബിന്റെ അതിക്രമം എന്ത്? ശമര്യയല്ലയോ? യെഹൂദയുടെ പൂജാഗിരികൾ ഏവ? 6 യെരൂശലേം അല്ലയോ? അതുകൊണ്ട് ഞാൻ ശമര്യയെ വയലിലെ കല്ക്കുന്നുപോലെയും, മുന്തിരിത്തോട്ടത്തിലെ നടുതലപോലെയും ആക്കും; ഞാൻ അതിന്റെ കല്ല് താഴ്വരയിലേക്ക് തള്ളിയിടുകയും അതിന്റെ അടിസ്ഥാനങ്ങളെ തുറക്കുമാറാക്കുകയും ചെയ്യും. 7 അതിലെ സകലവിഗ്രഹങ്ങളും തകർന്നുപോകും; അതിന്റെ സകലവേശ്യാസമ്മാനങ്ങളും തീ പിടിച്ചുവെന്തുപോകും; അതിലെ സകലബിംബങ്ങളെയും ഞാൻ ശൂന്യമാക്കും; വേശ്യാസമ്മാനംകൊണ്ടല്ലയോ അവൾ അത് സ്വരൂപിച്ചത്; അവ വീണ്ടും വേശ്യാസമ്മാനമായിത്തീരും. 8 അതുകൊണ്ട് ഞാൻ വിലപിച്ചു മുറയിടും; ഞാൻ ചെരുപ്പില്ലാത്തവനും നഗ്നനുമായി നടക്കും; ഞാൻ കുറുനരികളെപ്പോലെ വിലപിച്ച്, ഒട്ടകപ്പക്ഷികളെപ്പോലെ കരയും. 9 അവളുടെ മുറിവ് സുഖപ്പെടാത്തതല്ലയോ; അത് യെഹൂദയോളം വന്ന്, എന്റെ ജനത്തിന്റെ ഗോപുരമായ യെരൂശലേമിനോളം എത്തിയിരിക്കുന്നു. 10 അത് ഗത്തിൽ പ്രസ്താവിക്കരുത്; ഒട്ടും കരയരുത്; ബേത്ത്-അഫ്രയിൽ (പൊടിവീട്) ഞാൻ പൊടിയിൽ ഉരുണ്ടിരിക്കുന്നു. 11 ശാഫീർ (അലങ്കാര) നഗരനിവാസികളേ, ലജ്ജയും നഗ്നതയും പൂണ്ട് കടന്നുപോകുവിൻ; സയനാൻ (പുറപ്പാട്) നിവാസികൾ പുറപ്പെടുവാൻ തുനിയുന്നില്ല; ബേത്ത്-ഏസെലിന്റെ വിലാപം നിങ്ങൾക്ക് അവിടെ താമസിക്കുവാൻ മുടക്കമാകും. 12 യഹോവയുടെ പക്കൽനിന്ന് യെരൂശലേംഗോപുരത്തിങ്കൽ തിന്മ ഇറങ്ങിയിരിക്കുകയാൽ മാരോത്ത് (കൈപ്പ്) നിവാസികൾ നന്മയ്ക്കായി കാത്ത് വിങ്ങിപ്പൊട്ടുന്നു. 13 ലാക്കീശ് (ത്വരിത) നഗരനിവാസികളേ, കുതിരകളെ രഥത്തിനു കെട്ടുവിൻ; അവർ സീയോൻപുത്രിക്ക് പാപകാരണമായ്ത്തീർന്നു; യിസ്രായേലിന്റെ അതിക്രമങ്ങൾ നിന്നിൽ കണ്ടിരിക്കുന്നു. 14 അതുകൊണ്ട് നീ മോരേശെത്ത്-ഗത്തിന് ഉപേക്ഷണസമ്മാനം കൊടുക്കേണ്ടിവരും; ബേത്ത്-അക്സീബിലെ (വ്യാജഗൃഹം) വീടുകൾ യിസ്രായേൽരാജാക്കന്മാരെ നിരാശരാക്കും. 15 മാരേശാ (കൈവശം) നിവാസികളേ, കൈവശമാക്കുന്ന ഒരുവനെ ഞാൻ നിങ്ങളുടെ നേരെ വരുത്തും; യിസ്രായേലിന്റെ മഹത്തുക്കൾ അദുല്ലാം വരെ പോകേണ്ടിവരും. 16 നിന്റെ ഓമനക്കുഞ്ഞുങ്ങൾനിമിത്തം നിന്നെത്തന്നെ ക്ഷൗരംചെയ്ത് മൊട്ടയാക്കുക; കഴുകനെപ്പോലെ നിന്റെ കഷണ്ടിയെ വിസ്താരമാക്കുക; അവർ നിന്നെ വിട്ട് പ്രവാസത്തിലേക്ക് പോയല്ലോ.