എസ്രാ
1
പ്രവാസികൾ മടങ്ങിവരുന്നതിന് കോരെശ് സഹായിക്കുന്നു
1 പാർസിരാജാവായ കോരെശിന്റെ ഒന്നാംവർഷത്തിൽ, യിരെമ്യാവിലൂടെ സംസാരിച്ച യഹോവയുടെ വചനം നിറവേറുന്നതിനു, യഹോവ പാർസിരാജാവായ കോരെശിന്റെ മനസ്സുണർത്തി; അദ്ദേഹം തന്റെ രാജ്യംമുഴുവനും ഒരു വിളംബരം പുറപ്പെടുവിക്കുകയും അതു രേഖപ്പെടുത്തിവെക്കുകയും ചെയ്തത് ഇപ്രകാരമാണ്:
2 “പാർസിരാജാവായ കോരെശ് ഈ വിധം ആജ്ഞാപിക്കുന്നു:
“ ‘സ്വർഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളും എനിക്കു നൽകിയിരിക്കുന്നു. യെഹൂദ്യയിലെ ജെറുശലേമിൽ അവിടത്തേക്കുവേണ്ടി ഒരു ആലയം പണിയാൻ അവിടന്ന് എന്നെ നിയോഗിച്ചിരിക്കുന്നു. 3 അതിനാൽ നിങ്ങളിൽ യഹോവയുടെ ജനമായി ആരെങ്കിലുമുണ്ടെങ്കിൽ, അവർ യെഹൂദ്യയിലെ ജെറുശലേമിലേക്കു യാത്ര പുറപ്പെടട്ടെ. അവർ പോയി ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ആലയം പണിയട്ടെ; അവിടന്നാണല്ലോ ജെറുശലേമിലെ ദൈവം. അവരുടെ ദൈവം അവരോടുകൂടെ ഇരിക്കുമാറാകട്ടെ 4 യെഹൂദരിൽ അവശേഷിക്കുന്നവർക്ക് അവരുടെ അയൽവാസികൾ അവരുടെ നിലനിൽപ്പിന്റെ ചെലവിലേക്കായി ജെറുശലേമിലെ ദൈവാലയത്തിനുള്ള സ്വമേധായാഗങ്ങൾ നൽകുന്നതോടൊപ്പം അവർക്കും വെള്ളിയും സ്വർണവും മറ്റു സാധനങ്ങളും കന്നുകാലികളെയും സംഭാവനചെയ്യണം.’ ”
5 അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും കുടുംബത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും—ദൈവത്താൽ മനസ്സുണർത്തപ്പെട്ട എല്ലാവരും—ജെറുശലേമിലെ യഹോവയുടെ ആലയത്തിന്റെ പണിക്കുപോകാൻ ഒരുങ്ങി. 6 അവരുടെ ചുറ്റുപാടുമുണ്ടായിരുന്നവർ സ്വമേധായാഗങ്ങൾക്കു പുറമേ, വെള്ളികൊണ്ടുള്ള ഉപകരണങ്ങൾ, സ്വർണം, മറ്റു സാധനങ്ങൾ, കന്നുകാലികൾ, വിലപിടിപ്പുള്ള ദാനങ്ങൾ എന്നിവയും നൽകി സഹായിച്ചു.
7 നെബൂഖദ്നേസർ ജെറുശലേമിൽനിന്നു കൊണ്ടുവന്നു തന്റെ ദേവന്മാരുടെ ക്ഷേത്രത്തിൽ വെച്ചിരുന്ന യഹോവയുടെ ആലയത്തിലെ ഉപകരണങ്ങൾ കോരെശ്‌രാജാവ് പുറത്തെടുപ്പിച്ചു. 8 പാർസിരാജാവായ കോരെശ്, ഭണ്ഡാരസൂക്ഷിപ്പുകാരനായ മിത്രെദാത്ത് മുഖാന്തരം അവ എടുത്ത് യെഹൂദാ പ്രഭുവായ ശേശ്ബസ്സരിന് എണ്ണിക്കൊടുപ്പിച്ചു.
9 അവയുടെ എണ്ണം ഇപ്രകാരമായിരുന്നു:
സ്വർണത്താലം | 30 |
വെള്ളിത്താലം | 1,000 |
വെള്ളികൊണ്ടുള്ള ചട്ടി* ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല | 29 |
10 സ്വർണപ്പാത്രം | 30 |
മറ്റുതരം വെള്ളിപ്പാത്രം | 410 |
മറ്റ് ഉപകരണങ്ങൾ | 1,000. |
11 സ്വർണവും വെള്ളിയുംകൊണ്ടുള്ള ഉപകരണങ്ങൾ ആകെ 5,400 എണ്ണം ഉണ്ടായിരുന്നു.
പ്രവാസികൾ ബാബേലിൽനിന്ന് ജെറുശലേമിലേക്കു വന്നപ്പോൾ ഇവയെല്ലാം ശേശ്ബസ്സർ കൂടെ കൊണ്ടുവന്നിരുന്നു.