വിലാപങ്ങൾ
ഗ്രന്ഥകര്‍ത്താവ്
വിലാപങ്ങളുടെ പുസ്തകത്തിന്‍റെ രചയിതാവ് പറ്റി വ്യക്തമായ അറിവില്ല. യഹൂദ ക്രൈസ്തവ പാരമ്പര്യം അനുസരിച്ച് യിരെമ്യാവിനെയാണ് എഴുത്തുകാരനായി അംഗീകരിച്ചിരിക്കുന്നത്. യെരുശലേമിന്റെ പതനത്തിനും അധിനിവേശത്തിനും നാശത്തിനും ദൃക്സാക്ഷിയായ വ്യക്തിയാണ് ഗ്രന്ഥകാരൻ ഈ സംഭവങ്ങള്‍ക്ക് യിരെമ്യാവു സാക്ഷിയായിരുന്നു. ദേവിക പ്രമാണങ്ങളെ ഉപേക്ഷിച്ച് ദൈവത്തോട് മറുതലിച്ചു യഹൂദജനം ബാബിലോന്യരെ അയച്ചു ദൈവം തന്റെ ജനത്തെ അച്ചടക്കത്തിലേക്ക് നടത്തുന്നു. കൊടിയ കഷ്ടതയെപ്പറ്റിയാണ് ഈ പുസ്തകം പറയുന്നതെങ്കിലും മൂന്നാമത്തെ അധ്യായം ഉടമ്പടിയുടെ പ്രത്യാശയായി പറ്റി പറയുന്നത് കാണാം. യിരെമ്യാവു ദൈവത്തിന്റെ നന്മകളെ സ്മരിക്കുന്നു. ഈ പുസ്തകം വായനക്കാർക്ക് ദൈവിക വിശ്വസ്തതയുടെ ഔന്നത്യത്തെയും ഒരിക്കലും നിലയ്ക്കാത്ത ദൈവ സ്നേഹത്തെ കുറിച്ചും അനുകമ്പയെ കുറിച്ചുമുള്ള വര്‍ണ്ണനകളോടെ അവസാനിപ്പിക്കുന്നു.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി, മു 586-584.
ബാബിലോന്യ ആക്രമണത്തിനു ശേഷം യെരുശലേം അഭിമുഖീകരിച്ച ദുരിതങ്ങളുടെ ദൃക്സാക്ഷി വിവരണമാണ് പ്രവാചകൻ നൽകുന്നത്.
സ്വീകര്‍ത്താവ്
പ്രവാസത്തിൽ നിന്നും മടങ്ങിവന്ന എബ്രായ ജനം, മറ്റു വായനക്കാർ.
ഉദ്ദേശം
പാപം വ്യക്തിപരം ആയിരുന്നാലും ദേശത്തിന്റെതായാലും പരിണിതഫലങ്ങൾ ഉള്ളതാണ്. അതിനായി സാഹചര്യങ്ങളെയും വ്യക്തികളെയും ദൈവം ഉപയോഗിക്കുന്നു പ്രവാസത്തിലൂടെ ഒരു ശേഷിപ്പിനെ നിലനിർത്തി അവരിലൂടെ തൻറെ പുത്രനായ യേശുക്രിസ്തുവിനെ ദൈവം ഈ ഭൂമിയിലേക്ക് അയക്കുന്നു. പാപംനിമിത്തം മരണം സംഭവിക്കുന്നു. എന്നാല്‍ ദൈവം തന്റെ നിത്യമായ രക്ഷാകര പദ്ധതികളാല്‍ മാനവരാശിക്ക് നിത്യരക്ഷ പ്രധാനം ചെയ്യുന്നു. മനുഷ്യന്റെ മത്സരവും പാപവും ദൈവത്തിൻറെ കോപത്തിന് കാരണമാകുന്നു എന്ന പാഠമാണ് വിലാപങ്ങളുടെ പുസ്തകം നൽകുന്നത്.
പ്രമേയം
വിലാപം
സംക്ഷേപം
1. യിരെമ്യാവ് യെരുശലേമിനു വേണ്ടി വിലപിക്കുന്നു — 1:1-22
2. പാപം ദൈവത്തെ ക്ഷണിച്ചുവരുത്തുന്നു — 2:1-22
3. ദൈവം ജനത്തെ ഒരിക്കലും കൈവിടുന്നില്ല — 3:1-66
4. യെരുശലേമിന്റെ മഹത്വം നഷ്ടപ്പെടുന്നു — 4:1-22
5. യിരെമ്യാവ് ജനത്തിനുവേണ്ടി മധ്യസ്ഥത ചെയ്യുന്നു — 5:1-22
1
അയ്യോ, ജനനിബിഡമായിരുന്ന നഗരം* നഗരം യരുശലേം ജനരഹിതമായതെങ്ങനെ?
ജനതകളിൽ ശ്രേഷ്ഠയായിരുന്നവൾ വിധവയെപ്പോലെ ആയതെങ്ങനെ?
സംസ്ഥാനങ്ങളുടെ റാണിയായിരുന്നവൾ അടിമയായിപ്പോയതെങ്ങനെ?
രാത്രിയിൽ അവൾ കരഞ്ഞുകൊണ്ടിരിക്കുന്നു; അവളുടെ കവിൾത്തടങ്ങളിൽ കണ്ണുനീർ കാണുന്നു;
അവളുടെ സകലപ്രിയന്മാരിലും അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല;
അവളുടെ സ്നേഹിതന്മാരൊക്കെയും ശത്രുക്കളായി അവൾക്ക് ദ്രോഹം ചെയ്തിരിക്കുന്നു.
കഷ്ടതയും കഠിനദാസ്യവും നിമിത്തം യെഹൂദാ പ്രവാസത്തിലേയ്ക്ക് പോകേണ്ടിവന്നു;
അവൾ ജാതികളുടെ ഇടയിൽ പാർക്കുന്നു; വിശ്രാമം കണ്ടെത്തുന്നതുമില്ല;
അവളെ പിന്തുടരുന്നവരൊക്കെയും ഞെരുക്കത്തിന്റെ മദ്ധ്യേ അവളെ എത്തിപ്പിടിക്കുന്നു.
ഉത്സവത്തിന് ആരും വരായ്കകൊണ്ട് സീയോനിലേയ്ക്കുള്ള വഴികൾ ദുഃഖിക്കുന്നു;
അവളുടെ വാതിലുകളൊക്കെയും ശൂന്യമായി. പുരോഹിതന്മാർ നെടുവീർപ്പിടുന്നു;
അവളുടെ കന്യകമാർ ഖേദിക്കുന്നു; അവൾക്കും വ്യസനം പിടിച്ചിരിക്കുന്നു. അവളുടെ അതിക്രമബാഹുല്യം നിമിത്തം യഹോവ അവൾക്ക് സങ്കടം വരുത്തിയതിനാൽ
അവളുടെ ശത്രുക്കൾക്ക് ആധിപത്യം ലഭിച്ചു, അവളുടെ ശത്രുക്കൾ ശുഭമായിരിക്കുന്നു;
അവളുടെ കുഞ്ഞുങ്ങൾ ശത്രുവിന്റെ മുമ്പിൽ പ്രവാസത്തിലേയ്ക്ക് പോകേണ്ടിവന്നു.
സീയോൻപുത്രിയുടെ മഹത്വമൊക്കെയും അവളെ വിട്ടുപോയി;
അവളുടെ പ്രഭുക്കന്മാർ പുൽമേട് കാണാത്ത മാനുകളെപ്പോലെ ആയി;
പിന്തുടരുന്നവന്റെ മുമ്പിൽ അവർ ശക്തിയില്ലാതെ നടക്കുന്നു.
കഷ്ടതയുടെയും അലച്ചിലിന്റെയും കാലത്ത് യെരൂശലേം പണ്ടത്തെ മനോഹരവസ്തുക്കളെയൊക്കെയും ഓർക്കുന്നു;
സഹായിക്കുവാൻ ആരുമില്ലാതെ അവളുടെ ജനം ശത്രുവിന്റെ കയ്യിൽ അകപ്പെട്ടപ്പോൾ,
ശത്രുക്കൾ അവളെ നോക്കി അവളുടെ നാശത്തിൽ പരിഹസിച്ചു.
യെരൂശലേം കഠിനപാപം ചെയ്തിരിക്കകൊണ്ട് മലിനയായിരിക്കുന്നു;
അവളെ ബഹുമാനിച്ചവരൊക്കെയും അവളുടെ നഗ്നത കണ്ട് അവളെ നിന്ദിക്കുന്നു;
അവളോ നെടുവീർപ്പിട്ട് കൊണ്ട് പിന്നോക്കം തിരിയുന്നു.
അവളുടെ മലിനത ഉടുപ്പിന്റെ വിളുമ്പിൽ കാണുന്നു; അവൾ ഭാവികാലം ഓർത്തില്ല;
അവൾ അതിശയമാംവണ്ണം വീണുപോയി; അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല;
“യഹോവേ, ശത്രു വമ്പ് പറയുന്നു; എന്റെ സങ്കടം നോക്കേണമേ”.
10 അവളുടെ സകലമനോഹരവസ്തുക്കളിന്മേലും ശത്രു കൈവെച്ചിരിക്കുന്നു;
അങ്ങയുടെ സഭയിൽ പ്രവേശിക്കരുതെന്ന് അങ്ങ് കല്പിച്ച ജനതകൾ
അവളുടെ വിശുദ്ധമന്ദിരത്തിൽ കടന്നത് അവൾ കണ്ടുവല്ലോ.
11 അവളുടെ സർവ്വജനവും നെടുവീർപ്പിട്ടുകൊണ്ട് ആഹാരം തേടുന്നു;
വിശപ്പടക്കുവാൻ ആഹാരത്തിന് വേണ്ടി അവർ തങ്ങളുടെ മനോഹര വസ്തുക്കളെ കൊടുക്കുന്നു;
“യഹോവേ, ഞാൻ നിന്ദിതയായിരിക്കുന്നത് കടാക്ഷിക്കേണമേ”.
12 “കടന്നുപോകുന്ന ഏവരുമായുള്ളോരേ, ഇത് നിങ്ങൾക്ക് ഏതുമില്ലയോ?
യഹോവ തന്റെ ഉഗ്രകോപദിവസത്തിൽ ദുഃഖിപ്പിച്ചിരിക്കുന്ന എനിക്ക്
അവിടുന്ന് വരുത്തിയ വ്യസനം പോലെ ഒരു വ്യസനം ഉണ്ടോ എന്ന് നോക്കുവിൻ!”
13 “ഉയരത്തിൽനിന്ന് അവിടുന്ന് എന്റെ അസ്ഥികളിൽ തീ അയച്ചിരിക്കുന്നു; അത് കടന്നുപിടിച്ചിരിക്കുന്നു;
എന്റെ കാലിന് അവിടുന്ന് വല വിരിച്ച്, എന്നെ മടക്കിക്കളഞ്ഞു;
അവിടുന്ന് എന്നെ ശൂന്യയും നിത്യരോഗിണിയും ആക്കിയിരിക്കുന്നു”.
14 “എന്റെ അതിക്രമങ്ങളുടെ നുകം അവിടുന്ന് സ്വന്തകയ്യാൽ യോജിപ്പിച്ചിരിക്കുന്നു;
അവ എന്റെ കഴുത്തിൽ അമർന്നിരിക്കുന്നു; അവിടുന്ന് എന്റെ ശക്തി ക്ഷയിപ്പിച്ചു;
എനിക്ക് എതിർത്തുനില്ക്കുവാൻ കഴിയാത്തവരുടെ കയ്യിൽ കർത്താവ് എന്നെ ഏല്പിച്ചിരിക്കുന്നു”.
15 “എന്റെ നടുവിലെ സകല ബലവാന്മാരെയും കർത്താവ് നിരസിച്ചുകളഞ്ഞു;
എന്റെ യൗവനക്കാരെ തകർത്തുകളയേണ്ടതിന് അവൻ എന്റെ നേരെ ഒരു ഉത്സവയോഗം വിളിച്ചുകൂട്ടി;
യെഹൂദാപുത്രിയായ കന്യകയെ കർത്താവ് ചക്കിൽ ഇട്ട് ചവിട്ടിക്കളഞ്ഞിരിക്കുന്നു”.
16 “ഇത് നിമിത്തം ഞാൻ കരയുന്നു; എന്റെ കണ്ണ് കണ്ണുനീരൊഴുക്കുന്നു;
എന്റെ പ്രാണനെ തണുപ്പിക്കേണ്ട ആശ്വാസപ്രദൻ എന്നോട് അകന്നിരിക്കുന്നു;
ശത്രു പ്രബലനായിരിക്കയാൽ എന്റെ മക്കൾ നശിച്ചിരിക്കുന്നു”.
17 സീയോൻ സഹായത്തിനായി കൈ നീട്ടുന്നു; അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല;
യഹോവ യാക്കോബിന് അവന്റെ ചുറ്റും വൈരികളെ കല്പിച്ചാക്കിയിരിക്കുന്നു;
യെരൂശലേം അവരുടെ ഇടയിൽ മലിനയായിരിക്കുന്നു.
18 “യഹോവ നീതിമാൻ; ഞാൻ അവിടുത്തെ കല്പനയോട് മത്സരിച്ചു;
സകല ജാതികളുമായുള്ളോരേ, കേൾക്കേണമേ, എന്റെ വ്യസനം കാണേണമേ;
എന്റെ കന്യകമാരും യൗവനക്കാരും പ്രവാസത്തിലേയ്ക്ക് പോയിരിക്കുന്നു”.
19 “ഞാൻ എന്റെ പ്രിയന്മാരെ വിളിച്ചു; അവരോ എന്നെ ചതിച്ചു;
എന്റെ പുരോഹിതന്മാരും മൂപ്പന്മാരും വിശപ്പടക്കേണ്ടതിന്
ആഹാരം തേടിനടക്കുമ്പോൾ നഗരത്തിൽവച്ച് പ്രാണനെ വിട്ടു”.
20 “യഹോവേ, നോക്കേണമേ; ഞാൻ വിഷമത്തിലായി, എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു;
ഞാൻ കഠിനമായി മത്സരിക്കകൊണ്ട് എന്റെ ഹൃദയം എന്റെ ഉള്ളിൽ അസ്വസ്ഥമായിരിക്കുന്നു;
പുറമേ വാൾ സന്തതിനാശം വരുത്തുന്നു; വീട്ടിലോ മരണം തന്നെ”.
21 “ഞാൻ നെടുവീർപ്പിടുന്നത് അവർ കേട്ടു; എന്നെ ആശ്വസിപ്പിപ്പാൻ ആരുമില്ല;
എന്റെ ശത്രുക്കളൊക്കെയും എന്റെ അനർത്ഥം കേട്ട്, അവിടുന്ന് അത് വരുത്തിയതുകൊണ്ട് സന്തോഷിക്കുന്നു;
അവിടുന്ന് കല്പിച്ച ദിവസം അങ്ങ് വരുത്തും; അന്ന് അവരും എന്നെപ്പോലെയാകും”.
22 “അവരുടെ ദുഷ്ടതയൊക്കെയും തിരുമുമ്പിൽ വരട്ടെ; എന്റെ സകല അതിക്രമങ്ങളും നിമിത്തം അങ്ങ് എന്നോട് ചെയ്തതുപോലെ അവരോടും ചെയ്യേണമേ;
എന്റെ നെടുവീർപ്പ് വളരെയല്ലോ; എന്റെ ഹൃദയം തളർന്നിരിക്കുന്നു”.

*1. 1 നഗരം യരുശലേം